ലണ്ടന്‍ | ഗസയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ ഫലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് നീക്കം.ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി യുകെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ പ്രസ്താവനയില്‍ അറിയിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ വേണ്ട ശ്രമങ്ങള്‍ തുടരുമെന്നും സ്റ്റാര്‍മര്‍ അറിയിച്ചു.ഫലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതായി കാനഡയും വ്യക്തമാക്കി. ഈ നിലപാട് കൈക്കൊള്ളുന്ന ആദ്യ ജി 7 സഖ്യത്തില്‍പ്പെട്ട രാജ്യമാണ് കാനഡ. പിന്നാലെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഫലസ്തീനെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.ദ്വിരാഷ്ട്രമെന്ന അന്താരാഷ്ട്ര ആശയത്തിന്റെ ഭാഗമാണ് തങ്ങളുടെ പിന്തുണയെന്നും വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍ ആന്റണി അല്‍ബനീസ് അറിയിച്ചു. ഗസയില്‍ ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാകുന്നതിനും ബന്ദികളുടെ മോചനം എന്നിവ ഉള്‍പ്പെട്ട സമാധാന ശ്രമങ്ങള്‍ ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്നും ഉണ്ടാകും. അതേ സമയം ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാവി ഭരണത്തില്‍ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും ഓസ്ട്രേലിയന്‍ നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഫലസ്തീന്‍ വിഷയം പരിഗണിക്കാനിരിക്കെ യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ നിലപാട് പ്രധാനമാകും. 140-ലധികം രാജ്യങ്ങള്‍ നിലവില്‍ ഫലസ്തീന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.