യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ കാലിക്കറ്റ് വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍. സൗദി എയര്‍ എയര്‍ലൈന്‍സ്, ആകാശ് എയര്‍, ഫ്ളൈ -91 എന്നീ വിമാനക്കമ്പനികളാണ് കരിപ്പൂരിലെത്തുന്നത്.യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് വിമാനക്കമ്പനികളെ ആകര്‍ഷിക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആകാശ് എയര്‍ കാലിക്കറ്റ്-മുംബൈ സര്‍വീസ് ആരംഭിയ്ക്കും. സൗദി സെക്ടറിലേക്കും ആകാശ് എയര്‍ സര്‍വീസുണ്ടായേക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട് പറഞ്ഞു.സൗദി എയര്‍ ലൈന്‍സിന്റെ രിയാദ്-കാലിക്കറ്റ് സര്‍വീസും ഫ്ളൈ -91 കാലിക്കറ്റ് – ഗോവ സര്‍വീസുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. നിലവില്‍ കാലിക്കറ്റ് നിന്ന് ഗോവയിലേക്ക് നേരിട്ട് സര്‍വീസ് ഇല്ല. സൗദി എയര്‍ ലൈന്‍സ് ജിദ്ദയിലേക്കും ഫളൈ-91 ലക്ഷദ്വീപിലെ അഗത്തിയിലേക്കുംകൂടി സര്‍വീസ് നടത്തുന്നത് പരിഗണനയിലുണ്ട്. ഒക്ടോബര്‍ 26-ന് ശേഷമുള്ള ശൈത്യകാല ഷെഡ്യൂളിലായിരിയ്ക്കും പുതിയ സര്‍വീസുകള്‍. കാലിക്കറ്റിൽ നിന്ന് പുതുതായി തുടങ്ങിയിരുന്ന ലക്ഷദ്വീപ് ക്വാലംലംപൂര്‍ സര്‍വീസുകള്‍ക്ക് മികച്ച പ്രതികരണമാണ്.