അച്ചെയിൽ മുസ്‌ലിം ഭരണം സ്ഥാപിതമായത് പന്ത്രണ്ടാം നൂറ്റാണ്ടിലാണെന്നാണ് മിക്ക ചരിത്രകാരന്മാരുടെയും അഭിപ്രായം. ഹൈന്ദവ ഭരണകൂടമായിരുന്ന ലാമൂരി രാജവംശം ഇസ്‌ലാമിലേക്ക് കടന്നുവന്നതോടെയായിരുന്നു ഇത്. ഫലസ്തീനിൽ നിന്ന് പ്രബോധന ആവശ്യാർഥം പ്രദേശത്തെത്തിയ ശൈഖ് അബ്ദുല്ല കൻആൻ ആയിരുന്നു ഈ പരിവർത്തനത്തിന് പിന്നിൽ. ഫലസ്തീൻ, ലബനാൻ, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളിലെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നല്ലോ പുരാതന കൻആൻ. ലംപെവുനെൻ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിക്കാനാണ് പോകുന്നത്. ഏതാനും ഗ്രാമക്കാഴ്ചകളിലൂടെ കടന്ന് ഞങ്ങൾ അവിടെയെത്തി. വിജനമായ ഒരിടത്ത്, മരം കൊണ്ട് നിർമിക്കപ്പെട്ട ഒരു പുരാതന കെട്ടിടത്തിനകത്താണ് മഖ്ബറ.അഗാധ പാണ്ഡിത്യത്തിന് ഉടമയായിരുന്നു തെങ്കുക്കു ചിക് ലംപെവുനെൻ എന്ന പേരിൽ പ്രശസ്തനായ ശൈഖ് അബ്ദുല്ല കൻആൻ. സുമാത്രയിൽ ആദ്യമായി ദീനി വിജ്ഞാന കേന്ദ്രം സ്ഥാപിച്ചത് അദ്ദേഹമാണ്. ദായ കോട്ട് കാല എന്നാണ് അതറിയപ്പെടുന്നത്. അതേത്തുടർന്ന് ഇസ്‌ലാം അച്ചെയിൽ അതിവേഗം വളർന്നു. കാർഷിക രംഗത്ത് പ്രാവീണ്യമുണ്ടായിരുന്ന ശൈഖവർകളാണ് ഇങ്ങോട്ട് കുരുമുളക് കൊണ്ടുവന്നത്. മലബാറിൽ നിന്ന് ലോകത്തോളം വളർന്ന സുഗന്ധവ്യഞ്ജനമാണല്ലോ കറുത്ത സ്വർണം എന്നറിയപ്പെടുന്ന കുരുമുളക്. ഒരുപക്ഷേ, മലബാറിനോടുള്ള ബന്ധം വഴിയാകാം അദ്ദേഹത്തിന് കുരുമുളക് ലഭിച്ചത്.ഗ്രേറ്റർ അച്ചെ റീജൻസിയിലെ ദാറുൽ ഇമാറ ജില്ലയിലാണ് ലംപെവുനെൻ ഗ്രാമം. ശൈഖിന്റെ ആഗമന ഘട്ടത്തിൽ ചൈനക്കാരായിരുന്നു പ്രദേശം ഭരിച്ചിരുന്നത്. സുൽത്താൻ അലാഉദ്ദീൻ മാലിക് മുഹമ്മദ് ശാഹ് ജോഹാന്റെ പ്രതിനിധിയായാണ് അദ്ദേഹം ഇവിടെയെത്തിയത്. അറുനൂറോളം വരുന്ന സൈനികരും കൂടെയുണ്ടായിരുന്നു. എല്ലാവരും ശൈഖിന്റെ ശിഷ്യ ഗണങ്ങളായിരുന്നു. സൈനിക അഭ്യാസത്തോടൊപ്പം അവരെ ഉപയോഗിച്ച് ശൈഖ് അബ്ദുല്ല ഒരു കുരുമുളക് തോട്ടം നിർമിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നടന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി ലാമുരി രാജാവ് ഇസ്‌ലാം സ്വീകരിച്ചു.തുടർന്ന്, ജൊഹാൻ ശായുടെയും ലാമുരി രാജാവിന്റെയും സംയുക്ത സൈന്യം ചൈനീസ് താവളം ആക്രമിച്ച് കീഴ്പെടുത്തി. ചൈനക്കാർക്ക് മുമ്പ് ദക്ഷിണേന്ത്യൻ രാജാവായ രാജേന്ദ്ര ചോള ഒന്നാമനും സുമാത്ര അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ചൈനക്കാരെ തുരത്തിയതോടെ ലാമുരി രാജാവ് മഹാരാജാ ഇന്ദ്രശക്തി അധികാരം സുൽത്താൻ ജൊഹാൻഷാക്ക് കൈമാറി. ഇതോടെയാണ് അച്ചെയിൽ ഇസ്‌ലാമിക ഭരണം ആരംഭിച്ചത്. ശൈഖ് അബ്ദുല്ല കൻആനാണ് അച്ചെ ആസ്ഥാനമാക്കി ഭരണം നടത്താൻ നിർദ്ദേശിച്ചത്. ഹിജ്റ 601/ ക്രി. 1205 റമസാൻ ഒന്നിന് ജൊഹാൻഷാ സുൽത്താനായും ശൈഖവർകൾ ചീഫ് മുഫ്തിയായും സ്ഥാനമേറ്റു.റമസാൻ ഒന്ന് ബന്തേ അച്ചെയുടെ സ്ഥാപക ദിനമായി മാറിയത് അങ്ങനെയാണ്. സ്ഥാനാരോഹണ വേളയിൽ ശൈഖ് കൻആൻ നടത്തിയ പ്രസംഗം പ്രശസ്തമാണ്. ഖുർആനാണ് നമ്മുടെ വേദഗ്രന്ഥമെന്നും അതനുസരിച്ചാകണം രാജ്യത്തിന്റെ മുന്നോട്ടുള്ള ഗമനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അച്ചെയെ ശരീഅത് അനുസൃത ദാറുസ്സലാമായും അദ്ദേഹം വിശേഷിപ്പിച്ചു.ശൈഖ് അബ്ദുല്ല മുഖേന നിരവധി പേരാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നത്. അച്ചെക്ക് പുറമെ ഇതര ജാവൻ ദ്വീപുകളിലും ഈ മുന്നേറ്റം സ്വാധീനം ചെലുത്തി. ശിഷ്യനും പേരമകനുമായ തെങ്കുക്കു ചിക്ക് അബ്ബാസ് കാരാങ് തുടങ്ങിയവർ അന്ത്യവിശ്രമം കൊള്ളുന്നതും ഇതേ മഖ്ബറയിലാണ്. പണ്ഡിതനും പോരാളിയും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു തെങ്കുക്കു അബ്ബാസ്. വാന നിരീക്ഷണത്തിനും മാസപ്പിറവി നിർണയത്തിനുമായി ഒരു നിരീക്ഷണ കേന്ദ്രം അദ്ദേഹം ഇവിടെ നിർമിച്ചിരുന്നു.