വീടിന്റെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി, മോഷ്ടിച്ചത് ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍, തമിഴ് സ്വദേശി പിടിയില്‍

Wait 5 sec.

 കോഴിക്കോട്: വീട്ടില്‍ നിന്ന് ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി പാണ്ടി(46)യെയാണ് കോഴിക്കോട് കുന്നമംഗലം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കുന്നമംഗലത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഇളംപിലാശ്ശേരി എന്ന വീട്ടിലാണ് ഇയാള്‍ മോഷണം നടത്തിയത്. ഗ്രില്‍ തകര്‍ത്ത് അകത്തുകയറിയ ഇയാള്‍ 12000ത്തോളം രൂപ വിലവരുന്ന രണ്ട് ബാറ്ററികളാണ് മോഷ്ടിച്ചത്. കേസെടുത്ത് അന്വേഷണം നടത്തിവരവേ ചേരിഞ്ചാല്‍ റോഡില്‍ വച്ചാണ് പാണ്ടിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐമാരായ നിധിന്‍, ബൈജു എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പാണ്ടിയെ റിമാന്റ് ചെയ്തു.മറ്റൊരു സംഭവത്തിൽ വെഞ്ഞാറമൂട് കാരേറ്റ് മേഖലകളിലെ ക്ഷേത്രങ്ങളിൽ മോഷണം നടന്നു. ബുധനാഴ്ച രാത്രിയോടെ വേറ്റൂർ മഹാവിഷ്ണു ക്ഷേത്രത്തിലും പിന്നാലെ കാരേറ്റ് ശിവക്ഷേത്രത്തിലുമാണ് മോഷ്ടാക്കൾ പൂട്ട് പൊളിച്ച് അകത്തുകടന്നത്. വേറ്റൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നശേഷം പൂട്ട് ക്ഷേത്രത്തിലെ കിണറ്റിലെറിയുകയും ഓഫീസ് റൂമിലെ മേശയുടെ പൂട്ട് തകർത്ത് 3500 രൂപ കവരുകയുമായിരുന്നു. മോഷ്ടാക്കൾ പൂട്ട് തകർക്കാനായി ഉപയോഗിച്ച കോടാലി ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രങ്ങളിലെ സിസിടിവി ക്യാമറകളിൽ രണ്ട്മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.