ലോകം നോക്കിനില്‍ക്കെയാണ്ഈ വംശഹത്യ

Wait 5 sec.

ഇന്നലെ പുലര്‍ച്ചെ, ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള കരയുദ്ധം ആരംഭിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍ സേന. കൂറ്റന്‍ ടാങ്കുകള്‍ ഗസ്സയിലെ നിസ്സഹായരായ മനുഷ്യര്‍ക്ക് നേരെ നീങ്ങുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. 60ലേറെ പേര്‍ കരയാക്രമണം തുടങ്ങിയ ഉടനെ തന്നെ കൊല്ലപ്പെട്ടിരിക്കുന്നു. മൂന്ന് ലക്ഷത്തിലേറെ ഫലസ്തീനികള്‍ ഗസ്സയില്‍ നിന്ന് ജീവനും കൊണ്ട് ഓടിപ്പോകുകയാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പലായനം ചെയ്യുന്ന മനഷ്യര്‍ക്ക് നേരെ ഉന്മൂലന ലക്ഷ്യത്തോടെ ടാങ്കുകള്‍ നീങ്ങുന്നു. ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി എക്സില്‍ കുറിച്ചത്, ഗസ്സ കത്തിക്കൊണ്ടിരിക്കുന്നു, ഗസ്സ പൂര്‍ണമായും ഞങ്ങളുടെ അധീനതയിലാകാന്‍ പോകുന്നുവെന്നാണ്. ഹമാസ് ബന്ദികളെ പൂര്‍ണമായി വിട്ടുതന്നാലേ ആക്രമണം നിര്‍ത്തൂവെന്ന് പറയുന്ന നെതന്യാഹു സര്‍ക്കാര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ദോഹയില്‍ ബന്ദികളുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇസ്‌റാഈല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മര്യാദകളെയും വെല്ലുവിളിച്ച് ബോംബാക്രമണം നടത്തിയതെന്ന് ഓര്‍ക്കണം. ഇസ്‌റാഈല്‍ നടത്തുന്ന അന്താരാഷ്ട്ര ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലം നല്‍കുന്നത് യു എസ് സാമ്രാജ്യത്വവും അതിന്റെ ഇപ്പോഴത്തെ അധിനായകനായ ട്രംപുമാണ്.രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനു ശേഷവും ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ആണവാഗ്നിയില്‍ കൊന്നൊടുക്കി ലോകമേധാവിത്വത്തിലേക്ക് കടന്നുവന്ന അമേരിക്കയുടെ സംരക്ഷണയില്‍ പശ്ചിമേഷ്യയില്‍ വളര്‍ന്നുവന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്‌റാഈല്‍. ആണവായുധങ്ങളും പശ്ചിമേഷ്യയിലെ ഗുണ്ടാരാഷ്ട്രമായ ഇസ്‌റാഈലിനെയും കൈമുതലാക്കിക്കൊണ്ടാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ പശ്ചിമേഷ്യയിലെ എണ്ണവിഭവങ്ങള്‍ക്കും വാണിജ്യപാതകള്‍ക്കും മുകളില്‍ ആധിപത്യമുറപ്പിക്കാനുള്ള അധിനിവേശ തന്ത്രങ്ങള്‍ മെനഞ്ഞത്. അതായത് സാമ്രാജ്യത്വതാത്പര്യങ്ങളുടെ അജന്‍ഡയിലാണ് അറബ് വംശജരായ ഫലസ്തീനികളുടെ ജന്മഭൂമി അപഹരിച്ച് 1948ല്‍ തങ്ങളുടെ ഔട്ട്‌പോസ്റ്റായ ഇസ്‌റാഈല്‍ രാഷ്ട്രത്തിന് അമേരിക്കയും കൂട്ടാളികളും ജന്മം നല്‍കിയത്. ജൂത വംശീയവാദിയായ തിയോഡര്‍ ഹര്‍സന്‍ വിഭാവനം ചെയ്ത ജൂയിഷ്‌ സ്റ്റേറ്റായിരുന്നു ഇസ്‌റാഈല്‍. ആധുനിക ദേശരാഷ്ട്രങ്ങളെ സംബന്ധിച്ച എല്ലാ വീക്ഷണങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ് ജൂത വംശീയതയുടെ ഉന്മാദം പിടിപെട്ട സയണിസ്റ്റുകള്‍ ഫലസ്തീനികളെ അവരുടെ ജന്മഭൂമിയില്‍ നിന്ന് അടിച്ചോടിച്ച് ഇസ്‌റാഈല്‍ രാഷ്ട്രമുണ്ടാക്കിയത്. ബ്രിട്ടന്റെയും അമേരിക്കയുടെയും അരുമയായി രൂപംകൊണ്ട ഈ സയണിസ്റ്റ് രാഷ്ട്രം ലോകം കണ്ട ഏറ്റവും ഭീകരവാദിയായ ക്രിമിനല്‍ രാഷ്ട്രമാണ്. ഇസ്‌റാഈലിന്റെ ഗൂഢാലോചനാപരമായ നീക്കങ്ങളും രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ പശ്ചിമേഷ്യയെ രക്തപങ്കിലമാക്കുന്ന ആക്രമണ പരമ്പരകള്‍ക്ക് കാരണമായിരിക്കുന്നത്. ഇസ്‌റാഈലിന്റെ ഏകപക്ഷീയമായ കടന്നാക്രമണങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്ന സാമ്രാജ്യത്വ- സയണിസ്റ്റ് ലോബിയുടെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക താത്പര്യങ്ങളെയാണ് ഇവിടെ പരിശോധിച്ചുപോകുന്നത്.അമേരിക്കയുടെയും മറ്റിതര സാമ്രാജ്യത്വ ശക്തികളുടെയും ആസൂത്രണ തന്ത്രത്തിലാണ് ഇസ്‌റാഈല്‍ ഇറാനെതിരെ “ഓപറേഷന്‍ റൈസിംഗ് ലയണ്‍’ എന്ന് നാമകരണം ചെയ്ത ആക്രമണ പരമ്പരക്ക് തുടക്കം കുറിച്ചത്. ഇറാന്റെ ന്യൂക്ലിയര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇസ്‌റാഈല്‍ ബോംബിംഗ് ആരംഭിച്ചത്. അത് പശ്ചിമേഷ്യയെ ആകെ യുദ്ധക്കളമാക്കാനുള്ള സയണിസ്റ്റ് ഭീകരരാഷ്ട്രത്തിന്റെ നീക്കമായിരുന്നു. അതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ പ്രഖ്യാപനത്തിന് പിറകെ ഇറാന്‍ ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍അവീവില്‍ മിസൈലുകള്‍ തൊടുത്തുവിട്ടു. ഇറാന്റെ ആക്രമണ വേളയില്‍ തന്നെ യമനില്‍ നിന്നും ഇസ്‌റാഈലിനു നേരെ മിസൈല്‍ ആക്രമണങ്ങളിലൂടെ തിരിച്ചടി കിട്ടി. പശ്ചിമേഷ്യയെ രക്തപങ്കിലമാക്കാനാണ് യു എസ് ഇംഗിതമനുസരിച്ച് നെതന്യാഹു ഭരണകൂടം ഇറാനെ ആക്രമിച്ചത്.ഇസ്‌റാഈല്‍ ഏകപക്ഷീയമായി ആരംഭിച്ച കടന്നാക്രമണത്തിന് ഇറാന്‍ കടുത്ത തിരിച്ചടി നല്‍കിയതോടെ പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ധാരണ പരന്നു. ഈ മേഖലയിലാകെ യുദ്ധഭീതി പരത്തുകയാണ് സയണിസ്റ്റുകള്‍ ചെയ്തത്. ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും കൂടി ഫലസ്തീനികളില്‍ നിന്ന് പിടിച്ചെടുത്ത് ഫലസ്തീന്‍ പ്രദേശമാകെ ഇസ്‌റാഈലിന്റേതാക്കി മാറ്റുന്നതിന് തടസ്സം ഇറാനും സിറിയയും ലബനാനുമൊക്കെ അടങ്ങുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ്.യുദ്ധവെറിയുടെയും വംശീയ ഉന്മാദത്തിന്റെയും ഭീകരവാദ പ്രത്യയശാസ്ത്രമാണ് ഇസ്‌റാഈലിനെ നയിക്കുന്ന സയണിസം. അറബ് വംശജരെയും രാഷ്ട്രങ്ങളെയും ലക്ഷ്യംവെച്ച് കഴിഞ്ഞ എത്രയോ ദശകങ്ങളായി ഇസ്‌റാഈല്‍ സേനയും മൊസാദ് ഉള്‍പ്പെടെയുള്ള അവരുടെ രഹസ്യാന്വേഷണ വിഭാഗങ്ങളും ആക്രണമങ്ങളും ഗൂഢാലോചനപരമായ നീക്കങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.ലോക രാഷ്ട്രങ്ങളുടെ ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോഴും ഏറ്റവും ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഗസ്സയില്‍ നിന്ന് മുഴുവന്‍ മനുഷ്യരെയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ജൂതരാഷ്ട്രവും ബെഞ്ചമിന്‍ നെതന്യാഹുവും. ഗസ്സയില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ദാരുണമാണ്. കരയാക്രമണം ഭയന്ന് മനുഷ്യരൊന്നാകെ പലായന വഴിയിലേക്ക് പോയിരിക്കുന്നു. മൂവായിരത്തോളം ഹമാസ് പോരാളികള്‍ ഗസ്സയില്‍ പലയിടങ്ങളിലായി ഒളിച്ചു താമസിക്കുന്നുണ്ടെന്ന വാദമുയര്‍ത്തിയാണ് കരയാക്രമണത്തിന് ഇസ്‌റാഈല്‍ തുടക്കം കുറിച്ചിരിക്കുന്നത്. ആകാശത്ത് നിന്നും കരയില്‍ നിന്നും കടലില്‍ നിന്നും ആക്രമണം ശക്തമായിട്ടുണ്ടെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സാക്ഷ്യം വഹിച്ച ഏറ്റവും ക്രൂരമായ ആക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഗസ്സയിലെ മനുഷ്യര്‍ തന്നെ വിളിച്ചുപറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആക്രമണമുണ്ടാകുമെന്നും സൈനികരുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.വംശീയ ഉന്മൂലനത്തിന്റെ ദൃശ്യങ്ങള്‍ ലോകമനസ്സാക്ഷിയെ കണ്ണീരിലാഴ്ത്തുന്നുണ്ട്. പ്രതികരിക്കേണ്ട ഐക്യരാഷ്ട്ര സഭ കാര്യമായ പ്രതികരണങ്ങള്‍ക്കൊന്നും ശേഷിയില്ലാത്ത അവസ്ഥയിലാണ്. ഗസ്സ എന്നൊരു ദേശം ചരിത്രത്തില്‍ നിന്നും മായ്ച്ചുകളയാന്‍, ഫലസ്തീനികളെ ഒന്നാകെ വംശഹത്യ ചെയ്യാന്‍ തെമ്മാടി രാഷ്ട്രം ഒരുമ്പെട്ടിറങ്ങുമ്പോള്‍ ലോക രാഷ്ട്രങ്ങളെല്ലാം അത് കണ്ട് കൊണ്ടിരിക്കുന്നു. ഫലസ്തീനികള്‍ ഇനി ആരിലാണ് പ്രതീക്ഷയര്‍പ്പിക്കേണ്ടത്?