റിയാദ് : റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസിൽ കീഴ് കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്. അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളുകയായിരുന്നു.നേരത്തെ മെയ് 26ന് ഇരുപത് വർഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനൽ കോടതിയുടെ വിധി ജൂലൈ 9ന് അപ്പീൽ കോടതി ശരിവെച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അപ്പീൽ കോടതിയിലും സുപ്രിംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരായ അഡ്വ റെനയും അബുഫൈസലും അബ്ദുറഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരും രംഗത്തുണ്ടായിരുന്നു.സുപ്രീംകോടതിയുടെ വിധി ഏറെ സന്തോഷം നൽകുന്നതാണെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി ചെയർമാൻ സി പി മുസ്‌തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ, യുസഫ് കാക്കഞ്ചേരി എന്നിവർ പറഞ്ഞു. ജയിൽ കാലാവധി പൂർത്തിയാക്കി അടുത്ത വർഷം റഹീമിന് പുറത്തിറങ്ങാം.