ഇസ്റാഈലിനെ തള്ളിപ്പറഞ്ഞ് രാജ്യങ്ങൾ

Wait 5 sec.

ജനീവ | ഗസ്സാ നഗരം പിടിച്ചെടുക്കുന്നതിനായി ഇസ്റാഈൽ നടത്തുന്ന നരനായാട്ടിനിടെ ഗസ്സയിലേത് വംശഹത്യ തന്നെയെന്ന് ഉറപ്പിച്ച് യു എൻ അന്വേഷണ സംഘം നിലപാടെടുത്തതോടെ വീണ്ടും ഇസ്റാഈലിന്റെ കിരാത മുഖം അനാവരണം ചെയ്യപ്പെടുകയാണ്. ഒരു ജനതയെ ക്രൂരമായി ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റുന്ന ഇസ്റാഈൽ നടപടിക്കെതിരെ ലോക രാജ്യങ്ങളും രംഗത്തെത്തി.2023 ഒക്ടോബർ മുതൽ ഇസ്റാഈൽ ഗസ്സയിൽ ആരംഭിച്ച കണ്ണിൽ ചോരയില്ലാത്ത ആക്രമണത്തിലൂടെ 1948 ലെ വംശഹത്യ കൺവെൻഷൻ പ്രകാരം നിർവചിച്ചിരിക്കുന്ന അഞ്ച് വംശഹത്യാ കുറ്റങ്ങളിൽ നാലെണ്ണം ചെയ്തതായി യു എൻ അന്വേഷണ കമ്മീഷൻ റിപോർട്ടിൽ പറയുന്നു. ഇത് ആഗോള തലത്തിൽ ഇസ്റാഈലിന് വൻ തിരിച്ചടിയാകും. റിപോർട്ട് പുറത്തുവന്നതോടെ ലോകരാജ്യങ്ങളിൽ നിന്ന് കൂടുതൽ ഉപരോധങ്ങളും ഒറ്റപ്പെടലും ഇസ്റാഈലിന് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ. റുവാണ്ടയിലെ വംശഹത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ പ്രസിഡന്റായിരുന്ന ദക്ഷിണാഫ്രിക്കൻ മുൻ യു എൻ മനുഷ്യാവകാശ മേധാവി നവി പിള്ളയാണ് മൂന്നംഗ വിദഗ്‌ധ സമിതിയുടെ അധ്യക്ഷൻ. ആസത്രേലിയൻ മനുഷ്യാവകാശ അഭിഭാഷകനായ ക്രിസ് സിഡോട്ടിയും ഭവന, ഭൂമി അവകാശങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ വിദഗ്‌ധനായ മിലൂൺ കോത്താരിയുമാണ് മറ്റ് രണ്ട് അംഗങ്ങൾ. ഗസ്സയിലെ വംശഹത്യക്ക് ഇസ്റാഈലാണ് ഉത്തരവാദിയെന്ന് ജനീവയിൽ നടന്ന വാർത്താസമ്മേളനത്തിൽ നവി പിള്ള പറഞ്ഞു.ഫലസ്തീനികളെ പൂർണമായോ ഭാഗികമായോ ഇല്ലാതാക്കുക എന്നതാണ് ഇസ്റാഈലിന്റെ ഉദ്ദേശ്യമെന്ന് റിപോർട്ടിൽ വ്യക്തമാക്കുന്നു. കൊലപാതകം, ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ഉപദ്രവം ഉണ്ടാക്കൽ, ഫലസ്തീനികൾക്ക് അതിജീവനത്തിനാവശ്യമായ സാഹചര്യങ്ങൾ മനപ്പൂർവം ഇല്ലാതാക്കൽ, ജനനം തടയാൻ ലക്ഷ്യമിട്ടുള്ള നടപടികൾ സ്വീകരിക്കൽ എന്നിവയാണ് ഇസ്റാഈൽ ചെയ്ത വംശഹത്യാ കുറ്റങ്ങൾ.ഈ ക്രൂര കുറ്റകൃത്യങ്ങൾക്ക് ഉന്നത അധികാരം വഹിക്കുന്ന ഇസ്റാഈൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് നവി പിള്ള ആരോപിച്ചു.ഫലസ്തീൻ ജനതയെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് വർഷമായി അവർ വംശഹത്യ ആസൂത്രണം ചെയ്തുവെന്നും റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വംശഹത്യാ കുറ്റകൃത്യങ്ങൾ ചെയ്തവരെ അന്വേഷിക്കാനോ വിചാരണ ചെയ്യാനോ ഇസ്റാഈൽ അധികാരികൾ ശ്രമിച്ചിട്ടില്ലെന്നും കമ്മീഷൻ പറയുന്നു.ഇതിനിടെ പല രാജ്യങ്ങളും ഇസ്റാഈലിനെതിരായ ഉപരോധങ്ങൾ കടുപ്പിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തി. സ്‌പെയിൻ, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ ഇസ്റാഈലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തിവെച്ചു. അറബ് രാജ്യങ്ങളും വിഷയത്തിൽ ഒറ്റക്കെട്ടായി നീങ്ങുമെന്ന് സൂചന നൽകിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ ദോഹയിൽ യോഗം ചേർന്ന് ഇസ്റാഈലുമായി ബന്ധം പുലർത്തുന്ന രാജ്യങ്ങൾ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. യു എൻ റിപോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സമ്മർദം കൂടുതൽ ശക്തമാകും.അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ സി സി) ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യു എൻ റിപോർട്ട് വരുന്നത്. അറസ്റ്റ് വാറണ്ട് നെതന്യാഹുവിന് ലോകത്ത് യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചു. മുൻ ഇസ്റാഈൽ പ്രധാനമന്ത്രിമാർ ഉൾപ്പെടെ, നെതന്യാഹുവിന്റെ നയങ്ങൾ ഇസ്റാഈലിനെ ഒരു അന്താരാഷ്ട്ര നിഷ്ഠൂര രാഷ്ട്രം ആക്കി മാറ്റിയെന്ന് പരസ്യമായി ആരോപിച്ചിട്ടുണ്ട്. കായിക, സാംസ്‌കാരിക ബഹിഷ്‌കരണങ്ങളും ഇസ്റാഈൽ നേരിടുന്നുണ്ട്. എന്നാൽ അമേരിക്ക ഇപ്പോഴും ഇസ്റാഈലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയുടെ ഇസ്റാഈൽ സന്ദർശനം ഇത് ശരിവെക്കുന്നതാണ്. യു എൻ റിപോർട്ട് ഇസ്റാഈലിനെതിരെ ഉയർന്നുവന്ന വംശഹത്യാ ആരോപണങ്ങൾക്ക് കൂടുതൽ വിശ്വാസ്യത നൽകിയിരിക്കുകയാണ്. 2023 ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്റാഈൽ ആരംഭിച്ച വംശഹത്യയിൽ നിരവധി പേർ കൊല്ലപ്പെട്ടു. അതേസമയം, റിപോർട്ടിനെ തള്ളിക്കളഞ്ഞ ഇസ്റാഈൽ ഇത് വികലവും വ്യാജവുമാണെന്ന് ആരോപിച്ചു.കമ്മീഷനിലെ മൂന്ന് വിദഗ്ധരും ഹമാസ് അനുകൂലികളാണെന്നും മറ്റുള്ളവർ തള്ളിക്കളഞ്ഞ ഹമാസിന്റെ വ്യാജ ആരോപണങ്ങളാണ് കമ്മീഷൻ ഉന്നയിക്കുന്നതെന്നും ഇസ്റാഈൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.