ശിഖാ ചന്ദ്രന്‍എച്ച്-1ബി വിസക്ക് അപേക്ഷിക്കാനുള്ള ഫീസ് കുത്തനെ ഉയര്‍ത്തി ഇന്ത്യക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടടി നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എച്ച്-1ബി വിസയുടെ പ്രധാന ഗുണഭോക്താക്കളാണ് ഇന്ത്യന്‍ ടെക്ക് തൊഴിലാളികള്‍. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തു നിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ.100,000 ഡോളര്‍ വാര്‍ഷിക അപേക്ഷാ ഫീസ് എച്ച്-1ബി വിസയ്ക്ക് ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലാവുന്നത് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ പ്രെഫഷണലുകളാണ്. പുതുതായി വിദേശത്തുനിന്ന് വരുന്നവര്‍, യുഎസ് വിട്ടുപോയ ശേഷം വിസ പുതുക്കുന്നവര്‍, പുതിയ തൊഴിലിനായി യുഎസിലേക്ക് വരുന്ന എച്ച്-1ബി ജീവനക്കാര്‍ എന്നിവര്‍ക്ക് പുതിയ ഫീസ് ബാധകമാകും. മുന്‍പ് മൂന്നു വര്‍ഷത്തിലൊരിക്കല്‍ പുതുക്കാമായിരുന്ന വിസ ഇനി പരമാവധി ഒരു വര്‍ഷമേ പുതുക്കാന്‍ സാധിക്കുകയുള്ളു. അതിനുശേഷം ഒരു ലക്ഷം ഡോളര്‍ കൊടുത്താലേ പുതുക്കാന്‍ കഴിയൂ. അതായത്, ഓരോ വര്‍ഷവും അമേരിക്കയില്‍ തുടരണോ വേണ്ടയോ എന്നുള്ള കാര്യം പുനഃപരിശോധിക്കപ്പെടും.Also read – നെതർലാൻഡ്സിൽ നിന്നുള്ള ലോക കേരള സഭ അംഗമായിരുന്ന ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചുകുടിയേറ്റം നിയന്ത്രിക്കുക, യുഎസ് ബിരുദധാരികള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് പുതിയ ഫീസ് വര്‍ധവിനു പിന്നിലെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്. കരിയറില്‍ മികച്ച ഭാവിയും ഉന്നത ജീവിത നിലവാരവും ലക്ഷ്യം വെച്ചാണ് എച്ച്-1ബി വിസയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തൊഴിലാളികള്‍ അമേരിക്കയില്‍ എത്തുന്നത്. സെപ്റ്റംബര്‍ 21ാം തിയ്യതി മുതല്‍ നിരക്ക് പ്രാപല്യത്തില്‍ വരുന്നതോടെ നിരവധി ഇന്ത്യന്‍ ടെക്കികളുടെ സ്വപ്നങ്ങള്‍ക്കുമേലാണ് കരിനിഴല്‍ വീഴുന്നത്.കഴിഞ്ഞ വര്‍ഷം എച്ച്-1ബി വിസയെ ഏറ്റവും കൂടുതല്‍ ആശ്രയിച്ച രാജ്യം ഇന്ത്യയാണ്. ഇന്ത്യന്‍ ഐടി മേഖലയിലെ ചെറിയ കമ്പനിയിലും വലിയ കമ്പനിയിലും വലിയ പ്രഹരമാണ് വിസ വര്‍ധനവിന്റെ ഭാഗമായി ഉണ്ടാവാന്‍ പോകുന്നതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. നിലവിലുള്ള 750 ഡോളര്‍ അല്ലെങ്കില്‍ 3000 ഡോളര്‍ പോലുള്ള ഫീസുകള്‍ നിലനിര്‍ത്തികൊണ്ടാണ് അതിനു മുകളില്‍ ഒരു ലക്ഷം ഡോളറിന്റെ അധിക ഫീസ് ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, എച്ച്-1ബി വിസ അപേക്ഷകരെ സ്പോണ്‍സര്‍ ചെയ്യുന്നതിന് കമ്പനികള്‍ നല്‍കേണ്ട ഫീസ് ഇതോടെ 90 ലക്ഷം രൂപയോളം ആയിരിക്കും. സാധാരണയായി, ഒരു വര്‍ഷം ആകെ 85,000 എച്ച്-1ബി വിസകളാണ് അനുവദിക്കുന്നത്. ഇതില്‍ 65,000 സാധാരണ വിസകളും 20,000 ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ്) ഉള്ളവര്‍ക്കുമുള്ള അധിക വിസകളുമാണ്.ഏകദേശം 5ബില്ല്യണ്‍ ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്.ഇതില്‍ ഭൂരിപക്ഷം പേരും എച്ച്1ബി വിസ ഉപയോഗപ്പെടുത്തിയാണ് അമേരിക്കയിലെത്തിയത്. പ്രതിവര്‍ഷം 100,000 ഡോളര്‍ ഫീസ് വര്‍ധിപ്പിച്ച് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ കുടിയേറ്റത്തിന് തടയിടുക തന്നെയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.പുതിയ നയത്തിലൂടെ കുറഞ്ഞ ചെലവില്‍ അതി വൈദഗ്ധ്യമുള്ള ഇന്ത്യന്‍ തൊഴിലാളികളെ ജോലിക്ക് എടുക്കാനുള്ള അവസരമാണ് യുഎസിലെ മുന്‍നിര ടെക്കി കമ്പനികള്‍ക്ക് നഷ്ടമാകുന്നത്. എന്നാല്‍ എല്ലാ വിധ എതിര്‍പ്പുകളെയും ട്രംപ് ഭരണകൂടം അവഗണിക്കുകയാണ്. എച്ച്1ബി വിസയില്‍ അമേരിക്കയില്‍ കൂടുതലും ഉള്ളത് ഇന്ത്യക്കാരും ചൈനക്കാരുമാണ്. ഇന്ത്യക്കാരെ അപേക്ഷിച്ച് ചൈനീസ് പ്രൊഫഷണലുകള്‍ വളരെ കുറവാണ്. അതിനാല്‍ ഉത്തരവു മൂലം ഏറ്റവും തിരിച്ചടി നേരിടാന്‍ പോകുന്നത് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ തന്നെ. താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ആഗോള തലത്തില്‍ വ്യാപാര യുദ്ധത്തിന് ആക്കം കുട്ടിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നടപടി എന്നത് ശ്രദ്ധേയമാണ്. യുഎസ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ഉള്‍പ്പെടെ ടെക് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.എച്ച്-1ബി വിസ ഉടമകളെ വ്യാപകമായി ആശ്രയിക്കുന്ന ഐടി സേവന കമ്പനിയായ കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സിന്റെ ഓഹരികള്‍ 5 ശതമാനത്തോളമാണ് നിരക്ക് വര്‍ധവിന് പിന്നാലെ ഇടിഞ്ഞത്. ഇന്ത്യന്‍ ടെക് കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ എന്നിവയുടെ യുഎസ് ലിസ്റ്റഡ് ഓഹരികളും 2 മുതല്‍ അഞ്ചുവരെ തിരിച്ചടി നേരിട്ടു.വിസാ ഫീസ് നിരക്ക് വര്‍ധവ് വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാന നിരക്കും കുത്തനെ ഉയര്‍ന്നു. ദില്ലിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000ത്തില്‍ നിന്ന് 70,000-80000ത്തിലേക്കാണ് ഉയര്‍ന്നത്. ട്രംപ് ഭരണകൂടത്തിന്റെ ‘പ്രോജക്റ്റ് 25’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം വരുന്നത് എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മുന്‍പ് ഇലോണ്‍ മസ്ക്, വിവേക് രാമസ്വാമി തുടങ്ങിയ ഉപദേഷ്ടാക്കള്‍ എച്ച്-1ബി പ്രോഗ്രാമിനെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് ഇവര്‍ നയം മാറ്റുകയായിരുന്നു.The post ഇന്ത്യക്കാര്ക്ക് വീണ്ടും പ്രഹരവുമായി ട്രംപ്; H-1B വിസ ഫീസ് കുത്തനെ വര്ധിപ്പിച്ചു appeared first on Kairali News | Kairali News Live.