കൊച്ചി| സി പി എം നേതാവ് കെ ജെ ഷൈനിനെതിരെ സൈബര്‍ ആക്രമണം നടത്തിയ കെ എം ഷാജഹാനെതിരെ പോസ്റ്ററും ഫ്ളക്സ് ബോര്‍ഡുകളും. തിരുവനന്തപുരത്തുള്ള ഷാജഹാന്റെ വീടിന് മുന്നിലാണ് ചെറുവക്കല്‍ ജനകീയ സമിതിയുടെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ ഇന്നലെ രാത്രി ഷാജഹാന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ഷാജഹാന്റെ വീടിന് മുന്നില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നത്. സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശനം നടത്തുന്ന ഷാജഹാന്റെ നാവ് പിഴുതെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുന്ന ഷാജഹാന്‍ സാമൂഹ്യ വിപത്ത് എന്നീ ഉള്ളടക്കമുള്ള പോസ്റ്ററുകളാണ് ചെറുവക്കല്‍ ജനകീയ സമിതിയുടെ പേരില്‍ പതിച്ചിരിക്കുന്നത്.ഇന്നലെ രാത്രി ഒമ്പതോടെയാണ് ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പോലീസുമെത്തി പരിശോധന നടത്തിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാളിന്റെ മലപ്പുറത്തുള്ള വീട്ടിലും ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. കേസില്‍ മൂന്നാം പ്രതിയായ ഇയാള്‍ വിദേശത്താണെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രതിക്ക് ഇന്ന് നോട്ടീസ് കൈമാറും. കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് ആലുവ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.കെ ജെ ഷൈനിനും വൈപ്പിന്‍ എംഎല്‍എ ഉണ്ണികൃഷ്ണനുമെതിരെയാണ് സൈബര്‍ ആക്രമണം നടന്നത്. ഇതിനെതിരെ പോലീസിന് നല്‍കിയ പരാതികളില്‍ പ്രധാന പ്രതികളില്‍ ഒരാളായി ഷൈനും ഉണ്ണികൃഷ്ണനും ചൂണ്ടിക്കാട്ടിയത് കെ എം ഷാജഹാനെയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഷാജഹാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.