കെ എസ് ആര്‍ ടി സിയില്‍ നിന്ന് നല്ല വാര്‍ത്തകള്‍

Wait 5 sec.

മികച്ച കലക്്ഷന്‍, സമയത്തിന് ശമ്പളവും പെന്‍ഷനും, പാഴ്‌ച്ചെലവ് ഒഴിവാക്കാന്‍ കര്‍ശന നടപടി തുടങ്ങി ശുഭവാര്‍ത്തകളാണ് അടുത്തിടെയായി കെ എസ് ആര്‍ ടി സിയില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചെലവ് ചുരുക്കി സ്ഥാപനത്തെ ലാഭത്തിലാക്കുമെന്ന വാഗ്ദാനത്തോടെയാണ് കെ ബി ഗണേഷ്‌കുമാര്‍ 2023 ഡിസംബറില്‍ വീണ്ടും ഗതാഗത മന്ത്രിയായി അധികാരമേറ്റത്. കേവല പ്രഖ്യാപനത്തില്‍ ഒതുക്കാതെ വാഗ്ദാനം പ്രാവര്‍ത്തികമാക്കാനുള്ള നടപടികളും അദ്ദേഹം നടത്തി വരുന്നു. അത് ഫലം കാണുന്നുമുണ്ട്. സ്ഥാപനത്തിന്റെ വരുമാനത്തില്‍ അടുത്തിടെയായി നല്ല പുരോഗതിയുണ്ടായി. സെപ്തംബര്‍ എട്ടിന് മാത്രം 10.19 കോടിയുടെ ദിവസവരുമാനമാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ കൈവരിച്ചത്. 21,152 രൂപയാണ് ഒരു ബസില്‍ നിന്നുള്ള അന്നത്തെ ശരാശരി വരുമാനം. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്.ഇതിനു മുമ്പ് 2024 ഡിസംബര്‍ 23ന് ശബരിമല സീസണിലാണ് സ്ഥാപനം മികച്ച വരുമാനം നേടിയത്. 9.22 കോടി രൂപയായിരുന്നു അന്ന് ടിക്കറ്റ് വഴിയുള്ള വരുമാനം. മുന്‍കാലങ്ങളില്‍ സാധാരണ ദിവസങ്ങളില്‍ ശരാശരി ആറ് കോടിയും ഉത്സവ സീസണുകളില്‍ എട്ട് മുതല്‍ ഒമ്പത് കോടി വരെയുമായിരുന്നു കലക്്ഷന്‍.ചെലവുകള്‍ ഗണ്യമായി വെട്ടിക്കുറക്കുന്നതുള്‍പ്പെടെ നടപ്പാക്കിയ പരിഷ്‌കരണ നടപടികളാണ് സ്ഥാപനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് സഹായകമായത്. സര്‍ക്കാറിന്റെ സഹായത്തിന് കാത്തുനില്‍ക്കാതെ ഒന്നാം തീയതി തന്നെ ശമ്പളം നല്‍കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് മാനേജ്‌മെന്റിന് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. സെപ്തംബര്‍ മാസത്തെ ശമ്പളവും ബോണസും നിശ്ചിത സമയത്തിന് ഒരു ദിവസം മുമ്പേ നല്‍കി മാനേജ്‌മെന്റ് ഇത് സാധ്യമാക്കുകയും ചെയ്തു.ഒരേ റൂട്ടില്‍ യാത്രക്കാരില്ലാതെ ബസുകള്‍ നിരനിരയായി ഓടുന്ന പ്രവണത അവസാനിപ്പിക്കുക, കര്‍ണാടക ആര്‍ ടി സിയെ മാതൃകയാക്കി പുനര്‍വിന്യാസം വഴി ജീവനക്കാരെ വെട്ടിക്കുറക്കല്‍, ഡീസല്‍ അളന്ന് നല്‍കല്‍ തുടങ്ങി കര്‍ശന തീരുമാനങ്ങളാണ് ചെലവു ചുരുക്കലിന്റെ ഭാഗമായി സ്വീകരിച്ചത്. ബസുകള്‍ ഓരോ ട്രിപ്പിലും ഓടുന്ന കിലോമീറ്റര്‍ ഡ്രൈവര്‍ രേഖപ്പെടുത്തണം.ഗാരേജിന്റെ ചുമതലയുള്ളയാള്‍ ദിവസവും ഓരോ ഷെഡ്യൂളിനും ഉപയോഗിക്കേണ്ട ഡീസലിന്റെ അളവ് കണക്കാക്കണം. ഏതെങ്കിലും ബസില്‍ കൂടുതല്‍ ഡീസല്‍ ഉപയോഗിച്ചാല്‍ ഉടന്‍ തന്നെ പരിഹാര നടപടികളെടുക്കണം. ഓരോ ബസിന്റെയും ഡിപ്പോ മേധാവി ഡീസല്‍ ചെലവ് കൃത്യതയോടെ നിരീക്ഷിക്കുകയും ചെലവ് കുറക്കാത്ത ഡിപ്പോകള്‍ക്ക് നില മെച്ചപ്പെടുത്താന്‍ നിശ്ചിത സമയം അനുവദിക്കുകയും ചെയ്യും. ഈ നടപടികളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിര കര്‍ശന നടപടികള്‍ക്കും നിര്‍ദേശമുണ്ട്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഡീസല്‍ മോഷ്ടിച്ച് പുറത്തു വില്‍ക്കുന്ന പ്രവണതയുണ്ടായിരുന്നു നേരത്തേ. 2023 ജനുവരിയില്‍ കൊല്ലം ഡിപ്പോയിലെ ഒരു ഡ്രൈവറെ ഡീസല്‍ മോഷണത്തിനിടെ കൈയോടെ പിടികൂടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡീസല്‍ നല്‍കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ചെലവ് ചുരുക്കുന്നതോടൊപ്പം ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനും നടപടികള്‍ സ്വീകരിച്ചു. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ്, ഡ്രൈവിംഗ് സ്‌കൂള്‍, ടൂര്‍ പാക്കേജുകള്‍, കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബസുകളില്‍ പരസ്യം നല്‍കാന്‍ കൂടുതല്‍ അവസരം തുടങ്ങിയവയാണ് ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയത്. 2023 ജൂണിലാണ് 45 ഡിപ്പോകളില്‍ കൊറിയര്‍ സര്‍വീസ് ആരംഭിച്ചത്. ഒരു വര്‍ഷത്തിനകം ഈയിനത്തില്‍ മൂന്ന് കോടി കൈവരിക്കാനായി. 2022-24 സാമ്പത്തിക വര്‍ഷങ്ങളില്‍ 30 കോടിയുടെ പരസ്യവരുമാനവും നേടി. കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളുകള്‍ വഴി ഒന്നര കോടിയും സമ്പാദിച്ചു. 2021ല്‍ ആരംഭിച്ച ടൂര്‍ പാക്കേജുകളും വിജയത്തിലാണ്. സംസ്ഥാനത്തെ വിവിധ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്നായി 120ല്‍ പരം ടൂര്‍ പാക്കേജുകളാണ് നടത്തിവരുന്നത്.ഏറ്റവുമൊടുവില്‍ പ്രൊഫഷനല്‍ ഗാനമേള ട്രൂപ്പ് തുടങ്ങാനുള്ള തീരുമാനത്തിലാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ്. പാട്ടിലും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യമുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ ഗാനമേള ട്രൂപ്പുകളും സ്ഥാപനത്തിന്റെ വരുമാന വര്‍ധന ലക്ഷ്യമാക്കിയാണ്. യാത്ര കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കാന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം, ട്രാവല്‍ കാര്‍ഡ്, ലൈവ് ട്രാക്കിംഗ് സംവിധാനം, വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് തുടങ്ങിയ സേവനങ്ങളും നടത്തി വരുന്നു.1965ലാണ് കെ എസ് ആര്‍ ടി സി (കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍) രൂപം കൊണ്ടത്. തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത, യൂനിയന്‍ നേതാക്കളുടെ അനിയന്ത്രിത ഇടപെടല്‍, സ്വകാര്യ ബസുകളുമായുള്ള ജീവനക്കാരുടെ ഒത്തുകളി, അഴിമതി തുടങ്ങി കാരണങ്ങള്‍ പലതാണ്.കേരളീയരുടെ യാത്രാപ്രശ്‌നത്തിന് പരിഹാരം മാത്രമല്ല, ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതോപാധി കൂടിയാണ് കെ എസ് ആര്‍ ടി സി. ഈ ബോധ്യമുള്‍ക്കൊണ്ട് സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ മാനേജ്‌മെന്റ് കൈകൊള്ളുന്ന നടപടികളോട് സഹകരിക്കുന്നതിനു പകരം തകിടം മറിക്കുന്ന നിലപാടാണ് പലപ്പോഴും യൂനിയന്‍ നേതൃത്വങ്ങള്‍ സ്വീകരിച്ചത്. പണിയെടുക്കാതെ രാഷ്ട്രീയ, സംഘടനാ പ്രവര്‍ത്തനവുമായി നടക്കുന്ന തൊഴിലാളി നേതാക്കളായിരുന്നു സ്ഥാപനത്തിന്റെ ഏറ്റവും വലിയ ശാപം. മാനേജ്‌മെന്റിനോ വകുപ്പ് മന്ത്രിക്കോ അവരെ നിലക്കു നിര്‍ത്താനുള്ള ആര്‍ജവമുണ്ടായതുമില്ല. യൂനിയനുകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ പരിഷ്‌കരണ നടപടികള്‍ നടപ്പാക്കുന്നതില്‍ മന്ത്രി ഗണേഷ് കുമാറും നിലവിലെ മാനേജ്‌മെന്റും കാണിച്ച ആര്‍ജവമാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പുരോഗതിക്കു പിന്നില്‍. കൃത്യമായ ആസൂത്രണവും കൂട്ടായ പ്രവര്‍ത്തനവുമാണ് ഈ പൊതുഗതാഗത സംവിധാനത്തിന്റെ വളര്‍ച്ചക്ക് ആവശ്യം.