യുഎസ് – റഷ്യ ആണവകരാർ: ആണവായുധ പരിധി ഒരു വർഷം കൂടി പാലിക്കുമെന്ന് പുടിൻ

Wait 5 sec.

മോസ്കോ | അമേരിക്കയുമായി നിലവിലുള്ള ആണവായുധ ഉടമ്പടിയായ 2010-ലെ ന്യൂ സ്റ്റാർട്ട് കരാർ ഫെബ്രുവരിയിൽ അവസാനിച്ചാലും, ആണവായുധങ്ങളുടെ എണ്ണം ഒരു വർഷത്തേക്ക് കൂടി നിലനിർത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഉടമ്പടി റദ്ദാക്കുന്നത് ആഗോള സ്ഥിരതയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കവേയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ ഈ മാതൃക അമേരിക്കയും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമയും ദിമിത്രി മെദ്‌വദേവും ഒപ്പുവെച്ച ന്യൂ സ്റ്റാർട്ട് കരാർ, ഇരു രാജ്യങ്ങൾക്കും വിന്യസിക്കാവുന്ന ആണവായുധങ്ങളുടെയും മിസൈലുകളുടെയും എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നുണ്ട്. 1,550 ആണവ പോർമുനകളും 700 മിസൈലുകളും ബോംബറുകളും മാത്രമാണ് ഒരു രാജ്യത്തിന് വിന്യസിക്കാൻ അനുമതിയുള്ളത്.കരാർ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇരു രാജ്യങ്ങളിലെയും ആണവ കേന്ദ്രങ്ങളിൽ നേരിട്ടുള്ള പരിശോധനകൾ നടത്താനും വ്യവസ്ഥയുണ്ട്. എന്നാൽ, 2020 മുതൽ ഈ പരിശോധനകൾ നിലച്ചിരിക്കുകയാണ്.2023 ഫെബ്രുവരിയിൽ പുടിൻ കരാറിലെ റഷ്യയുടെ പങ്കാളിത്തം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ പരാജയം ലക്ഷ്യമിടുന്ന അമേരിക്കയും നാറ്റോയും ആണവ കേന്ദ്രങ്ങൾ പരിശോധിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. എങ്കിലും, കരാറിൽ നിന്ന് പൂർണ്ണമായി പിന്മാറില്ലെന്നും ആണവായുധങ്ങളുടെ എണ്ണം സംബന്ധിച്ച പരിധികൾ പാലിക്കുമെന്നും റഷ്യ അന്ന് വ്യക്തമാക്കിയിരുന്നു.