കൊൽക്കത്തയിൽ കനത്ത മഴ; അഞ്ച് മരണം; വിമാനത്താവളം വെള്ളത്തിൽ

Wait 5 sec.

കൊൽക്കത്ത | കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയെത്തുടർന്ന് അഞ്ച് പേർ മരിച്ചു. വെള്ളപ്പൊക്കം കാരണം നഗരത്തിൽ പലയിടത്തും ഗതാഗതവും റെയിൽ-മെട്രോ സർവീസുകളും തടസ്സപ്പെട്ടു. ബേനീപുകുർ, കാളികാപൂർ, നേതാജി നഗർ, ഗാരിയഹാട്ട്, ഇക്ബാൽപൂർ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.നഗരത്തിൻ്റെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുകയും വീടുകൾക്കും മറ്റ് വസ്തുവകകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നിരവധി സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. നഗരത്തിൻ്റെ തെക്കും കിഴക്കും ഭാഗങ്ങളിലാണ് മഴയുടെ തീവ്രത കൂടുതലായി അനുഭവപ്പെട്ടത്. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ്റെ കണക്കനുസരിച്ച്, ഗാരിയ കംദഹാരിയിൽ 332 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ജോധ്പൂർ പാർക്കിൽ 285 മില്ലിമീറ്ററും കാളീഘട്ടിൽ 280 മില്ലിമീറ്ററും ടോപ്സിയയിൽ 275 മില്ലിമീറ്ററും ബാലിഗഞ്ചിൽ 264 മില്ലിമീറ്ററും മഴ ലഭിച്ചു.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.നഗരത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ദുർഗ്ഗാ പൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മഴയെത്തിയത്. വെള്ളക്കെട്ട് കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളെയും ബാധിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്താവളത്തിൻ്റെ റൺവേയിലും വെള്ളം കയറിയതായി ദൃശ്യങ്ങളിൽ കാണാം.