അമേരിക്കൻ സംസ്ഥാനമായ ന്യൂജേഴ്സിയും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ന്യൂജേഴ്സി ഗവർണർ ഫിൽ ഡി മർഫി. വ്യവസായം, ഉന്നത വിദ്യാഭ്യാസം, ജീവകാരുണ്യം, വ്യക്തിഗത ബന്ധങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച ഇക്കണോമിക് പാർട്ണർഷിപ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ.സംയുക്ത നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, ഈ സമയം സന്ദർശനം നടത്താൻ പറ്റിയ സമയമല്ലെന്ന് പലരും പറഞ്ഞു. എന്നാൽ, വെല്ലുവിളികൾ നിലനിൽക്കുമ്പോൾ ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഫിൽ മർഫി പറഞ്ഞു. കേരളത്തിൽ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനൊപ്പം തന്നെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള തങ്ങളുടെ സ്ഥാപനങ്ങളിലൂടെ കേരളത്തിന് പ്രയോജനകരമായ സഹകരണ സാധ്യതകൾ ചർച്ച ചെയ്യാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ALSO READ; ‘കേരളം നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടം’: യുഎസിൽ നിന്നുള്ള നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി; ന്യൂജഴ്സി ഗവർണറുമായി കൂടിക്കാ‍ഴ്ച നടത്തിന്യൂജഴ്സിയിൽ ഏറ്റവും കൂടുതൽ മലയാളി സമൂഹമുള്ളത് ബെർഗൻ കൗണ്ടിയിലാണ്. ഇത് ന്യൂജഴ്സിയും കേരളവും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ ഉദാഹരണമാണ്. താൻ ഗവർണറായി ചുമതയിയേറ്റ സമയം മുതൽ ഏകദേശം 3,000 തൊഴിലവസരങ്ങൾ ഇന്ത്യൻ കമ്പനികൾ ന്യൂജഴ്സിയിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു ഗ്രൂപ്പിന്‍റെ ന്യൂജഴ്സിയിലെ ആസ്ഥാനം തങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതാണെന്നും, ഇത് കൂടുതൽ നിക്ഷേപങ്ങളിലേക്കും തൊഴിലവസരങ്ങളിലേക്കും നയിക്കുമെന്നും ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ, മേയർ, ഉദ്യോഗസ്ഥർ, പോലീസ്, നീതിന്യായ ഉദ്യോഗസ്ഥർ തുടങ്ങിയവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഭാര്യ ടമ്മി മർഫിയും ന്യൂജഴ്സിയിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ കേരളത്തിന്‍റെ സ്നേഹോപഹാരം മുഖ്യമന്ത്രി ന്യൂജഴ്സി ഗവർണർക്ക് സമ്മാനിച്ചു. കേരളത്തിന്‍റെ വൈവിധ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ദൃശ്യ പ്രദർശനവും കലാവതരണവും അമേരിക്കൻ സംഘത്തിനായി സംഘടിപ്പിച്ചിരുന്നു.The post ‘വ്യവസായം, ഉന്നത വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കും’; ന്യൂജഴ്സി – കേരള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ഗവർണർ ഫിൽ മർഫി appeared first on Kairali News | Kairali News Live.