വാഷിംഗ്ടൺ | എച്ച് വണ്‍ ബി വിസയ്ക്ക് യു എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതര മുതൽ പുതിയ നിരക്ക് നിലവിൽ വരും. പുതുതായി വിസക്ക് അപേക്ഷിക്കുന്നവർക്കാണ് നിരക്ക് ബാധിക്കുക. അതേസമയം, യുഎസിന് പുറത്തുള്ള എച്ച് വൺ ബി വിസക്ക് തീരുമാനം ബാധകമല്ല.അതിനിടെ, വിസ നിയന്ത്രണത്തിൽ വിശദീകരണവുമായി യുഎസ് രംഗത്ത് വന്നു. വര്‍ധിച്ച ഫീസ് പുതിയ വീസയ്ക്ക് മാത്രമാണെന്നും നിലവില്‍ ഇന്ത്യയില്‍ ഉള്ളവര്‍ തിരക്കിട്ട് മടങ്ങേണ്ടതില്ല എന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഇത് ഒറ്റത്തവണ ഫീസ് മാത്രമാണെന്നും വിസ പുതുക്കുമ്പോൾ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ലന്നും അവർ വ്യക്തമാക്കി.2023ൽ ഇഷ്യൂ ചെയ്ത 380,000 എച്ച് വണ്‍ ബി വിസകളിൽ 72 ശതമാനവും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. ഡേറ്റാ സയൻസ്, എഐ, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലാണ് ഇവരിൽ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത്.എച്ച്-1 ബി വിസ പദ്ധതിയുടെ ദുരുപയോഗം ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് വിസയ്ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയത്.