സാമൂഹിക സേവന രംഗത്തും കാരുണ്യ മേഖലയിലും രാജ്യത്തിന്റെ വികസനത്തിലും മികച്ച സംഭാവനകള്‍ നല്‍കുന്നവയാണ് സര്‍ക്കാര്‍ ഇതര സംഘടനകള്‍ (എന്‍ ജി ഒ). നേരിട്ടുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകള്‍ ദാരിദ്ര്യ നിര്‍മാര്‍ജനം, പരിസ്ഥിതി സംരക്ഷണം, പട്ടികജാതി- വര്‍ഗ ക്ഷേമം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും നിര്‍ണായക പങ്കുവഹിക്കുന്നു. കൊവിഡ് കാലത്തും പ്രകൃതി ദുരന്ത ഘട്ടങ്ങളിലുമെല്ലാം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയത്. 3.7 ദശലക്ഷത്തിലേറെ എന്‍ ജി ഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് രാജ്യത്ത്. വിദേശത്ത് നിന്നുള്‍പ്പെടെ സംഭാവനകള്‍ സ്വീകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.ഇത്തരം സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പലപ്പോഴും ഉണ്ടാകുന്നത്. വിദേശ സഹായം ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ കേന്ദ്രം എന്‍ ജി ഒകള്‍ക്ക് മൂക്കുകയറിടുന്നത് പതിവു സംഭവമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ 2020 വരെയുള്ള കാലയളവില്‍ 20,475 എന്‍ ജി ഒകളുടെ എഫ് സി ആര്‍ ഐ രജിസ്ട്രേഷന്‍ റദ്ദാക്കിയതായാണ് കണക്ക്. 2022 ജനുവരിയില്‍ വീണ്ടും ആറായിരത്തോളം എന്‍ ജി ഒകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി. സര്‍ക്കാറിന്റെ ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി കഴിഞ്ഞ ദിവസം സുപ്രീം കോടതി. നിസ്സാര കാരണങ്ങളുടെ പേരില്‍ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സഹായം ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് പ്രസ്തുത സംഘടനകളെ അപമാനിക്കലാണെന്ന് കുറ്റപ്പെടുത്തിയ കോടതി, ഈ നിലപാട് അവസാനിപ്പിക്കണമെന്നും സര്‍ക്കാറിനോടാവശ്യപ്പെട്ടു.കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന എല്‍ എന്‍ മെമ്മോറിയല്‍ ട്രസ്റ്റിന് രജിസ്ട്രേഷന്‍ പുതുക്കി നല്‍കാതെ സംഘടനയുടെ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന കേന്ദ്ര നിലപാടിനെതിരെയാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ്മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചിന്റെ വിമര്‍ശം. വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ് സി ആര്‍ എ) പ്രകാരം രജിസ്ട്രേഷന്‍ പുതുക്കാന്‍ എല്‍ എന്‍ മെമ്മോറിയല്‍ ട്രസ്റ്റ് നല്‍കിയ അപേക്ഷ കേന്ദ്രം നിരസിക്കുകയായിരുന്നു. ഇതിനെതിരെ സംഘടന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. രജിസ്ട്രേഷന്‍ പുതുക്കി നല്‍കാന്‍ ജൂണ്‍ 25ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നിട്ടും വഴങ്ങാതെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്രത്തിന്റെ ഹരജി തള്ളിയ സുപ്രീം കോടതി രജിസ്ട്രേഷന്‍ പുതുക്കി നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണുണ്ടായത്.ബി ജെ പിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്ന സന്നദ്ധ സംഘടനകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും അല്ലാത്തവയെ രാജ്യവിരുദ്ധമായി ചിത്രീകരിച്ച് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയുമാണ് സര്‍ക്കാര്‍. ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മതസംഘടനകളുടെ ലൈസന്‍സ് മതപരിവര്‍ത്തനം ആരോപിച്ച് റദ്ദാക്കിയ സംഭവങ്ങള്‍ നിരവധി. 2002ലെ ഗുജറാത്ത് വംശഹത്യയിലെ ഇരകളായ മുസ്ലിംകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളെ ഭീഷണിപ്പെടുത്തി ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തനം തുടര്‍ന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടേണ്ടി വരും, ബേങ്ക് അക്കൗണ്ട് മരവിപ്പിക്കും തുടങ്ങിയ ഭീഷണികളാണ് കേന്ദ്രവൃത്തങ്ങള്‍ ഗുജറാത്തിലെ സന്നദ്ധ സംഘടനകള്‍ക്കു നേരെ പ്രയോഗിച്ചത്. മുന്‍സര്‍ക്കാറുകള്‍ ചില എന്‍ ജി ഒകളോട് അസഹിഷ്ണുത പുലര്‍ത്തിയിരുന്നെങ്കിലും മോദി സര്‍ക്കാറിന്റെ വരവോടെയാണ് ഇക്കാര്യത്തില്‍ വര്‍ഗീയ ചേരിതിരിവ് പ്രകടമായത്.ഇന്ത്യയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മതകീയ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലുള്ള സന്നദ്ധ സംഘടനകളുടെയും ചാരിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ തടസ്സം സൃഷിക്കുമ്പോള്‍ അമേരിക്കയുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ ആര്‍ എസ് എസും അനുബന്ധ സംഘടനകളും സഹസ്ര കോടികള്‍ ചെലവിട്ട് ഹിന്ദുത്വ പ്രചാരണം നടത്തി വരികയാണ്. 2001 മുതല്‍ 2019 വരെയുള്ള കാലയളവില്‍ യു എസിലെ സംഘ്പരിവാര്‍ അനുബന്ധ ചാരിറ്റബിള്‍ സംഘടനകള്‍ 1231.6 കോടിയാണ് ഹിന്ദുത്വ പ്രചാരണത്തിനായി ചെലവിട്ടതെന്ന് ഗവേഷകനായ ജസ മാച്ചര്‍ തയ്യാറാക്കിയ പഠന റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ഹിന്ദുത്വയുടെ അമേരിക്കന്‍ സ്വാധീനത്തെയും പ്രചാരണത്തെയും കുറിച്ച് വിശദമായ പഠനം തയ്യാറാക്കി, ‘ഹിന്ദു നാഷനലിസ്റ്റ് ഇന്‍ഫ്‌ലുവന്‍സ് ഇന്‍ യുനൈറ്റഡ് സ്റ്റേറ്റ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലാണ് ജസ മാച്ചര്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക, ആള്‍ ഇന്ത്യ മൂവ്മെന്റ്‌ഫോര്‍ സേവ, ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍ ഓഫ് അമേരിക്ക, ഇന്ത്യ ഡെവലപ്മെന്റ്ആന്‍ഡ് റിലീഫ് ഫണ്ട്, പരംശക്തി പീഠ്, പി വൈ പി യോഗ് ഫൗണ്ടേഷന്‍, സേവ ഇന്റര്‍നാഷനല്‍ തുടങ്ങിയ സംഘടനകള്‍ നിരീക്ഷിച്ചാണ് ജസ മാച്ചര്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. ആര്‍ എസ് എസിന്റെ യു എസ് ഘടകമായ ഹിന്ദു സ്വയം സേവക് സംഘിന് (എച്ച് എസ് എസ്) 32 അമേരിക്കന്‍ സംസ്ഥാനങ്ങളിലെ 166 നഗരങ്ങളിലായി 222 ശാഖകളുണ്ടെന്നും ഈ ശാഖകളിലെല്ലാം ഹിന്ദുത്വ പ്രചാരണത്തിനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ ഹിന്ദുത്വ സംഘടനകള്‍ ശേഖരിക്കുന്ന തുകയുടെ വിലയൊരു ഭാഗം ഇന്ത്യയിലെ സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ക്ക് ലഭിച്ചതായും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ഈ തുക ഉപയോഗിച്ച് ഇന്ത്യയിലും ഹിന്ദുത്വ പ്രചാരണം നടത്തുന്നു.സന്നദ്ധ സംഘടനകള്‍ക്ക് മൂക്കുകയറിടുന്ന കേന്ദ്ര നടപടി രാജ്യത്തെ അരുവത്കരിക്കപ്പെട്ട വിഭാഗങ്ങളെയും ദരിദ്രരെയും പിന്നാക്കക്കാരെയുമാണ് സാരമായി ബാധിക്കുക. ഈ വിഭാഗങ്ങളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ് മാതൃകാപരമായ പ്രവര്‍ത്തനം നടത്തി വരുന്ന സംഘടനകളുടെ രജിസ്ട്രേഷന്‍ നിര്‍ത്തലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട്.