മോസ്കോ | കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച പുലർച്ചെയാണ് റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കംചാറ്റ്‌സ്കി മേഖലയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ സർവേയാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പത്തിന് പിന്നാലെ യുഎസ് നാഷണൽ വെതർ സർവീസ് സുനാമി മുന്നറിയിപ്പ് നൽകി.റഷ്യയുടെ പസഫിക് തീരപ്രദേശത്ത് അപകടകരമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി വാണിങ് സിസ്റ്റം മുന്നറിയിപ്പ് നൽകി. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.കിഴക്കൻ റഷ്യയിലെ കംചാറ്റ്ക പെനിൻസുലയിൽ സ്ഥിതി ചെയ്യുന്ന പെട്രോപാവ്‌ലോവ്‌സ്ക്-കംചാറ്റ്‌സ്കി ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണ്. പസഫിക് പ്ലേറ്റും നോർത്ത് അമേരിക്കൻ പ്ലേറ്റും കൂടിച്ചേരുന്ന പ്രദേശമാണിത്. പസഫിക് സമുദ്രത്തെ ചുറ്റി സഞ്ചരിക്കുന്ന ഭൗമപ്രവർത്തനങ്ങൾ കൂടുതലുള്ള ‘റിംഗ് ഓഫ് ഫയർ’ മേഖലയുടെ ഭാഗം കൂടിയാണിത്. ഇവിടെ ശക്തമായ ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും സാധാരണമാണ്.നേരത്തെ, റഷ്യയിലെ കംചാറ്റ്ക ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായിരുന്നു. ഇത് പസഫിക് സമുദ്രത്തിലുടനീളം സുനാമി മുന്നറിയിപ്പിന് കാരണമായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ലോകത്ത് രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിൽ ഒന്നാണിത്.ഈ ഭൂകമ്പത്തിന് ശേഷം റഷ്യ, ജപ്പാൻ, അലാസ്ക, ഗ്വാം, ഹവായ്, മറ്റ് പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. കംചാറ്റ്കയിൽ ചില പ്രദേശങ്ങളിൽ 3-4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. സെവേറോ-കുരിൽസ്ക് പോലുള്ള തീരദേശ വാസസ്ഥലങ്ങളിൽ ആളുകളെ ഒഴിപ്പിക്കുകയും തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.ജപ്പാനിലെ മെറ്റീരിയോളജിക്കൽ ഏജൻസി അതിന്റെ പസഫിക് തീരത്ത് 3 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. യുഎസ് വെസ്റ്റ് കോസ്റ്റിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.