സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മാലിന്യ സംസ്കരണ പദ്ധതികള്‍ സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ കൈക്കൊളളുന്നതു സംബന്ധിച്ച് വി. കെ.പ്രശാന്ത് എം.എല്‍.എയുടെ ശ്രദ്ധ ക്ഷണിക്കലിന് .തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നല്‍കിയ മറുപടിബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം ഈ സഭയാകെ വലിയ കോലാഹലത്തിനും അടിയന്തിര പ്രമേയത്തിനുമൊക്കെ സാക്ഷ്യം വഹിച്ചു, അത് കഴിഞ്ഞു. നമ്മളെ സംബന്ധിച്ച് ഒരു ദിവസത്തെയോ ഒരാഴ്ചത്തേയോ വിവാദം മാത്രമായിട്ട് അവസാനിച്ചു. പക്ഷെ സർക്കാർ അവിടെ നിർത്തിയില്ല സർ. അതിനു ശേഷം കേരളത്തെ തീവ്രമായിത്തന്നെ മാലിന്യമുക്തമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്കരിച്ചു.2025 മാർച്ച് 30 ന് സമ്പൂർണ ഖരമാലിന്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു. നിശ്ചയിച്ച മാനദണ്ഡങ്ങളിൽ 80 ശതമാനമെങ്കിലും കൈവരിച്ച തദ്ദേശ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിച്ചത്. 100 ശതമാനമല്ല. അത് പറയാൻ കാരണം, കുറച്ച് ഗാപ് നിലനിൽക്കുന്നുണ്ട്. 2023 മാർച്ച് മുതൽ നടത്തിയ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടത്തിലെത്തിയത്. സംസ്ഥാനത്ത് ശാസ്ത്രീയമായ മാലിന്യപരിപാലനം സുസ്ഥിരമായും കൂടുതൽ മെച്ചപ്പെട്ട നിലയിലും കൊണ്ടുപോകാൻ മാലിന്യമുക്തം നവകേരളം പദ്ധതി തുടരുകയാണ്.കേരളത്തിൽ പ്രതിദിനം 7398.64 ടൺ ജൈവമാലിന്യവും 2174 ടൺ അജൈവ മാലിന്യവും 3099 ദശലക്ഷം ലിറ്റർ ദ്രവമാലിന്യവും ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു. വികേന്ദ്രീകൃത ജൈവമാലിന്യ സംസ്കരണ രീതി, ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് പ്രാധാന്യം കൊടുക്കുന്ന വികേന്ദ്രീകൃത രീതിയാണ് സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കുന്നത്. അംഗം അക്കാര്യം ഇവിടെ പരാമര്ശിക്കുകയുണ്ടായി. വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്കരണ ഉപാധികൾ ഉറപ്പാക്കുന്നതിനും ഒപ്പം കമ്യൂണിറ്റി തലത്തിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും ശ്രമിക്കുന്നുണ്ട്. 25.12 ലക്ഷം ഉറവിട ജൈവമാലിന്യ സംസ്കരണ ഉപാധികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. സർവ്വേ നടത്തി കണ്ടെത്തിയ വിവരമാണിത്. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കാൻ അഞ്ച് ശതമാനം വസ്തുനികുതി ഇളവ് ഈ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതെല്ലാം വീടുകളിലാണോ ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്, അവർക്ക് അഞ്ച് ശതമാനം വസ്തുനികുതി ഇളവ് ഉണ്ടായിരിക്കും.സംസ്ഥാനത്ത് 142 ടൺ പ്രതിദിന സംസ്കരണ ശേഷിയുള്ള 271 കമ്മ്യൂണിറ്റി ബയോ ഗ്യാസ് പ്ലാന്റുകളുണ്ട്. 1303 എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകളുടെ പ്രതിദിന ശേഷി 149.36 ടൺ ആണ്. 306.66 ടൺ പ്രതിദിന ശേഷിയുള്ള 34 വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റുകളുണ്ട്. 100 ടൺ പ്രതിദിന ശേഷിയുള്ള രണ്ട ബ്ലാക്ക് സോൾജിയർ ഫ്ലൈ യൂണിറ്റും പ്രവർത്തിക്കുന്നു.നമ്മളെല്ലാം ചർച്ച ചെയ്ത ബ്രഹ്മപുരത്ത്, അന്ന്, ഈ സഭയിൽ പ്രഖ്യാപിച്ചതാണ് ബ്രഹ്മപുരത്തെ ഒരു പൂങ്കാവനമായി മാറ്റുമെന്നത്. ഇന്ന് 90 ശതമാനം ബയോ മൈനിങ് പൂർത്തിയായി. 110 ഏക്കറുള്ള കേരളത്തിലെ ഏറ്റവും വലിയ ഡമ്പ് സൈറ്റ്, അവിടെയുണ്ടായിരുന്ന ഒൻപത് ലക്ഷം മെട്രിക് ടണ്ണിലധികം മാലിന്യത്തിൽ 90 ശതമാനവും നീക്കം ചെയ്തുകഴിഞ്ഞു. 10 ശതമാനം അവശേഷിക്കുന്നത് ഒരു മാസത്തിനകം നമുക്ക് നീക്കം ചെയ്യാൻ കഴിയും. മാത്രമല്ല, അവിടെ ഏതാണ്ട് 93 കോടി രൂപ ചെലവിൽ പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിക്കാൻ കഴിയുന്ന കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് പണി പൂർത്തിയായിക്കഴിഞ്ഞു. ട്രയൽ റൺ വിജയകരമായി നടത്തിക്കഴിഞ്ഞുവെന്ന കാര്യം അഭിമാനത്തോടെയും സന്തോഷത്തോടെയും ഈ സഭയെ അറിയിക്കാൻ ആഗ്രഹിക്കുകയാണ്. ബ്രഹ്മപുരത്തിന്റെ അതേ മാതൃകയിൽ പാലക്കാട്ടെ സി ബി ജി പ്ലാന്റിന്റെ പണി രണ്ട് മാസത്തിനകം പൂർത്തിയാകാൻ പോവുകയാണ്. തൃശൂര് പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് ബിപിസിഎല്ലുമായി ചേർന്ന് പ്ലാന്റ് നിർമിക്കുന്നതിന് എം ഒ യു കഴിഞ്ഞ മാസം ഒപ്പുവെച്ചു. തിരുവനന്തപുരം, കൊല്ലം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ കൂടി സമാനമായ സിബിജി പ്ലാന്റുകൾ സ്ഥാപിക്കും. അതോടെ കേരളത്തിൽ ഏഴ് സി ബി ജി പ്ലാന്റുകൾ വരികയാണ്.അജൈവ മാലിന്യ സംസ്കരണം 2023 മാർച്ചിൽ 47 ശതമാനമായിരുന്നു. ഇന്ന് 98 ശതമാനമായി വർധിച്ചിരിക്കുന്നു. 98 ശതമാനം വീടുകളിൽ നിന്നും കടകളിൽ നിന്നും ഇന്ന് അജൈവമാലിന്യം ശേഖരിക്കുന്നുണ്ട്. ഇതിന് വലിയ സംവിധാനം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.7446 മിനി എം സി എഫുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 19982 ആയി വർധിച്ചു. പഞ്ചായത്ത്/മുൻസിപ്പൽ തലത്തിലുള്ള എം സി എഫുകളുടെ എണ്ണം 1160 ൽ നിന്ന് 1342 ആയി ഉയർന്നു. ആർ ആർ എഫിന്റെ എണ്ണം 87 ൽ നിന്ന് 192 ആയി. കേരളത്തിന്റെ ശുചിത്വ പട്ടാളം എന്ന് വിശേഷിപ്പിക്കാവുന്ന ഹരിതകർമസേനയുടെ അംഗസംഖ്യ 37134 ആയി വർധിച്ചിരിക്കുന്നു. പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ ഹരിതകർമ സേനയെക്കുറിച്ച് പ്രത്യേകമായ പരാമർശം ഉണ്ടായ കാര്യവും അഭിമാനത്തോടെ ഞാനിവിടെ രേഖപ്പെടുത്താൻ ആഗ്രഹിക്കുകയാണ്.പൊതുസ്ഥലങ്ങളിൽ 50042 ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. 26967 ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. മാലിന്യശേഖരണം മുതൽ അതിന്റെ നീക്കം വരെ ഡിജിറ്റലായി മോണിറ്റർ ചെയ്യാൻ കഴിയുന്ന ഹരിതമിത്രം 2.0 ആപ്ലിക്കേഷൻ ഇന്ന് നിലവിൽ വന്നുകഴിഞ്ഞു. ഏറ്റവും കാര്യക്ഷമമായി മോണിറ്റർ ചെയ്യാൻ കഴിയുന്ന ഈ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം 2023 മാർച്ചിൽ 11.24 ലക്ഷം ആയിരുന്നെങ്കിൽ ഇപ്പോൾ അത് 90 ലക്ഷം വീടുകളിലാണ് ഉപയോഗിക്കുന്നത്. മാലിന്യശേഖരണം എന്ന പ്രക്രിയയെ പൂർണമായി ഡിജിറ്റൈസ് ചെയ്യാൻ ഇന്ന് കഴിഞ്ഞിരിക്കുന്നു.തൃശൂർ കോർപറേഷൻ, പാലക്കാട്, വർക്കല നഗരസഭകൾ, എളവള്ളി, കൊരട്ടി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ സാനിറ്ററി മാലിന്യ സംസ്കരണത്തിനായി ഡബിൾ ചേംബർ ഇന്സിനറേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇനി നാല് റീജിയണൽ പ്ലാന്റുകൾ കൂടി കേരളത്തിൽ സാനിറ്ററി മാലിന്യം സംസ്കരിക്കാൻ വരികയാണ്. സർ, ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോഴേക്കും കേരളത്തിലെ മുഴുവൻ സാനിറ്ററി മാലിന്യവും സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.കോഴി മാലിന്യം സംസ്കരിക്കുന്നതിന് 48 റെൻഡറിങ് പ്ലാന്റുകളുണ്ട് സർ. 27 എണ്ണം പൂർണ തോതിൽ പ്രവർത്തിക്കുന്നു. പ്രതിദിനം 784.5 ടൺ കോഴിമാലിന്യം സംസ്കരിക്കുന്നുവെന്ന് പറഞ്ഞാൽ അതിനർത്ഥം, ഇതില്ലാതിരുന്നപ്പോൾ ഇതെല്ലാം റോഡരികിലും പാതയോരത്തും തള്ളുകയായിരുന്നു എന്നാണ്. മൂക്കുപൊത്തി യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ടായിരുന്നു. അതിന് മാറ്റം വന്നു.ക്ളീൻ കേരള കമ്പനി 2023-24 സാമ്പത്തിക വർഷം കൈകാര്യം ചെയ്ത അജൈവ പാഴ്വസ്തുക്കൾ 47534 ടണ്ണാണ്. ക്ളീൻ കേരള കമ്പനിയും സ്വകാര്യ ഏജൻസികളും ചേർന്ന് 2024-25 ആയപ്പോൾ കൈകാര്യം ചെയ്ത മാലിന്യത്തിന്റെ അളവ് 152603 ടണ്ണാണ്. രണ്ട് കൊല്ലത്തിനിടയിൽ രണ്ടിരട്ടിയായി വർധിച്ചുവെന്ന് കാണണം. ഈ സംവിധാനം ഉണ്ടായിരുന്നില്ലെങ്കിൽ ഈ ഒന്നര ലക്ഷം അജൈവ മാലിന്യം കേരളത്തിന്റെ പാടത്തും പറമ്പിലും റോഡിലും തോട്ടിലുമെല്ലാം വലിച്ചെറിഞ്ഞ് നമ്മുടെ ജീവിതം തന്നെ ദുസ്സഹമാകുമായിരുന്നു. പത്തനംതിട്ടയിലെ കുന്നന്താനത്ത് പ്ലാസ്റ്റിക് സംസ്കരിക്കുന്നതിന് പ്രതിദിനം രണ്ട് ടൺ ശേഷിയുള്ള ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റി ഫാക്ടറി സ്ഥാപിച്ചു. മാത്യു ടി തോമസിനറിയാം, ഞങ്ങൾ ഒരുമിച്ചാണ് ആ പരിപാടിയിൽ പങ്കെടുത്തത്. അജൈവ പാഴ്വസ്തു വിപണനത്തിലൂടെ മൂന്ന് കോടിയോളം രൂപ ഹരിതകർമസേനക്ക് നൽകാൻ ക്ളീൻ കേരള കമ്പനിക്ക് കഴിഞ്ഞു.ബയോ മൈനിങ്ങിലൂടെ 24 ഡമ്പ് സൈറ്റുകളിൽ നിന്ന് 358278.55 ടൺ മാലിന്യം നീക്കം ചെയ്യുകയുണ്ടായി. 24 ഡമ്പ് സൈറ്റുകൾ ഇല്ലാതായി. അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഇന്ത്യയിൽ ആദ്യത്തെ, ഡമ്പ് സൈറ്റുകൾ ഇല്ലാത്ത സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിക്കാൻ പോവുകയാണ്. മറ്റൊന്നും ചെയ്യാൻ കഴിയാത്ത നിഷ്ക്രിയ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് സംസ്ഥാനത്ത് അഞ്ച് ആർ ഡി എഫ് പ്ലാന്റുകൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിലവിൽ വരും. അതോടെ നിഷ്ക്രിയ മാലിന്യം പൂർണമായും കൈകാര്യം ചെയ്യാനുള്ള ശേഷി കേരളത്തിനുണ്ടാവുമെന്നും അറിയിക്കാൻ ആഗ്രഹിക്കുന്നു. ഇത്രയും പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് കേന്ദ്ര സർക്കാരിന്റെ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിലെ നഗരങ്ങൾ ഉന്നത നേട്ടം കൈവരിച്ചത്. ചരിത്രത്തിലാദ്യമായി കേരളത്തിലെ 93 നഗരസഭകളിൽ 82 എണ്ണം 1000 റാങ്കിനുള്ളിൽ എത്തി. കഴിഞ്ഞ തവണ ഏറ്റവും മികച്ച റാങ്ക് 1370 ആയിരുന്നു. എട്ട് നഗരസഭകൾ ശുചിത്വത്തിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 100 നഗരങ്ങളുടെ പട്ടികയിൽ വന്നു. അതിൽ കൊച്ചിയുണ്ട് സർ. കൊച്ചി നേരത്തേ ചിത്രത്തിൽ എവിടെയുമുണ്ടായിരുന്നില്ല. മട്ടന്നൂർ നഗരസഭക്ക് പ്രോമിസിങ് സ്വച്ഛ് ഷഹർ എന്ന ദേശീയ പുരസ്കാരം തന്നെ ലഭിക്കുകയുണ്ടായി. തിരുവനന്തപുരത്തിന് വാട്ടർ പ്ലസ് പദവി ലഭിച്ചു. കേരളത്തിലെ നഗരങ്ങളുടെ ആവറേജ് സ്കോർ കഴിഞ്ഞ വർഷം 26 ശതമാനമായിരുന്നു. ഇത്തവണ 56 ശതമാനമായി ഉയർന്നു.അഇത്രയൊക്കെ സംവിധാനങ്ങളും സന്നാഹങ്ങളും ഒരുക്കി. പക്ഷെ, പൊതുജന മനോഭാവത്തിൽ വലിയ മാറ്റം വന്നിട്ടില്ല. ഇപ്പോഴും വലിച്ചെറിയൽ നിർബാധം നടക്കുകയാണ്. 8 കോടി 55 ലക്ഷമാണ് കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ ഫൈൻ ആയി ഈടാക്കിയത്. ഫൈൻ കൊണ്ട് മാത്രം മുന്നോട്ടുപോകേണ്ട ഒരു കാര്യമല്ല, മനോഭാവത്തിൽ മാറ്റം വരാൻ സഭയിലെ എല്ലാ ഭാഗത്തുലുള്ള ജനപ്രതിനിധികൾ, എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്.The post ‘കേന്ദ്ര സർക്കാരിന്റെ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിലെ നഗരങ്ങൾ ഉന്നത നേട്ടം കൈവരിച്ചു’: മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.