ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 20ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ജർമൻ ഹാങ്ങർ പന്തൽ തയ്യാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 3,000 പ്രതിനിധികൾക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പിൽ നിന്ന് നാലടി ഉയരത്തിൽ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേർന്ന് ഗ്രീൻ റൂമുമുണ്ട്. മീഡിയ റൂമുൾപ്പെടെ പ്രധാന വേദിയോട് ചേർന്നാണ്.പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂർണമായും ഹരിത ചട്ടം പാലിച്ചാണ് പന്തൽ നിർമിച്ചത്. തറയിൽ നിന്ന് ഒരടി ഉയരത്തിൽ പ്ലൈവുഡിലാണ് പ്ലാറ്റ്ഫോം. ഹിൽടോപ്പിൽ രണ്ട് പന്തലുണ്ട്. പാനൽ ചർച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തൽ. പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയിൽ ജർമൻ ഹാങ്ങർ പന്തൽ നിർമിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രദർശന മേള സംഘടിപ്പിക്കാനായി 2,000 ചതുരശ്രയടിയിൽ മറ്റൊരു പന്തലുമുണ്ട്. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് കൺസ്ട്രക്ഷനാണ് നിർമാണ ചുമതല. മാലിന്യ നിർമാർജനമടക്കം ഇവർ നിർവഹിക്കും. സംഗമത്തിന് ശേഷം പന്തൽ പൂർണമായും അഴിച്ചുമാറ്റും. പമ്പയിലെ ശുചിമുറികളുടേതടക്കം അറ്റകുറ്റപണി പൂർത്തിയായി.സംഗമത്തിൽ മൂന്ന് സമാന്തര സെഷനുകളും നടക്കും. ഓരോ സെഷനും ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും. ആദ്യ സെഷൻ ശബരിമല മാസ്റ്റർപ്ലാനിനെ കുറിച്ചാണ്. ഹൈപവർ കമ്മിറ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീർത്ഥാടകരുടെ ക്ഷേമം തുടങ്ങിയ ദീർഘകാല പദ്ധതികളെ കുറിച്ച് സെഷനിൽ ചർച്ച ചെയ്യും. ആധുനിക സൗകര്യങ്ങൾ ഒരുക്കികൊണ്ട് ക്ഷേത്രത്തിന്റെ പാരമ്പര്യം നിലനിർത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.രണ്ടാമത്തെ സെഷൻ ‘ആത്മീയ ടൂറിസം സർക്യൂട്ടുകൾ’ എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതിൽ ചർച്ച ചെയ്യും. ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖർ തീർത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും, ചുറ്റുമുള്ള പ്രദേശങ്ങൾക്ക് സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള വഴികൾ അവതരിപ്പിക്കും.മൂന്നാമെത്ത സെഷൻ ‘ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും’ എന്ന വിഷയമാണ്. പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, സാങ്കേതിക പങ്കാളികൾ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ വർഷവും ശബരിമല സന്ദർശിക്കുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങൾ ഒരുക്കാമെന്നതാകും ഈ സെഷനിൽ വിശദീകരിക്കുക. നിരീക്ഷണ സംവിധാനങ്ങൾ, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവയിലെ പുതിയ സാങ്കേതിക വിദ്യകൾ ചർച്ച ചെയ്യും.രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ 11 വരെ ഉദ്ഘാടന സമ്മേളനം. തുടർന്നാണ് സമാന്തര സെഷനുകൾ. ഉച്ചഭക്ഷണത്തിന് ശേഷം ഗായകൻ വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടി. വൈകിട്ട് 3.20 ന് ചർച്ചകളുടെ സമാഹരണം. തുടർന്ന് സമാപന സമ്മേളനം. പ്രതിനിധികൾക്ക് ശബരിമല ദർശനത്തിനും അവസരമുണ്ട്.