മകളുടെ വിവാഹത്തിന് ആർഭാടങ്ങൾ ഒഴിവാക്കി; നിർധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി നെടുങ്കണ്ടം സ്വദേശികൾ

Wait 5 sec.

മകളുടെ വിവാഹത്തിനായി കരുതിയ തുക ഉപയോഗിച്ച് നിർധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി നെടുങ്കണ്ടം സ്വദേശികളായ ദമ്പതികള്‍. പണം വീടിന്റെ നിര്‍മ്മാണത്തിനായി നല്‍കിയ ഇവര്‍ വിവാഹത്തിന്റെ എല്ലാ ആര്‍ഭാടങ്ങളും ഒഴിവാക്കി, ലളിതമായ ചടങ്ങുകളില്‍ ഒതുക്കുകയായിരുന്നു.നെടുങ്കണ്ടം വൈപ്പേല്‍ അശോകന്‍ – ബിജി ദമ്പതികളാണ് മകള്‍ അമൃതയുടെ വിവാഹത്തിനായി കരുതിയ പണം നിര്‍ധന കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സംഭാവന നല്‍കിയത്.മകളുടെ വിവാഹം ആഡംബര രഹിതമായി നടത്താന്‍ അശോകനും ബിജിയും നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് വിവാഹത്തിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപ എസ്എന്‍ഡിപി നെടുങ്കണ്ടം ശാഖയില്‍ ഏല്‍പ്പിച്ചത്. ശാഖാ നേതൃത്വം കട്ടക്കാലാ സ്വദേശിയായ വീട്ടമ്മയും മൂന്ന് പെണ്‍മക്കളും അടങ്ങുന്ന ഭവന രഹിതരായ കുടുംബത്തെ ഗുണഭോക്താവായി കണ്ടെത്തി വീടുപണി ആരംഭിച്ചു. ശാഖാ അംഗങ്ങള്‍ തങ്ങളുടെ വിഹിതം അധ്വാനമായും സംഭാവന ചെയ്തു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തെത്തുടര്‍ന്ന് 61 ദിവസം കൊണ്ട് വീട് പണി പൂര്‍ത്തിയായി.ALSO READ: തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് തിരുവനന്തപുരം സബ് കളക്ടർകുഞ്ചിത്തണ്ണി സ്വദേശി അനന്ദു രാജന്‍ അമൃതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയ ദിവസംതന്നെ പുതിയ വീടിന്റെ ഗൃഹപ്രവേശനവും നടന്നു. അശോകന്‍ – ബിജി ദമ്പതികളുടെ തീരുമാനം അറിഞ്ഞ് സമാനമായ രീതിയില്‍ വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറായി മൂന്നു കുടുംബങ്ങൾ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി ഭാരവാഹികള്‍ പറഞ്ഞു. അങ്ങനെ അശോകനും ബിജിയും മകളുടെ വിവാഹത്തിലൂടെ പുതിയൊരു മാതൃക നാടിന് നൽകിയിരിക്കുകയാണ്. The post മകളുടെ വിവാഹത്തിന് ആർഭാടങ്ങൾ ഒഴിവാക്കി; നിർധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി നെടുങ്കണ്ടം സ്വദേശികൾ appeared first on Kairali News | Kairali News Live.