പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറെടുത്ത് ലോകം

Wait 5 sec.

അടുത്തയാ‍ഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പലസ്തീനെ അംഗീകരിക്കാൻ തയാറെടുക്കവേ, ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 34 പേർ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഗാസയുടെ തെക്ക് ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ ബ്ലോക്കിൽ ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ പതിനാല് പേരാണ് കൊല്ലപ്പെട്ടതെന്നും ഷിഫ ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഒരു നഴ്‌സും ഭാര്യയും മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.ഗാസ പൂർണമായും പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്‍റെ ഏറ്റവും പുതിയ ഓപ്പറേഷൻ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ജീവൻ വേണമെങ്കിൽ സ്വന്തം മണ്ണുപേക്ഷിച്ച് പലായനം ചെയ്യണമെന്നാണ് ഇസ്രയേൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടക്കുന്ന ലോക നേതാക്കളുടെ സമ്മേളനത്തിൽ പാശ്ചാത്യ രാജ്യങ്ങളടക്കം പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇസ്രയേൽ കനത്ത ആക്രമണം തുടരുന്നത്. യുകെ, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ അടക്കമുള്ള 10 രാജ്യങ്ങളാണ് പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഔദ്യോഗികമായി അംഗീകരിക്കുന്നതിന്റെ പേരില്‍ ഇസ്രയേല്‍ നടത്താനിടെയുള്ള പ്രതികാര നടപടികളില്‍ ലോകം ഭയപ്പെടരുതെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചിരുന്നു.