ബെയ്‌റൂട്ട് | ഇസ്‌റാഈല്‍ സേന തെക്കന്‍ ലബനനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ബിന്‍ത് ജുബൈല്‍ ടൗണിലാണ് ആക്രമണമുണ്ടായതെന്നു ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഒരു ബൈക്കിനും മറ്റൊരു വാഹനത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പിതാവും മൂന്നു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കുട്ടികളുടെ അമ്മയ്ക്ക് പരുക്കേറ്റു. അതേസമയം, ആക്രമണത്തില്‍ ഹിസ്ബുള്ള അംഗത്തെ വധിച്ചതായി ഇസ്‌റാഈല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. സംഭവങ്ങളുമായി ബന്ധമില്ലാത്ത ഏതാനും സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും അതില്‍ ഖേദിക്കുന്നതായും ഇതു പരിശോധിക്കുകയാണെന്നും സൈന്യം അറിയിച്ചു.