വെല്‍ഡണ്‍ ഇന്ത്യ

Wait 5 sec.

ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ഫലസ്തീന്‍ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത് ഈ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്. പതിറ്റാണ്ടുകളായി ഇന്ത്യ തുടരുന്ന ഫലസ്തീന്‍ അനുകൂല നിലപാടിനോടുള്ള അവസരോചിത തീരുമാനമാണ് ഇത് മുഖേന നാം ആവര്‍ത്തിച്ചത്. ഫ്രാന്‍സ് അവതരിപ്പിച്ച പ്രമേയം ഇന്ത്യയടക്കമുള്ള 142 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തുകൊണ്ട് പാസ്സാക്കി. പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയും ഗള്‍ഫ് അറബ് രാജ്യങ്ങളുമടക്കം 142 രാജ്യങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ഇസ്‌റാഈല്‍, അമേരിക്ക, അര്‍ജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ എന്നീ രാഷ്ട്രങ്ങള്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഫലസ്തീനോട് നാം കാണിച്ച മനുഷ്യത്വപരമായ ഈ നിലപാട് നമ്മുടെ പാരമ്പര്യവും മാനുഷിക മൂല്യങ്ങളും നിലനിര്‍ത്തുന്നതിലും ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ജനാധിപത്യപരമായ നമ്മുടെ പങ്ക് അടയാളപ്പെടുത്തുന്നതിലും നിര്‍ണായകമായി.ഇന്ത്യ- ഫലസ്തീന്‍ ബന്ധം ശക്തമായതും ചരിത്രപരമായി ദൃഢമായതുമാണ്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുള്ള പിന്തുണ ഇന്ത്യന്‍ വിദേശനയത്തിന്റെ ഭാഗമാണ്. ഇന്ത്യ ആദ്യമായി ഫലസ്തീനെ അംഗീകരിച്ച ഒരു നോണ്‍ അറബ് രാജ്യമാണ്. ഫലസ്തീന്റെ ദേശീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുകയും സാംസ്‌കാരിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. 1974ല്‍ തന്നെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ ഇന്ത്യ അംഗീകരിക്കുകയുണ്ടായി. തുടര്‍ന്ന് 1988ല്‍ ഫലസ്തീനിനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ അതിനെ അംഗീകരിക്കുകയും 1996ല്‍ ഗസ്സയില്‍ ഇന്ത്യയുടെ പ്രതിനിധി ഓഫീസ് തുറക്കുകയും ചെയ്തു. യുനെസ്‌കോയില്‍ ഫലസ്തീന്‍ ഒരു പൂര്‍ണ അംഗമാകുന്നതിനെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തത് 2011ലാണ്.ഇന്ത്യയും ഫലസ്തീനും തമ്മില്‍ എക്കാലത്തും സാംസ്‌കാരികവും വികസനപരവുമായ സഹകരണം നിലനിര്‍ത്തിയിട്ടുണ്ട്. സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍ സ്വതന്ത്രവും ജനാധിപത്യപരവുമായ ഫലസ്തീന്‍ രാഷ്ട്രം വേണമെന്ന നിലപാടിന് ഇന്ത്യ പിന്തുണ നല്‍കുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ സ്വാതന്ത്ര്യ സമരമാണ് ഈ ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കിയത്. ഒരവസരത്തില്‍ ഫലസ്തീനിന്റെ വാര്‍ഷിക ബജറ്റിന് ഇന്ത്യ 10 മില്യണ്‍ യു എസ് ഡോളര്‍ സഹായമനുവദിക്കുക വരെയുണ്ടായി. അതിനൊക്കെപ്പുറമെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി “സോളിഡാരിറ്റി വിത്ത് ദി ഫലസ്തീനിയന്‍ പീപ്പിള്‍’ എന്നാലേഖനം ചെയ്തുകൊണ്ടുള്ള ഇന്ത്യയുടെയും ഫലസ്തീനിന്റെയും പതാകകള്‍ പതിച്ച ഒരു രൂപയുടെ തപാല്‍ സ്റ്റാമ്പ് വരെ പുറത്തിറക്കുകയുണ്ടായി.1948ല്‍, ഇന്ത്യ സ്വാതന്ത്ര്യം നേടി ഒരു വര്‍ഷത്തിനു ശേഷം, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും മഹാത്മാ ഗാന്ധിയും മതപരമായ വേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ ജൂത രാഷ്ട്രം സൃഷ്ടിക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ഫലസ്തീന്‍ ലക്ഷ്യത്തിന് പിന്തുണ നല്‍കുകയും ചെയ്തു. ജൂതന്മാരുടെ ലക്ഷ്യത്തോട് അവര്‍ അനുഭാവം പുലര്‍ത്തിയിരുന്നെങ്കിലും, അറബ് രാജ്യങ്ങളുടെയും അതിന്റെ ചേരിചേരാ പ്രസ്ഥാനത്തിന്റെയും പൊതുസമ്മത പ്രകാരം അവര്‍ ഇസ്‌റാഈലിനെ എതിര്‍ക്കുകയും 1947ല്‍, ഫലസ്തീന്‍ വിഭജനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ പദ്ധതിക്കെതിരെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.1953ല്‍ ഇസ്‌റാഈലിന് മുംബൈയില്‍ ഒരു കോണ്‍സുലേറ്റ് തുറക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ആ സമയത്ത് ന്യൂഡല്‍ഹിയില്‍ ഔദ്യോഗിക നയതന്ത്ര സാന്നിധ്യം അനുവദിച്ചിരുന്നില്ല. ഇന്ത്യ ഫലസ്തീനിനോടുള്ള പിന്തുണ നിലനിര്‍ത്തിയതിനാല്‍ ബന്ധങ്ങള്‍ ഏറെക്കുറെ അനൗപചാരികമായി തുടര്‍ന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനുള്ള ഏക കവാടമായി മുംബൈ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ വലിയ മുസ്‌ലിം ജനസംഖ്യയും അറബ് രാജ്യങ്ങളുമായുള്ള ബന്ധം അപകടത്തിലാക്കുമോ എന്ന ഭയവും ഇസ്‌റാഈലുമായി പൂര്‍ണമായ ബന്ധം സ്ഥാപിക്കുന്നതില്‍ നിന്ന് ഇന്ത്യയെ തടഞ്ഞു. അതേസമയം, ഫലസ്തീനിനെ പിന്തുണക്കുന്നതില്‍ നെഹ്റു സജീവ പങ്കുവഹിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രിയായി വന്ന ഇന്ദിരാ ഗാന്ധിയും യാസര്‍ അറഫാത്തും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണല്ലോ. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ബന്ധം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ നേതാവായിരുന്ന യാസര്‍ അറാഫത്ത് ഇന്ദിരാ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും 1980കളില്‍ ഡല്‍ഹിയിലെ പതിവ് സന്ദര്‍ശകനാകുകയും ചെയ്തു.അമേരിക്ക – യു എസ് എസ് ആര്‍ ശീതയുദ്ധം അവസാനിച്ചതിനും സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കും ശേഷം ന്യൂഡല്‍ഹി ക്രമേണ യു എസിലേക്ക് ചായാന്‍ തുടങ്ങി. അങ്ങനെ, 1992ല്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കീഴില്‍ ഇന്ത്യ ഇസ്‌റാഈലുമായി ഔദ്യോഗികമായി നയതന്ത്രബന്ധം സ്ഥാപിക്കുകയും ഇന്ത്യ തെല്‍ അവീവിലും ഇസ്‌റാഈല്‍ ന്യൂഡല്‍ഹിയിലും എംബസി തുറക്കുകയും ചെയ്തു. ഇത് അക്കാലത്ത് വലിയ വിമര്‍ശനത്തിന് കരണമാകുകയുണ്ടായി.ബി ജെ പി ഇസ്‌റാഈലുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ശ്രമിച്ചിരുന്നത്. 2000ത്തില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയി വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗിനെയും ആഭ്യന്തര മന്ത്രി ലാല്‍ കൃഷ്ണ അഡ്വാനിയെയും ഇസ്‌റാഈലിലേക്കയച്ചു. ഇന്ത്യയും ഇസ്‌റാഈലും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍, പ്രതിരോധ സഹകരണങ്ങള്‍, സാങ്കേതിക വിനിമയങ്ങള്‍ എന്നിവ ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. അപ്പോഴും ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ചുരുക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 വരെ ഇന്ത്യ ഇസ്‌റാഈലുമായും ഫലസ്തീനുമായും സൗഹൃദ ബന്ധം തുടര്‍ന്നുപോന്നു.ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രധാനമന്ത്രി മോദിയുടെ കീഴില്‍ ഇന്ത്യയും ഇസ്‌റാഈലും തമ്മിലുള്ള ബന്ധം കൂടുതല്‍ അഭിവൃദ്ധിപ്പെടുകയും 2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്‌റാഈല്‍ സന്ദര്‍ശിക്കുകയുമുണ്ടായി. ഈ സന്ദര്‍ശനത്തിനിടെ ഉഭയകക്ഷി ബന്ധങ്ങള്‍ തന്ത്രപരമായ തലത്തിലേക്ക് ഉയര്‍ത്തുകയും സൈബര്‍ സുരക്ഷ, എണ്ണ, വാതക സഹകരണം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ നിരവധി ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുകയും ചെയ്തു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യയും ഇസ്‌റാഈലും നിരവധി സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തിയിട്ടുണ്ട്. 2018ല്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനുശേഷം, ഇന്ത്യ- ഇസ്‌റാഈല്‍ സഹകരണത്തിന്റെ പരിധിയില്‍ ബഹിരാകാശം, വിവരങ്ങള്‍ പങ്കിടല്‍, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. 2021ന് ശേഷം ജൂത രാഷ്ട്രത്തിനെതിരായ നിരവധി യു എന്‍ പ്രമേയങ്ങളില്‍ നിന്ന് ന്യൂഡല്‍ഹി വിട്ടുനിന്നത് ഇന്ത്യയുടെ പാരമ്പര്യ ഫലസ്തീന്‍ അനുകൂല നിലപാടിന് കളങ്കമേല്‍പ്പിക്കുകയുണ്ടായി.പട്ടിണിക്കിട്ടും വെടിവെച്ചും ബോംബിട്ടും ഒരു നാടിനെയും ജനതയെയും തുല്യതയില്ലാത്ത ക്രൂരതകള്‍ക്കിരയാക്കുമ്പോള്‍ ഇന്ത്യ വേട്ടക്കാരോടൊപ്പം നില്‍ക്കുന്നില്ലെങ്കിലും മൗനം പാലിക്കുന്നത് പോലും അസഹ്യമാണ്. ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളില്‍ സമാധാനത്തിനും പ്രശ്‌നപരിഹാരത്തിനും മുന്നിട്ടുനിന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ. പ്രത്യേകിച്ച് ഫലസ്തീന്‍ പോലുള്ള വിഷയങ്ങളില്‍. ഇപ്പോള്‍ നാം നല്‍കിയ ഈ ഫലസ്തീന്‍ അനുകൂല വോട്ട് സന്ദര്‍ഭോചിതമായിരിക്കുന്നു. പക്ഷേ, അതില്‍മാത്രം അവസാനിപ്പിക്കരുത്. ചരിത്രത്തില്‍ നിന്ന് ഇന്ത്യയെടുത്ത നിലപാടുകള്‍ പഠിച്ചുകൊണ്ട്, പ്രശ്‌നപരിഹാരത്തിന് മുന്‍കൈ എടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. അപ്പോള്‍ മാത്രമാണ്, അങ്ങേയറ്റം ബഹുസ്വരതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാരമ്പര്യമുള്ള ഈ രാജ്യം അതിന്റെ കടമ പൂര്‍ത്തിയാക്കുകയുള്ളൂ.