ഇന്ത്യൻ വ്യോമസേനയുടെ അഭിമാനം; മിഗ്-21 യുദ്ധവിമാനങ്ങൾ ഓർമയാകുന്നു

Wait 5 sec.

ന്യൂഡൽഹി | ആറ് പതിറ്റാണ്ടോളം കാലം ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായിരുന്ന മിഗ്-21 യുദ്ധവിമാനം ഓർമയാകുന്നു. രാജ്യത്തിന്റെ സൈനിക വ്യോമയാന ചരിത്രത്തിലെ ഒരു നിർണായക അധ്യായത്തിന് തിരശ്ശീലയിട്ട് മിഗ് 21 യുദ്ധ വിമാനം വിരമിക്കൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ 26-നാണ് മിഗ്-21 വിമാനങ്ങൾ പൂർണ്ണമായി സേവനം അവസാനിപ്പിക്കുന്നത്. ഇതിന് പകരമായി തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) മാർക്ക് 1A ഉപയോഗിക്കാനാണ് വ്യോമസേനയുടെ നീക്കം.1963-ൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ മിഗ്-21 വിമാനങ്ങൾ, ‘വാർഹോഴ്സ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഈ യുദ്ധവിമാനത്തിന്റെ ആറ് പതിറ്റാണ്ടത്തെ സേവനത്തെ ഇന്ത്യൻ വ്യോമസേന ‘X’ പ്ലാറ്റ്‌ഫോമിലെ ഒരു വീഡിയോയിലൂടെ ആദരിച്ചു. ചണ്ഡീഗഡിൽ സ്ഥാപിച്ച 28-ാമത്തെ സ്ക്വാഡ്രണാണ് ഇന്ത്യയുടെ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനങ്ങളായ മിഗ്-21-നെ ആദ്യം ഉപയോഗിച്ചത്.1971-ലെ പാകിസ്താൻ യുദ്ധം ഉൾപ്പെടെ നിരവധി സൈനിക നീക്കങ്ങളിൽ മിഗ്-21 നിർണായക പങ്കുവഹിച്ചു. 1971-ലെ യുദ്ധത്തിൽ ധാക്കയിലെ ഗവർണറുടെ വസതിയിൽ മിഗ്-21 നടത്തിയ ആക്രമണമാണ് പാകിസ്താന്റെ കീഴടങ്ങലിന് പ്രധാന കാരണമായത്. ഈ യുദ്ധവിമാനം എണ്ണമറ്റ ശത്രുവിമാനങ്ങളെ തകർത്തു. 1971-ൽ F-104 വിമാനങ്ങളെയും 2019-ൽ F-16 വിമാനങ്ങളെയും വെടിവെച്ചിട്ട മിഗ്-21, ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാളി എന്ന ഖ്യാതി നേടി.കാർഗിൽ യുദ്ധത്തിലും മിഗ്-21 നിർണായക സാന്നിധ്യമായിരുന്നു. ഉയർന്ന വേഗതയും കൈകാര്യം ചെയ്യാനുള്ള എളുപ്പവും കാരണം കമാൻഡർമാരുടെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഈ വിമാനം. നിരവധി പൈലറ്റുമാരെയും സാങ്കേതിക വിദഗ്ദ്ധരെയും പരിശീലിപ്പിച്ച മിഗ്-21, നമ്മുടെ തദ്ദേശീയ വ്യോമയാന വ്യവസായത്തിന്റെ സാങ്കേതികവും നിർമ്മാണപരവുമായ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിച്ചു.മിഗ്-21 ഫ്ലൈയിംഗ് വിടവാങ്ങുന്നതോടെ, ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഒരു ധീരമായ അധ്യായം കൂടിയാണ് അവസാനിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ശക്തികേന്ദ്രമായിരുന്ന ഈ വിമാനം, പുതിയ തലമുറ യുദ്ധവിമാനങ്ങളിലേക്ക് രാജ്യം മാറുന്ന ഘട്ടത്തിൽ, അതിന്റെ അതുല്യമായ സേവനത്തിന്റെ ഓർമ്മകൾ അവശേഷിപ്പിച്ചാണ് വിടവാങ്ങുന്നത്.