ബെംഗളുരു| ബെംഗളുരുവില്‍ സ്വത്ത് ഭാഗം വച്ച് നല്‍കാത്തതിന് പിതാവിനെ മകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണമാണെന്നായിരുന്നു മകന്‍ എല്ലാവരോടും പറഞ്ഞു വിശ്വസിപ്പിച്ചത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കാര്യം പുറത്തറിഞ്ഞു. തുടര്‍ന്ന് മകനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റു ചെയ്തു.ബെംഗളുരു കെംപെഗൗഡ നഗറിലെ മഞ്ജുനാഥ് എന്ന മഞ്ജണ്ണയെ ആണ് മകന്‍ മനോജും സുഹൃത്ത് പ്രവീണും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ജോലി സ്ഥലത്തുനിന്ന് വിശ്രമത്തിനായി വീട്ടിലെത്തിയ മഞ്ജണ്ണയുടെ കാലുകള്‍ പ്രവീണ്‍ കൂട്ടിപ്പിടിക്കുകയും ഈ സമയത്ത് മനോജ് കഴുത്തില്‍ തോര്‍ത്ത് മുറുക്കുകയുമായിരുന്നു. പിന്നാലെ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് പിതാവ് മരിച്ചതെന്ന് എല്ലാവരെയും വിശ്വസിപ്പിക്കുകയും ചെയ്തു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് മഞ്ജണ്ണയുടേത് കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മഞ്ജണ്ണ കൊല്ലപ്പെട്ട സമയത്ത് മനോജും പ്രവീണും വീട്ടില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇരുവരും വീട്ടിനകത്തേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. മനോജ് ലഹരിക്കടിമയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.കോടികളുടെ സ്വത്തിന് ഉടമയായിരുന്നു മഞ്ജണ്ണ. ഇയാള്‍ക്ക് വാടകയിനത്തില്‍ മാത്രം പ്രതിമാസം ലക്ഷങ്ങള്‍ വരുമാനമായി ലഭിച്ചിരുന്നു. ഇതിനുപുറമെ തടിക്കച്ചവടത്തിലെ വരുമാനവുമുണ്ടായിരുന്നു. ഈ പണവും സ്വത്തുക്കളും ലക്ഷ്യമിട്ടായിരുന്നു കൊലപാതകം എന്ന് പോലീസ് വ്യക്തമാക്കി.