ഖാലിദ് ബിൻ സുൽത്താൻ സിറ്റി ഒന്നാം ഘട്ടം പദ്ധതി പ്രഖ്യാപിച്ചു

Wait 5 sec.

ഷാർജ|ഷാർജയിലെ ഖാലിദ് ബിൻ സുൽത്താൻ സിറ്റിയുടെ ഒന്നാം ഘട്ടം പദ്ധതിക്ക് തുടക്കമായതായി ബീഅ പ്രഖ്യാപിച്ചു. കാലാവസ്ഥാ-സ്മാർട്ട്, സുസ്ഥിര നഗരമെന്ന നിലയിൽ രൂപകൽപ്പന ചെയ്ത ഈ പദ്ധതി ഇത്തരത്തിലുള്ള കൺസെപ്റ്റ് മാസ്റ്റർപ്ലാൻ അവതരിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ കമ്മ്യൂണിറ്റി ആയിരിക്കും. ബീഅ ആസ്ഥാനത്തിന്റെ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ള ഈ നഗരം, സുസ്ഥിരതയിലും നവീകരണത്തിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വില്ലകളും ടൗൺഹൗസുകളും അവതരിപ്പിക്കും. സാങ്കേതികവിദ്യകളും കാലാവസ്ഥയ്ക്ക് അനുയോജ്യമായ രൂപകൽപ്പനകളും ഉപയോഗിച്ചാണ് വീടുകൾ നിർമിക്കുന്നത്.ഈ പദ്ധതിയുടെ മാസ്റ്റർ ഏജന്റായി സാവിൽസിനെ നിയമിച്ചിട്ടുണ്ട്. റോദത്ത് അൽ സിദ്ർ ജില്ലയിലാണ് ഖാലിദ് ബിൻ സുൽത്താൻ സിറ്റി സ്ഥിതി ചെയ്യുന്നത്. നടപ്പാതകളും ഹരിത ഇടങ്ങളും ഉൾപ്പെടെ കാൽനടയാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന രീതിയിലാണ് നഗരം രൂപകൽപ്പന ചെയ്യുന്നത്. വസതികൾ, ഓഫിസ് സ്ഥലങ്ങൾ, ഷോപ്പിംഗ് മാൾ, പള്ളി, സാംസ്‌കാരിക കേന്ദ്രം എന്നിവയും നിർമിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ വില്ലകളും ടൗൺഹൗസുകളും മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. സുസ്ഥിരമായ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിനുള്ള യാത്രയിലെ അടുത്ത ഘട്ടമാണ് ഖാലിദ് ബിൻ സുൽത്താൻ സിറ്റിയെന്ന് ബീഅ ഗ്രൂപ്പ് സി ഇ ഒയും വൈസ് ചെയർമാനുമായ ഖാലിദ് അൽ ഹുറൈമെൽ പറഞ്ഞു.