തിരുവനന്തപുരം | ആത്മഹത്യ ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി ജെ പി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ബി ജെ പിയെ വെട്ടിലാക്കുന്നതാണ് കുറിപ്പിലെ പരാമര്‍ശങ്ങള്‍. കുറിപ്പില്‍ സിപി എമ്മിനെതിരെയോ പോലീസിനെതിരെയോ ഒരു വാചകം പോലുമില്ല.പോലീസ് ഭീഷണി ആത്മഹത്യയിലേക്ക് നയിച്ചതായാണ് മനസിലാക്കുന്നതെന്നും പിന്നില്‍ സി പി എമ്മിനും പങ്കുണ്ടെന്നും ബി ജെ പി നേതാവ് വി മുരളീധരന്‍ ആരോപിച്ചിരുന്നു. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് അനിലിന്റെ കൈപ്പടയിലെഴുതിയ കുറിപ്പില്‍ പറയുന്നത്. നമുക്ക് തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ട്.നമ്മുടെ ആള്‍ക്കാരെ സഹായിച്ചു. മറ്റ് നടപടികള്‍ക്കൊന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാന്‍ കാലതാമസമുണ്ടാക്കി. ഞാനോ സംഘത്തിലെ ഭരണസമിതിയോ ഈ സംഘത്തില്‍ യാതൊരു ക്രമക്കേടും ഉണ്ടാക്കിയിട്ടില്ല. ഇപ്പോള്‍ എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വല്ലാതെ മാനസികാഘാതം നേരിടുകയാണ്. മാനസികമായി വലിയ സമ്മര്‍ദവും വിഷമവും ഉണ്ട്. പ്രസ്ഥാനത്തെയോ പ്രവര്‍ത്തകരുടെ വിശ്വാസത്തെയോ ഹനിച്ചിട്ടില്ല. സഹ കൗണ്‍സിലര്‍മാര്‍ക്ക് നന്ദി- എന്നാണു കുറിപ്പില്‍ പറയുന്നത്.സൊസൈറ്റിക്ക് സാമ്പത്തിക ബാധ്യതയില്ലെന്ന ബി ജെ പിയുടെ വാദങ്ങളും ഇതോടെ പൊളിഞ്ഞു. അനിലിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ബി ജെ പിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു. ഇതിനിടെ പോലീസിന്റെ ഭീഷണിയെത്തുടര്‍ന്നാണ് അനില്‍ ആത്മഹത്യ ചെയ്തതെന്നാരോപിച്ച് ബി ജെ പി തമ്പാനൂര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ശനിയാഴ്ച രാവിലെയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍ അധ്യക്ഷനായ വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന് ആറുകോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു.