കോഴിക്കോട് കാരശ്ശേരിയിൽ കെട്ടിട നവീകരണ ഉദ്ഘാടനം നാട്ടുകാർ തടഞ്ഞു. പ്രസിഡന്റിനെയും മെമ്പർമാരെയും നാട്ടുകാർ മടക്കി അയച്ചു. കാരശ്ശേരി എള്ളങ്ങൾ കോളനിയിലെ എസ്‌ഇ കലാകേന്ദ്രം ഉദ്ഘാടനം ആണ് തടഞ്ഞത്. പഴയ കെട്ടിടത്തിന് ചുറ്റുമതിൽ മാത്രം നിർമ്മിച്ച് ഉദ്ഘാടനം നടത്താൻ ശ്രമിച്ചെന്നാണ് നാട്ടുകാരുടെ പരാതി. പുതിയ ശിലാഫലം നാട്ടുകാർ പൊളിച്ച് നീക്കി. പ്രസിഡന്റ് സുനിത രാജനെയാണ് നാട്ടുകാർ തടഞ്ഞത്.ഇന്ന് വൈകുന്നേരമായിരുന്നു എസ്‌ഇ കലാകേന്ദ്രം ഉദ്ഘാടനം ചെയ്യാനായി പ്രസിഡന്റും മെമ്പർമാരും എത്തിയത്. വൈകിട്ട് അഞ്ചു മണിക്കായിരുന്നു ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. ഈ സമയത്തായിരുന്നു നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. പഴയ കെട്ടിടത്തിന് ചുറ്റുമതിൽ കെട്ടി പെയിന്റ് മാത്രം അടിച്ച് നവീകരിച്ചെന്ന് പറയാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ പ്രസിഡന്റിനെയും മെമ്പർമാരെയും തടഞ്ഞത്.എല്ലാ നിർമാണവും പൂർത്തീകരിച്ച ശേഷം ഉദ്ഘാടനം ചെയ്താൽ മതിയെന്നാണ് നാട്ടുകാർ പറയുന്നത്. തട്ടിക്കൂട്ട് ഉദ്ഘാടനമാണ് നടക്കുന്നതെന്നും അതിന് സമ്മതിക്കില്ലെന്നും നാട്ടുകാർ നിലപാടെടുത്തു. നാട്ടുകാർ പ്രതിഷേധവുമായെത്തിയതോടെ ഉദ്ഘാടനം ചെയ്യാതെ ജനപ്രതിനിധികൾ മടങ്ങിപ്പോവുകയായിരുന്നു.