ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ഇന്ന് ആഗോള അയ്യപ്പ സംഗമം നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്മെൻ്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും . സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തുടങ്ങിയവർ സംസാരിക്കും.രാവിലെ ആറ് മുതൽ പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർത്ഥന ഗാനത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപന രേഖ അവതരിപ്പിക്കും. തുടർന്ന് സമാന്തര ചർച്ച. ഉച്ചയ്ക്ക് 12 മുതൽ തത്ത്വമസി, ശ്രീരാമ സാകേതം, ശബരി വേദികളിലായി ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ട്, ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളെ കുറിച്ച് ഒരേ സമയം ചർച്ച നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ വിജയ് യേശുദാസ് നയിക്കുന്ന അയ്യപ്പ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത പരിപാടി. 3.20 ന് ചർച്ചകളുടെ സമാഹരണം. തുടർന്ന് പ്രധാന വേദിയിൽ സമാപന സമ്മേളനം. അതിനു ശേഷം പ്രതിനിധികൾക്ക് ശബരിമല ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.വിദേശ രാജ്യങ്ങളിൽ നിന്നടക്കം 3000 പ്രതിനിധികൾ പങ്കെടുക്കും. ഇവർക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തുള്ള 500 പേരും പങ്കെടുക്കും. പാസ് വഴിയാണ് പ്രതിനിധികൾക്ക് പ്രവേശനം. പ്രധാന വേദിയായ തത്ത്വമസിയിലാണ് ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച നടക്കുന്നത്. തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസർ ബെജെൻ എസ് കോത്താരി, ഡോ. പ്രിയഞ്ജലി പ്രഭാകരൻ, മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ എന്നിവരാണ് പാനലിസ്റ്റുകൾ. ആത്മീയ ടൂറിസം സർക്യൂട്ട് സെഷൻ ശ്രീരാമ സാകേതം വേദിയിലാണ്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ട്രാവൽമാർട്ട് സ്ഥാപകൻ എസ്. സ്വാമിനാഥൻ, സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ബേബി മാത്യു എന്നിവരാണ് പാനലിസ്റ്റുകൾ.