ഗുണകാംക്ഷയുടെ പ്രവാചകൻ

Wait 5 sec.

ഗുണകാംക്ഷക്ക് മഹത്തായ സ്ഥാനമാണ് തിരുനബി (സ്വ) നൽകിയത്. അത് വിശുദ്ധ ഇസ്്ലാമിന്റെ സത്തയും കാതലുമാണ്. ഉദ്ദേശ്യ ശുദ്ധിയോടെ മറ്റുള്ളവർക്ക് നന്മ ചെയ്യുക, സത്യസന്ധമായി പെരുമാറുക, പുണ്യകർമങ്ങളിൽ സഹായിക്കുക, തെറ്റായ കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. യഥാർഥ വിശ്വാസി, സമൂഹത്തോടും ജനങ്ങളോടും ഗുണകാംക്ഷ കാണിക്കുന്നവനായിരിക്കും. കാരണം, മതമെന്നാൽ പൊതുസമൂഹത്തിന്റെ ഗുണകാംക്ഷയാണെന്നാണ് മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത്.അപരന്റെ നന്മയും സന്തോഷവുമായിരിക്കണം മനുഷ്യ മനസ്സിലുണ്ടാകേണ്ടത്. അതില്ലാതെ വരുമ്പോഴാണ് വിദ്വേഷവും സ്വാർഥതയും സങ്കുചിത താത്പര്യങ്ങളും ഉടലെടുക്കുന്നത്. പ്രവാചകൻ (സ്വ) പറഞ്ഞു: “ദീൻ ഗുണകാംക്ഷയാകുന്നു. അപ്പോൾ അനുചരർ ചോദിച്ചു: ആരോട്? അവിടുന്ന് പറഞ്ഞു: അല്ലാഹുവിനോട്, അവന്റെ ഗ്രന്ഥത്തോട്, പ്രവാചകനോട്, മുസ്്ലിംകളുടെ നേതാക്കളോട്, അവരിലെ സാധാരണക്കാരോട്’ (മുസ്്ലിം). മതത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും വർണത്തിന്റെയും ജാതിയുടെയും വൈജാത്യങ്ങൾക്കപ്പുറം മനുഷ്യരാശിയോടുള്ള സ്നേഹവും ആർദ്രതയും കാരുണ്യവും മൃദുത്വവുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അതിനാൽ തന്നെ സങ്കുചിത ജാതി മത വർഗ വർണ ചിന്തകൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ അലിവും കനിവും അനുകമ്പയും വാത്സല്യവും കൃപയും ആത്മാവിന്റെ പ്രതിഛായയാക്കിയ ജീവിതമാണ് അവിടുന്ന് പകർന്നു നൽകിയത്.ഇടുങ്ങിയ ചിന്താഗതികൾക്കപ്പുറം സർവരോടും ഗുണകാംക്ഷയുണ്ടാകുമ്പോഴാണ് ഒരാളുടെ വിശ്വാസം പൂർണമാകുന്നത്. പ്രാരാബ്ധങ്ങളനുഭവിക്കുന്നവരെ സഹായിക്കുക, രോഗിയായാൽ സന്ദർശിക്കുക, മറ്റുള്ളവരുടെ സന്തോഷങ്ങളിലും സന്താപങ്ങളിലും പങ്കുചേരുക, അവരുടെ നന്മക്കായി പ്രവർത്തിക്കുക, അപരനെ പരിഹസിക്കാതിരിക്കുക, സ്നേഹത്തോടെയും സൗഹാർദത്തോടെയും വർത്തിക്കുക ഇതെല്ലാം ഗുണകാംക്ഷയുടെ അനുരണനങ്ങളാണ്.ഓരോ വ്യക്തിയും മറ്റുള്ളവരുടെ നന്മ മാത്രമാണ് ആഗ്രഹിക്കേണ്ടത്. തനിക്ക് ഇഷ്ടപ്പെടുന്നത് മറ്റുള്ളവർക്കു കൂടി ഇഷ്ടപ്പെടണം. സ്വന്തത്തിന് ഇഷ്ടപ്പെടുന്ന ഒരു കാര്യം തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ ഒരാളും പൂർണ സത്യവിശ്വാസി ആകില്ലെന്നാണ് പ്രവാചക പാഠം. അനസ് (റ) നിവേദനം- നബി (സ്വ) പറഞ്ഞു: “താനിഷ്ടപ്പെടുന്നത് തന്റെ സഹോദരന് കൂടി ഇഷ്ടമാകുന്നത് വരെ നിങ്ങളുടെ വിശ്വാസം പൂർണമാകില്ല’ (നസാഈ). ഖുർആൻ പറയുന്നത് കാണുക: “നിങ്ങൾ വിട്ടുവീഴ്ച സ്വീകരിക്കുക. നല്ലത് അനുശാസിക്കുക. അവിവേകികളിൽ നിന്ന് പിന്തിരിയുക’ (അഅ്‌റാഫ്: 199).വിശ്വാസത്തിന്റെ കാര്യത്തിൽ പോലും ബലാത്കാരം വേണ്ടതില്ല. “നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം’ (ഖുർആൻ: 109/6) എന്നതാണ് ഇസ്്ലാമിന്റെ സമീപനം. പിറന്ന മണ്ണായ മക്കാ ദേശം മുഹമ്മദ് നബി (സ്വ)യുടെ അധീനതയിൽ വന്ന ദിവസം എതിരാളികളെ മലർത്തിയടിക്കാൻ സുവർണാവസരം ലഭിച്ചിട്ടും അവിടുന്ന് പ്രഖ്യാപിച്ചതിങ്ങനെ: “യാതൊരുവിധ പ്രതികാരവുമില്ല, നിങ്ങളെല്ലാം സ്വതന്ത്രരാണ്’ (ബൈഹഖി).