‘പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ മൗനം പാലിച്ചു’; നദ്‌വിക്കെതിരായ ആരോപണത്തിൽ ലീഗിനെതിരെ കുറ്റപ്പെടുത്തല്‍

Wait 5 sec.

കോഴിക്കോട്: സമസ്ത മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്‌വിക്കെതിരായ സിപിഐഎം ആരോപണങ്ങളില്‍ മുസ്ലിം ലീഗ് മൗനം പാലിച്ചുവെന്ന് വിമര്‍ശനം. പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ മൗനം പാലിച്ചുവെന്ന് നദ്‌വിയെ പിന്തുണച്ച് മലപ്പുറത്ത് നടന്ന യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.‘ചെയ്യാത്ത തെറ്റ് ഉസ്താദ് ചെയ്തുവെന്ന് ഇസ്ലാം വിമര്‍ശകര്‍ പ്രചരിപ്പിച്ചു. വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ട സമസ്തയുടെ ഉന്നതസ്ഥാനീയരോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ എന്ത് പറഞ്ഞുവെന്ന് നിങ്ങള്‍ കേട്ടതാണ്. അത് സമസ്തയുടെ നയമല്ലെന്ന് പറഞ്ഞത് ചില്ലറക്കാരല്ല. ഞങ്ങള്‍ക്കതില്‍ വിഷമമുണ്ട്. നിങ്ങള്‍ പറഞ്ഞതുപോലെ ആ മനുഷ്യന്‍ പറഞ്ഞിട്ടില്ലെന്നും പിന്നെയെന്തിനാണ് നിങ്ങള്‍ ബേജാര്‍ ആവുന്നതെന്നും പറഞ്ഞാല്‍ മതിയായിരുന്നു’, എന്നാണ് നദ്‌വി അനുയായികളുടെ വിമര്‍ശനം. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉണ്ടായി.ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് ബഹാഉദ്ദീന്‍ നദ്‌വി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു സിപിഐഎമ്മിനെ വിമര്‍ശനം. ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുന്നവര്‍ക്ക് വൈഫ് ഇന്‍ചാര്‍ജുകളായി വേറെ ആളുകളുണ്ടാവും എന്നായിരുന്നു നദ്‌വി പറഞ്ഞത്. നമ്മുടെ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എല്ലാം ഒരു ഭാര്യയാണ് ഉണ്ടാവുക. വൈഫ് ഇന്‍ ചാര്‍ജുമാര്‍ വേറെയുണ്ടാകും എന്നും നദ്‌വി പറഞ്ഞിരുന്നു. സ്ത്രീയുടെ വിവാഹ പ്രായത്തെ പരാമര്‍ശിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഇഎംഎസിന്റെ മാതാവിനെ ആയിരുന്നു നദ്വി പരാമര്‍ശിച്ചത്. ‘കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തൊക്കെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. 11 വയസ്സുള്ളപ്പോഴായിരുന്നു ഇഎംഎസിന്റെ അമ്മയുടെ വിവാഹം. ഇത് 20-ാം നൂറ്റാണ്ടിലെ സംഭവമാണ് എന്നും ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞിരുന്നു. എന്നാല്‍ നദ്‌വി പറഞ്ഞത് സമസ്തയുടെ നിലപാടല്ലെന്ന് സമസ്തയ്ക്ക് അങ്ങനെയൊരു നിലപാടില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു.ഇതിന് പിന്നാലെയായിരുന്നു ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ ലൈംഗികാരോപണങ്ങുണ്ടെന്ന് സിപിഐഎം ആരോപിച്ചത്. കാക്കനാടന്‍ എഴുതിയ ‘കുടജാദ്രിയിലെ സംഗീത’മെന്ന പൂര്‍ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു സിപിഐഎം നേതാവ് നാസര്‍ കൊളായുടെ പരാമര്‍ശം. നദ്വി ബസിലുള്ള സ്ത്രീയോട് മോശമായി പെരുമാറിയെന്ന പുസ്തകത്തിലെ ഭാഗം വായിച്ചാണ് പ്രസംഗത്തില്‍ നദ്വിക്കെതിരെ നാസര്‍ ആരോപണമുന്നയിച്ചത്. വളരെ മുമ്പ് ഇറങ്ങിയ പുസ്തകത്തില്‍ ബഹാഉദ്ദീന്‍ കൂരിയാട് എന്നാണ് ബഹാഉദ്ദീന്‍ നദ്വിയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നതെന്ന് വിശദീകരിച്ചായിരുന്നു ആരോപണം.