മംഗളൂരു | ധര്‍മസ്ഥലയിലെ കൂട്ട ശവസംസ്‌കാരസ്ഥലത്ത് മനുഷ്യ ജഡാവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുന്നതിനിടെ കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡിലെ ആളുടെ തിരോധാനത്തിന് ഉത്തരം തേടി കുടുംബം. കുടക് ജില്ലയിലെ യു ബി അയ്യപ്പയുടെ തിരിച്ചറിയല്‍ കാര്‍ഡായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയത്. എട്ടുവര്‍ഷമായി കാണാനില്ലാത്ത അദ്ദേഹത്തിന്റെ മകന്‍ ജീവനും ബന്ധുക്കളുമാണ് ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷനിലെത്തിയത്.ജഡാവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുന്നതിനിടെ പ്രത്യേക സംഘം(എസ്‌ഐടി)മാണ് കുടക് പൊന്നമ്പേട്ട് താലൂക്കിലെ ടി ഷെട്ടിഗേരി ഗ്രാമത്തിലുള്ള ഉലുവഗഡ ബി അയ്യപ്പ(71) എന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് മൃതദേഹ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തത്. 2017 ജൂണ്‍ 18 ന് രാവിലെയാണ് അയ്യപ്പ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നു കുടുംബാംഗങ്ങള്‍ പറയുന്നു. ചികിത്സക്കായി മൈസൂരുവിലേക്ക് പോകുകയാണെന്നാണു വീട്ടുകാരെ അറിയിച്ചത്. അന്ന് രാവിലെ 11.55 ന് ഫോണില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു. താമസിയാതെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി.മകന്‍ ജീവന്‍ മൈസൂരു ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞു.പിന്നാലെ, പിതാവിനെ കാണാനില്ലെന്ന് ശ്രീമംഗല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പക്ഷേ എട്ട് വര്‍ഷത്തോളമായിട്ടും തുമ്പ് കിട്ടിയിരുന്നില്ല. അയ്യപ്പയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് രേഖകള്‍ക്കായി ധര്‍മ്മസ്ഥല അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രീമംഗല പോലീസിനെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ എത്തിയത്. ുഴിച്ചെടുത്ത ജഡാവശിഷ്ടങ്ങളുടെ ഡി എന്‍ എ പരിശോധനയിലൂടെ മാത്രമെ അയ്യപ്പയുടേത് ഇതിലുണ്ടോ എന്ന് കണ്ടെത്തി മരണം സംബന്ധിച്ച് തീരുമാനത്തിലെത്താനാവൂ എന്നാണ് പോലീസ് പറയുന്നത്.