അവര്‍ വീറ്റോ ചെയ്യുന്നത് മനുഷ്യത്വത്തെയാണ്

Wait 5 sec.

ഫലസ്തീനിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ദിവസമായിരുന്നു കഴിഞ്ഞു പോയത്. ഫലസ്തീനില്‍ ഉപാധികളില്ലാതെ എന്നെന്നേക്കുമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഏറെ നിര്‍ണായകമായ പ്രമേയം കഴിഞ്ഞ 18നാണ് പരിഗണിച്ചത്. സെക്യൂരിറ്റി കൗണ്‍സിലിലെ 15 അംഗങ്ങളില്‍ 14 പേരും അനുകൂലമായി പ്രതികരിച്ചപ്പോള്‍ അമേരിക്കയുടെ വിയോജിപ്പ് കൊണ്ട് മാത്രം അത് തള്ളപ്പെട്ടു. ‘ഈ പ്രമേയം ഹമാസിനെ വേണ്ടത്ര അപലപിക്കുന്നില്ല, ഇസ്റാഈലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നതിന് പര്യാപ്തവുമല്ല’ എന്ന് ആരോപിച്ചാണ് യു എസ് ഈ പ്രമേയത്തെ വീറ്റോ ചെയ്ത് നിര്‍വീര്യമാക്കിയത്. ക്രൂരതകള്‍ക്ക് വിധേയരാക്കപ്പെട്ട ജനതക്ക് മനുഷ്യാവകാശം നിഷേധിക്കാനുള്ള ഒരായുധമായി വീറ്റോ വീണ്ടും മാറിയിരിക്കുകയാണ്.അവിഹിതങ്ങളുടെ ആഗോള സഖ്യങ്ങള്‍രണ്ടാം ലോകമഹായുദ്ധാനന്തരം ശിഥിലമായ ലോക സമാധാനക്രമത്തെ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1945 ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്രസഭ രൂപവത്കരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം രൂപം കൊണ്ട ലീഗ് ഓഫ് നാഷന്‍സിന്റെ വിപുലീകരിച്ച പതിപ്പായിരുന്നു ഇത്. ലോകത്തുള്ള എല്ലാ മനുഷ്യരെയും സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണം, എയ്ഡ്സ് ബോധവത്കരണം ഉള്‍പ്പെടെയുള്ള രോഗപ്രതിരോധം, ആരോഗ്യ രംഗത്തെ മറ്റു വിഷയങ്ങള്‍, അന്താരാഷ്ട്ര വാര്‍ത്താവിനിമയ വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, ഭീകരതക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, അഭയാര്‍ഥി സംരക്ഷണം എന്നിങ്ങനെ ധാരാളം ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഐക്യരാഷ്ട്ര സംഘടന പ്രവര്‍ത്തിക്കുന്നത്. 193 രാജ്യങ്ങളാണ് നിലവില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ അംഗങ്ങളായുള്ളത്.സമാധാന സംസ്ഥാപനത്തിന് വേണ്ടി വര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രധാന ഘടകമാണ് സെക്യൂരിറ്റി കൗണ്‍സില്‍. അഞ്ച് സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ 15 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍. സ്ഥിരാംഗങ്ങള്‍ അല്ലാത്ത രാജ്യങ്ങള്‍ക്ക് രണ്ട് വര്‍ഷമാണ് കൗണ്‍സില്‍ അംഗത്വം ഉണ്ടായിരിക്കുക. അമേരിക്ക, റഷ്യ, ചൈന, യു കെ, ഫ്രാന്‍സ് എന്നീ സ്ഥിരാംഗങ്ങളായ രാജ്യങ്ങള്‍ക്ക് പ്രത്യേക വീറ്റോ പവര്‍ ഉപയോഗിക്കാനുള്ള അധികാരം ഉണ്ട്. രണ്ടാം ലോക മഹായുദ്ധാനന്തരം സെക്യൂരിറ്റി കൗണ്‍സില്‍ രൂപവത്കരിക്കുമ്പോള്‍, അന്നത്തെ പ്രബല ശക്തികളായിരുന്ന ഈ അഞ്ച് രാഷ്ട്രങ്ങള്‍ സ്വയം ലോകരക്ഷാധികാരികളായി ഐക്യരാഷ്ട്ര സഭയില്‍ അപ്രമാദിത്വം ഏറ്റെടുത്തത് മുഖേനയാണ് വീറ്റോ അധികാരം എന്ന ആശയം യു എന്നില്‍ നിര്‍മിച്ചെടുക്കുന്നത്. തങ്ങളുടെയും സഖ്യകക്ഷികളുടെയും ദുഷ്ട താത്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ഈ അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുന്നതാണ് എന്നും അന്താരാഷ്ട്ര സമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളി.2024 സെപ്തംബറിലാണ് ഓക്‌സ്ഫാമിന്റെ ‘വീറ്റോയിംഗ് ഹ്യുമാനിറ്റി’ റിപോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്. അഫ്ഗാനിസ്ഥാന്‍, ലിബിയ, നൈജര്‍, ഫലസ്തീന്‍, സൊമാലിയ, ദക്ഷിണ സുഡാന്‍, സിറിയ, യുക്രൈന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ ദശകത്തിലുണ്ടായ 23 സംഘര്‍ഷങ്ങളെക്കുറിച്ച് ഈ റിപോര്‍ട്ട് പഠിക്കുകയുണ്ടായി. റിപോര്‍ട്ട് പ്രകാരം, ഈ 23 സംഘര്‍ഷങ്ങളിലായി ഏകദേശം 1.1 മില്യണ്‍ മനുഷ്യര്‍ കൊല്ലപ്പെടുകയും 135 മില്യണ്‍ ജനങ്ങള്‍ പട്ടിണിയിലാകുകയും ചെയ്തിട്ടുണ്ട്. ചുരുങ്ങിയ കാലയളവില്‍ മുപ്പതോളം സമാധാന ശ്രമങ്ങളാണ് വീറ്റോ ചെയ്യപ്പെട്ടത് എന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വീറ്റോ ചെയ്ത മുപ്പതില്‍ ഇരുപത്തിയേഴും ഫലസ്തീന്‍, സിറിയ, യുക്രൈന്‍ എന്നീ രാജ്യങ്ങളിലെ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ടതാണ്.ഏറ്റവും കൂടുതല്‍ വീറ്റോ അധികാരം ഉപയോഗിച്ചത് റഷ്യയും (129) അമേരിക്കയുമാണ് (88). അമേരിക്കയുടെ വീറ്റോകളില്‍ ബഹുഭൂരിഭാഗവും തങ്ങളുടെ സഖ്യ കക്ഷിയായ ഇസ്റാഈലിനെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. 2020 മുതല്‍ അമേരിക്ക ഉപയോഗിച്ച 14ല്‍ 12 വീറ്റോയും ഇസ്റാഈല്‍- ഫലസ്തീന്‍ വിഷയത്തിലായിരുന്നു. 1972 മുതല്‍ 50ലധികം വീറ്റോകളാണ് ഇസ്റാഈല്‍ സംരക്ഷണത്തിനായി അമേരിക്ക ഉപയോഗിച്ചിട്ടുള്ളത്. പശ്ചിമേഷ്യയില്‍ 2023 ഒക്ടോബറില്‍ സംഘര്‍ഷം രൂക്ഷമായത് മുതല്‍ മാത്രം അമേരിക്ക ആറ് വെടിനിര്‍ത്തല്‍ പ്രമേയങ്ങള്‍ വീറ്റോ ചെയ്തിട്ടുണ്ട്.നോക്കുകുത്തികളാകുന്ന അവകാശ രേഖകള്‍അന്താരാഷ്ട്ര നിയമങ്ങളുടെ സാധ്യതകളെ ചോദ്യം ചെയ്യുന്ന തരത്തില്‍ വീറ്റോ അധികാരം മാറിക്കഴിഞ്ഞു. യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 24(1) പ്രകാരം, അന്താരാഷ്ട്ര തലത്തില്‍ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തേണ്ടത് പ്രാഥമികമായി സെക്യൂരിറ്റി കൗണ്‍സിലിന്റെ ഉത്തരവാദിത്വമാണ്. വിരോധാഭാസമായി, ലോക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി ഭവിക്കുന്നത് സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍ക്കുള്ള വീറ്റോ അധികാരം തന്നെയാണ്. ചാര്‍ട്ടറിന്റെ ഒന്നാം ആര്‍ട്ടിക്കിളില്‍ പരാമര്‍ശിക്കുന്ന സഭയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണിത്. ആര്‍ട്ടിക്കിള്‍ രണ്ട് മുന്നോട്ട് വെക്കുന്ന അംഗരാജ്യങ്ങള്‍ക്കുള്ള തുല്യാവകാശങ്ങള്‍ക്കും കടകവിരുദ്ധമാണിത്.അന്താരാഷ്ട്ര തലത്തില്‍ സംഭവിക്കുന്ന നിരവധി അടിസ്ഥാനാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്നതും വീറ്റോ പവര്‍ തന്നെയാണ്. യൂനിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് മുന്നോട്ട് വെച്ച നിരവധി അടിസ്ഥാന അവകാശങ്ങള്‍ വീറ്റോ കാരണം നിഷേധിക്കപ്പെട്ടിട്ടുണ്ട്. യു ഡി എച്ച് ആര്‍ മുന്നോട്ട് വെക്കുന്ന ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, സുരക്ഷാവകാശങ്ങള്‍ എന്നിവയെല്ലാം വീറ്റോയിലൂടെ നിഷേധിക്കപ്പെട്ടു. ഫലസ്തീനില്‍ അവകാശ നിഷേധങ്ങളുടെ ചിത്രം വളരെ വ്യക്തമാണ്. 2023 മുതല്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടത് 65,000ത്തില്‍ അധികം മനുഷ്യരാണ്. ഗസ്സയില്‍ മാത്രം ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വലിയൊരു ശതമാനം ജനങ്ങളും സ്വന്തം ഭൂമി വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. നാനൂറിലധികം മനുഷ്യരാണ് പട്ടിണി കിടന്ന് മാത്രം മരിച്ചുവീണത്.പലപ്പോഴും എല്ലാ രാജ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന യു എന്‍ ജനറല്‍ അസംബ്ലിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളുടെ വീറ്റോകള്‍ ഉണ്ടായിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍, അന്താരാഷ്ട്ര നിയമങ്ങള്‍ നടപ്പാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന യുദ്ധങ്ങള്‍ക്കും രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും ഇരയാക്കപ്പെട്ട മനുഷ്യരെ സംരക്ഷിക്കുന്നതില്‍ പലപ്പോഴും യു എന്‍ സമ്പൂര്‍ണ പരാജയം തന്നെയാണ്. അതിന് കാരണമാകട്ടെ ചില രാജ്യങ്ങള്‍ക്കുള്ള വീറ്റോ പവറും.ആര് മണികെട്ടും?സെക്യൂരിറ്റി കൗണ്‍സിലിന്റെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും ലോകരാജ്യങ്ങള്‍ക്കിടയില്‍ മുറുമുറുപ്പുകള്‍ ശക്തമാണ്. കൗണ്‍സിലില്‍ അഞ്ച് രാജ്യങ്ങള്‍ക്ക് മാത്രമുള്ള സ്ഥിരപങ്കാളിത്തത്തെയും വീറ്റോ അധികാരത്തെയും നിരവധി രാജ്യങ്ങള്‍ വെല്ലുവിളിച്ചിട്ടുണ്ട്. ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ സ്ഥിരാംഗത്വം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. ആഫ്രിക്കന്‍ യൂനിയനും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. വീറ്റോ അധികാരം ഇല്ലായ്മ ചെയ്യണമെന്ന് വാദിക്കുന്നുണ്ടെങ്കിലും, നിലനിര്‍ത്തുകയാണെങ്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൂടെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളുടെ അധികാരത്തെ പരിമിതപ്പെടുത്താന്‍ സ്ഥിരാംഗങ്ങള്‍ സ്വമേധയാ സന്നദ്ധമാകാത്തിടത്തോളം കാലം, വീറ്റോ സംവിധാനം നീക്കം ചെയ്യുന്നത് അസാധ്യമാകും.അടിയന്തരമായ നിരവധി മാനുഷിക സഹായങ്ങളാണ് വീറ്റോ പവറിലൂടെ യുദ്ധ ഇരകള്‍ക്ക് നിഷേധിക്കപ്പെടുന്നത്. ആഗോളതലത്തില്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാനുഷിക സഹായം ആവശ്യമുള്ളവരുടെ എണ്ണം ഏകദേശം നാലിരട്ടിയായി വര്‍ധിച്ചുവെന്ന് ഓക്‌സ്ഫാമിന്റെ റിപോര്‍ട്ട് പറയുന്നു. അവശ്യവസ്തുക്കളുമായി അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്ന ട്രക്കുകള്‍, വീറ്റോ നിഷേധിച്ച മനുഷ്യാവകാശങ്ങളുടെ നേര്‍ചിത്രങ്ങളാണ്.