അബൂദബി|കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് അബൂദബിയിൽ പുതിയ കർമ പദ്ധതി പ്രഖ്യാപിച്ചു. താപനിലയെയും ഈർപ്പത്തെയും കുറിച്ചുള്ള വിപുലമായ വിവരങ്ങൾ അബൂദബിയിലെ ആരോഗ്യ അധികാരികളുമായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ സി എം) പങ്കുവെക്കും. ഉയർന്ന താപനില, മോശം വായുവിന്റെ ഗുണനിലവാരം, മണൽക്കാറ്റുകൾ തുടങ്ങിയ അപകടകരമായ കാലാവസ്ഥാ സംഭവങ്ങളെക്കുറിച്ച് പഠിക്കാൻ ഈ വിവരങ്ങൾ സഹായിക്കും. കൂടാതെ, ചൂടിനെക്കുറിച്ചുള്ള അവബോധ ക്യാമ്പയിനുകളെ പിന്തുണക്കാനും ഇത് ലക്ഷ്യമിടുന്നു.അബൂദബി പബ്ലിക് ഹെൽത്ത് സെന്ററുമായി എൻ സി എം ഇതിന്നായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ചൂടുമായി ബന്ധപ്പെട്ട അവസ്ഥകൾ എന്നിവ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനാണ് ഈ സഹകരണം. കാലാവസ്ഥാ വ്യതിയാനം, വായുവിന്റെ ഗുണനിലവാരം, മറ്റ് കാലാവസ്ഥാ സംബന്ധമായ അപകടസാധ്യതകൾ എന്നിവ മൂലമുണ്ടാകുന്ന വെല്ലുവിളികളെ നേരിടുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് എൻ സി എം ഡയറക്ടർ ജനറലും ലോക കാലാവസ്ഥാ സംഘടനയുടെ പ്രസിഡന്റുമായ ഡോക്ടർ അബ്ദുല്ല അൽ മൻതൂസ് പറഞ്ഞു. ആഗോളതാപനം നേരിടാനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹം ശക്തമാക്കുന്നതിനിടെയാണ് ഈ പദ്ധതി നിലവിൽ വരുന്നത്. താപനില കുതിച്ചുയരുന്നത് തുടരുന്നു. ആഗസ്റ്റ് ഒന്നിന് താപനില 51.8 ഡിഗ്രിയിൽ എത്തിയിരുന്നു. 2017ന് ശേഷം ഈ മാസത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.