ഗുവാഹത്തി | സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ അന്തരിച്ച അസം ഗായകൻ സുബീൻ ഗാർഗിന് ഇന്ന് അന്ത്യവിശ്രമം. ഗുവാഹത്തിക്ക് സമീപം സോണപ്പുരിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുന്നത്. പ്രിയ ഗായകന് വിട നൽകാൻ ഇന്നലെ ഗുവാഹത്തിയിലേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് പേരാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സംഗീത പരിപാടികളും നടന്നു.ലോകത്ത് ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത നാലാമത്തെ വിലാപയാത്രയായി ഇത് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. മൈക്കൽ ജാക്സൺ, പോപ് ഫ്രാൻസിസ്, എലിസബത്ത് രാജ്ഞി എന്നിവരുടെ വിലാപയാത്രകൾക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം ജനപങ്കാളിത്തം ഒരു സംസ്കാര ചടങ്ങിനുണ്ടാകുന്നത്.അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയതോടെ പോലീസ് കേസെടുത്തിട്ടുണ്ട്. ജനരോഷം ഭയന്ന് സുബീൻ ഗാർഗിന്റെ മാനേജരും പരിപാടിയുടെ സംഘാടകരും സംസ്ഥാനത്ത് എത്തിയിട്ടില്ല. കൂടാതെ, ഗായകന്റെ സ്വദേശമായ ജോർഹട്ടിൽ സംസ്കാരം നടത്തണമെന്നാവശ്യപ്പെട്ട് ആരാധകർ ദേശീയപാത ഉപരോധിച്ചിരുന്നു.