ശബരി റെയിൽ പാതയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണ്ണമായും ചെലവ് വഹിക്കേണ്ടത് കേന്ദ്രസർക്കാർ ആണെങ്കിലും ശബരി റെയിൽപാത പ്രധാനപ്പെട്ട പദ്ധതി എന്ന നിലയിലാണ് സംസ്ഥാന സർക്കാർ പകുതി ചെലവ് നിർവഹിക്കാൻ തയ്യാറായതെന്നും പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.റെയിൽപാതയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. റെയിൽവേ മന്ത്രാലയവുമായി ഏറ്റവും ഒടുവിൽ നടത്തിയ ചർച്ചയിലും 50 ശതമാനം ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരുന്നു. വസ്തുതകൾ ഇതായിരിക്കേ തീർത്തും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഒരടിസ്ഥാനമില്ലാത്ത വാർത്തകൾ പച്ച നുണയായി പ്രചരിപ്പിക്കുകയാണ്.ശബരിമല വിമാനത്താവളത്തിന് ഈ വർഷം ഡിസംബറോടെ എല്ലാ അനുമതികളും ലഭ്യമാകും എന്നാണ് കരുതുന്നത്. അടുത്ത വർഷത്തോടെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി വിമാനത്താവളം നിർമ്മാണ പ്രവൃത്തികളിലേക്ക് കടക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു. ശബരിമല റോപ് വേയുടെ കാര്യത്തിലും കാര്യമായ പുരോഗതി നേടാനായെന്നു മുഖ്യമന്ത്രി പറഞ്ഞു.