കൊച്ചി | സി പി എം നേതാവ് കെ ജെ ഷൈനെതിരായ അപവാദ പ്രചാരണം പ്രത്യേക സംഘം അന്വേഷിക്കും. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയ കെ എം ഷാജഹാന്‍ അടക്കമുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.മുനമ്പം ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും ഉദ്യോഗസ്ഥരും കൊച്ചി സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥരും പ്രത്യേക സംഘത്തിലുണ്ട്. കെ ജെ ഷൈനെതിരായ സമൂഹമാധ്യമ പോസ്റ്റുകളും യൂട്യൂബ് ചാനല്‍ വാര്‍ത്തകളും പ്രത്യേക സംഘം പരിശോധിച്ചുവരികയാണ്. കെ എം ഷാജഹാനെതിരെ എറണാകുളം ജില്ലയിലെ എം എല്‍ എമാരായ വൈപിന്‍ എം എല്‍ എ കെ എന്‍ ഉണ്ണികൃഷ്ണന്‍, കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജിന്‍, കൊച്ചി എം എല്‍ എ കെ ജെ മാക്സി, കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ നാല് സി പി എം എം എല്‍ എമാരെ സംശയ നിഴലില്‍ നിര്‍ത്തും വിധം കെ എം ഷാജഹാന്‍ വീഡിയോ ചെയ്തിരുന്നു.ഇതാണ് പിന്നീട് കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. വാസ്തവ വിരുദ്ധ വീഡിയോ പങ്കുവെച്ച ഷാജഹാനെതിരെ നടപടി വേണമെന്നാണ് എംഎല്‍എമാര്‍ പരാതിയില്‍ ആവശ്യപ്പെട്ടത്.അപവാദ പ്രചാരണത്തിനെതിരെ സി പി എം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ പരാതിയില്‍ കെ എം ഷാജഹാനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഷാജഹാന് പുറമേ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനെതിരെയും പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുള്‍പ്പെടെ ചുമത്തിയായിരുന്നു കേസെടുത്തത്.