കലണ്ടറില്‍ ചുവന്ന മൂന്നക്ഷരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല മറുനാടന്‍ മലയാളിയുടെ ഓണ സങ്കല്പമെന്ന് കെ. ജയകുമാര്‍

Wait 5 sec.

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 25ാംമത് വാര്‍ഷിക ആഘോഷവും സെപ്റ്റംബര്‍ പതിന്നാലാം തീയതി അന്ധേരി കനോസ കോണ്‍വെന്റ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു.കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറിയും, മലയാളം സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ കെ. ജയകുമാര്‍ ഐ എ എസ് (റിട്ട) മുഖ്യാതിഥിയും പ്രമുഖ ഇടതുപക്ഷ സഹയാത്രികനും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ സഖാവ് പി ആര്‍ കൃഷ്ണനും, കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡണ്ട് ടി എന്‍ ഹരിഹരനും വിശിഷ്ടാതിഥികളുമായിരുന്നു.സമാജം ജനറല്‍ സെക്രട്ടറി സുരേന്ദ്ര ബാബു മുഖ്യാതിഥി കെ ജയകുമാറിനെയും, വിശിഷ്ടാതിഥികളായ സഖാവ് പി.ആര്‍ കൃഷ്ണന്‍, കെ കെ എസ് പ്രസിഡണ്ട് ടി. എന്‍. ഹരിഹരന്‍ എന്നിവരെയും സദസിനു പരിചയപ്പെടുത്തി.കലണ്ടറില്‍ ചുവന്ന നിറത്തിലുള്ള മൂന്നക്ഷരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല മറുനാടന്‍ മലയാളിയുടെ ഓണ സങ്കല്പമെന്നും മലയാളിയുടെ സഹജമായ ജനാധിപത്യബോധവും സമഭാവനയുമാണെന്നും മുഖ്യാതിഥി ജയകുമാര്‍ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു. ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുവാന്‍ 1957ല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ ഉന്നത സ്വാധീനമുള്ള കേന്ദ്ര സര്‍ക്കാര്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. അധികാര ഭ്രഷ്ടരാക്കിയ രാഷ്ട്രീയ സംഭവവികാസത്തിന് മലയാളി ഇന്നും മാപ്പു കൊടുത്തിട്ടില്ല. കേരളത്തിലെ ഓരോ ഭരണകൂടവും അഞ്ചു വര്‍ഷവും മാറി മാറി ഭരിക്കുമ്പോള്‍ ആ ഭരണത്തില്‍ മലയാളി ഒരു മാവേലിയെ അന്വേഷിക്കുകയാണ്. ആ മാവേലി സങ്കല്പം മലയാളിയുടെ രാഷ്ട്രീയ ഭാവനയെയും സ്വാധീനിച്ചതുകൊണ്ടാണ് ഇടതുപക്ഷ ഭരണകൂടത്തിന് ഒരു പിന്തുടര്‍ച്ച ഭരണം ലഭിച്ചതെന്നും ജയകുമാര്‍ വ്യക്തമാക്കി.ഓണമെന്ന സങ്കല്പം ഒരു മാവേലികഥ മാത്രമല്ല മലയാളി അഭിമാനം കൊള്ളുന്ന ഒരു സാംസ്‌കാരിക ദര്‍ശനത്തിന്റെ പ്രതിഫലനം കൂടിയാണ്. മലയാളിയുടെ ജീവിതവീക്ഷണത്തില്‍ ഓണം ചെലുത്തിയിട്ടുള്ള വിരല്‍ പാട് ഒരിക്കലും മായ്ച്ചുകളയാനാവില്ല.യോഗത്തില്‍ സമാജം ചെയര്‍മാന്‍ കെ. രവീന്ദ്രന്‍, പ്രസിഡണ്ട് ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ കെ പി മുകുന്ദന്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് അമുതാ നമ്പ്യാരുടെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികളും കളത്തൂര്‍ വിനയന്റെ നേതൃത്വത്തിലുള്ള തുടിപ്പ് ഫോക്ക് ബാന്‍ഡിന്റെ നാടന്‍ പാട്ടും അരങ്ങേറി.The post കലണ്ടറില്‍ ചുവന്ന മൂന്നക്ഷരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല മറുനാടന്‍ മലയാളിയുടെ ഓണ സങ്കല്പമെന്ന് കെ. ജയകുമാര്‍ appeared first on Kairali News | Kairali News Live.