തിരുവനന്തപുരം | തൃശൂര്‍ ജില്ലയിലെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അതിക്രൂരമായി മര്‍ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ടി ജെ സനീഷ് കുമാര്‍ ജോസഫ്, എകെഎം അഷ്റഫ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹസമരം നടത്തുന്നത്.യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം. അതേ സമയം വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഉയര്‍ന്നുവന്ന പോലീസ് അതിക്രമ പരാതികള്‍ ഇന്നും സഭയില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ചോദ്യോത്തര വേളയില്‍ ഉള്‍പ്പെടെ ഇന്നും വിഷയം ആവര്‍ത്തിക്കാനാണ് തീരുമാനം. വിഷയം ഇന്നലെ നിയമസഭ ചര്‍ച്ചക്കെടുത്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിന്ന് പുറത്തു കടക്കാനും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുമാണ് പോലീസ് അതിക്രമങ്ങള്‍ നിരന്തരം ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നത്.