സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം പങ്കുവെച്ച് നടൻ ആസിഫ് അലി. യഥാർത്ഥ ജീവിതവുമായി ബന്ധമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതാണ് എളുപ്പം. സൂപ്പർഹ്യൂമൻ ക്യാരക്ടറുകൾ ചെയ്യാൻ മടിയുണ്ടെങ്കിലും അവയും ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട് എന്നും ആസിഫ് അലി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ആസിഫ് അലിയുടെ വാക്കുകൾ:ഞാൻ തിയറ്ററിൽ പോയി സിനിമ കണ്ടു തുടങ്ങുന്ന കാലത്തു സ്‌ക്രീനിൽ കാണുന്നവരോട് തോന്നുന്ന ഒരു ആരാധനയാണ് എന്നെ സിനിമയിലേക്ക് അടുപ്പിച്ചത്. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി സംസാരിച്ച നടൻ കുഞ്ചാക്കോ ബോബൻ ആണ്. ഒരിക്കൽ ഞാൻ എറണാകുളത്ത് ഉള്ളൊരു ടെക്സ്റ്റ്ടൈൽസിൽ എന്റെ കസിന്റെ കല്യാണത്തിന് വസ്ത്രമെടുക്കാൻ പോയ സമയത്ത് പെട്ടന്ന് തിരിഞ്ഞു നോക്കുമ്പോൾ ചാക്കോച്ചൻ പ്രിയ ചേച്ചിയുടെ കൈ പിടിച്ചു വരുന്നത് കണ്ടു. ചാക്കോച്ചന്റെ കല്യാണം കഴിഞ്ഞു വരുന്ന സമയമായിരുന്നു അത്. ഞാൻ സംസാരിക്കാൻ എത്തുന്നതിനു മുന്നേ തന്നെ ഒരു കൂട്ടം ആളുകൾ ചാക്കോച്ചനെ വളഞ്ഞു നിൽക്കുകയായിരുന്നു. അന്നൊക്കെ മമ്മൂക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ഉള്ള നടനാണ് ചാക്കോച്ചൻ. അപ്പോൾ അതെല്ലാം കണ്ടിട്ടാണ് ഞാൻ സിനിമയിലേക്ക് കയറുന്നത്. ചാക്കോച്ചന്റെ ടി ഷിർട്ടുകൾ മുതൽ ചാക്കോച്ചൻ ഉപയോഗിച്ച ബൈക്കുകൾക്ക് വരെ ആ ഒരു സ്റ്റൈൽ ഉണ്ട്. അങ്ങനെയുള്ള കുറെ കാര്യങ്ങളാണ് എന്നെ ആദ്യം സിനിമയിലേക്ക് അടുപ്പിച്ചത്. അത് കഴിഞ്ഞു ഞാൻ സിനിമ ചെയ്തു തുടങ്ങിയപ്പോഴാണ് ഇതൊന്നും അല്ലാത്ത മറ്റു പല ഘടകങ്ങളും സിനിമയിലുണ്ടെന്ന യാഥാർഥ്യം തിരിച്ചറിയുന്നത്.യഥാർത്ഥ ജീവിതത്തോട് ചേരാത്ത ഒരു സൂപ്പർഹ്യൂമൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ എനിക്ക് ഒരു മടിയുണ്ട്. ആളുകൾക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ അല്ലെങ്കിൽ ഞാൻ കണ്ടിട്ടുള്ള ആളുകളെ കഥാപാത്രങ്ങളായി ചെയ്യാൻ കഴിയുക എന്നതായിരുന്നു എളുപ്പം. എങ്കിലും എനിക്ക് അത്തരം സിനിമകളും ചെയ്യണം എന്നുണ്ട്. ബി ടെക് ചെയ്തിരുന്ന സമയത്ത് എന്റെ ബിൽഡ് അപ്പ് ഷോട്ട് എടുക്കുമ്പോൾ എനിക്ക് വലിയ ചമ്മൽ ആയിരുന്നു. പക്ഷെ ഒരു ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമേ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയൂ. നമ്മൾ പലപ്പോഴും തമിഴ് സിനിമകളിലെ ഫൈറ്റിനെ കളിയാക്കാറുണ്ട്. പക്ഷെ അത് വിശ്വസനീയമായ രീതിയിൽ ചെയ്യാൻ കഴിയുക എന്നതിലാണ് കാര്യം. അപ്പോൾ മടിയുണ്ടെങ്കിലും അത്തരം കഥാപാത്രങ്ങളും ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.