ജനാധിപത്യമെന്ന ആശയം നിലനില്‍ക്കുന്ന അവസാന നിമിഷംവരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും സര്‍ !

Wait 5 sec.

ശ്രുതി ശിവശങ്കര്‍ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. രാജ്യത്തെ അനീതിക്കും നീതി നിഷേധത്തിനുമെതിരെ ചോദ്യം ചെയ്യാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശം ആരുടെയും ഒരു നേതാവിന്റെയും ഔദാര്യമല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും വിധേയപ്പെടാതെ, സത്യം ലോകത്തോട് വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകരാണ് ഒരോ രാജ്യത്തിന്റേയും നിലനില്‍പ്പ് തന്നെ. എന്നാല്‍ ഈ വര്‍ത്തമാനകാലത്തില്‍ ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എത്ര മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനും നടത്താന്‍ സാധിക്കുന്നു എന്നത് ഒരു പ്രസക്തമായ ചോദ്യം തന്നെയാണ്. രാജ്യത്തെ പല മാധ്യമസ്ഥാപനങ്ങളുടെയും മുതലാളിമാര്‍ ഫാസിസ്റ്റുകളും വലത് രാഷ്ട്രീയ ചായ്‌വ് ഉള്ളവരും ആണെന്നതാണ് വസ്തുത. അതിനാല്‍ത്തന്നെ ചെങ്കുപ്പായമണിഞ്ഞ വാര്‍ത്തകളാണ് ഇത്തരം മാധ്യമസ്ഥാപനങ്ങളിലൂടെ പുറത്ത് വരുന്നതും. അവിടെയും വേറിട്ട് നില്‍ക്കുന്നതും ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാന്‍ കഴിയുന്നതും വിരലിലെണ്ണാന്‍ കഴിയുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കാണ്. എന്നാല്‍ അത്തരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാധ്യസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും നേരിടുന്നത് വലിയ വെല്ലുവിളികളും ഭീഷണികളുമാണ്. അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഭവിച്ചതും. ബിജെപി നേതാവും തിരുവനന്തപുരം തിരുമല വാര്‍ഡ് കൗണ്‍സിലറുമായ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ക്ഷുഭിതനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ കൈരളി ന്യൂസിന്റെ ചോദ്യങ്ങളോട് കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയത് ഒറ്റപ്പെട്ട സംഭമല്ല. കൈരളിയുടെ വനിതാ മാധ്യമ പ്രവര്‍ത്തകയെ രാജീവ് ചന്ദ്രശേഖര്‍ അധിക്ഷേപിച്ചത് ബിജെപിയുടെ ഒരു പൊതു സ്വഭാവമാണ്. ‘കൈരളി ആണേല്‍ നീ അവിടെ നിന്നാല്‍ മതി, നീ ചോദിക്കരുത്. കാണിച്ചുതാരം ഞാന്‍’ എന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ അധിക്ഷേപം. ഇത്തരം തിട്ടൂരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇറക്കുന്നത് ഒരു ദേശീയ പാര്‍ട്ടിയുടെ കേരളത്തിലെ അധ്യക്ഷനാണ്. കാണിച്ചുതരാം എന്ന വാക്കില്‍ ഒരു ഫാസിസ്റ്റ് ശക്തിയുടേയും അധികാരം കയ്യിലിരിക്കുന്നവന്റെയും എല്ലാ ധാര്‍ഷ്ട്യവുമുണ്ട്. ബിജെപിക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കെതിരെ ചിലപ്പോള്‍ ഇ ഡി എന്ന രണ്ടക്ഷരത്തെ ഉപയോഗിക്കുമായിരിക്കും, അതുമല്ലെങ്കില്‍ അധികാരം ഉപയോഗിച്ച് ഒരുപക്ഷേ അവര്‍ ഇന്ത്യയിലേക്ക് കുടിയേറി വന്നവരാണ് എന്ന് വരെ തെളിയിക്കുമായിരിക്കും. എന്തികൊണ്ടായിരിക്കും പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് മാധ്യമങ്ങളെ ഇത്രയും ഭയം. 2014ല്‍ അധികാരത്തിലേറിയ നരേന്ദമോദി സര്‍ക്കാര്‍ ഇതുവരെ ഒരു വാര്‍ത്താസമ്മേളനം പോലും വിളിച്ചുചേര്‍ത്തിട്ടില്ല. രാജ്യം പല ദുരന്തമുഖങ്ങളിലൂടെ കടന്നുപോകുമ്പോഴും പല കലാപങ്ങളും യുദ്ധസമാനമായി മാറുമ്പോഴും എണ്ണമില്ലാത്തത്ര ഇന്ത്യക്കാര്‍ മരിച്ചുവീഴുമ്പോള്‍പ്പോലും മാധ്യമങ്ങളെ കാണാമോ സംസാരിക്കാനോ തയ്യാറാകാത്തെ മോദിയെ കണ്ട് പഠിക്കുന്ന ബിജെപി നേതാക്കള്‍ക്ക്, ചോദ്യങ്ങള്‍ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ പലപ്പോഴും ഭയക്കേണ്ടി വരുന്നതിന്റെ പൊരുള്‍തേടി അധികം യാത്ര ചെയ്യേണ്ടതില്ല. ആര്‍എസ്എസ്സിനേയും ബിജെപിയേയും ചോദ്യം ചെയ്യാന്‍ ഇനി ആരും മുതിരരുത് എന്ന അജണ്ടയാണ് ഓരോ നേതാക്കളും മുന്നോട്ട് വയ്ക്കുന്നത്. ഞങ്ങള്‍ക്കെതിരെ ചോദ്യം ചെയ്താല്‍ നിങ്ങള്‍ ഭയപ്പെടേണ്ടിവരുമെന്നും നിങ്ങള്‍ വിചാരിക്കുന്നതുപോലെയായിരിക്കില്ല അതിന്റെ പരിണിതഫലമെന്നും ഓരോ ഇന്ത്യക്കാരെയും മാധ്യമപ്രവര്‍ത്തകരേയും ഓര്‍മിപ്പിക്കുകയാണ് ഇത്തരം സന്ദര്‍ഭങ്ങള്‍. എന്നാല്‍ ഇത്തരം തിട്ടൂരങ്ങളില്‍ ഭയപ്പെടാത്ത ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും നിങ്ങളുടെ ചുറ്റുവട്ടത്തുണ്ടെന്ന് ഇനിയും നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ഒരു കേന്ദ്രീകൃത അധികാര വ്യവസ്ഥയില്‍ നിന്നുകൊണ്ട് തങ്ങളുടെ അജണ്ടകളെ മറ്റെല്ലാത്തിനേക്കാളും മുകളില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രവണത ഒരിക്കലും അംഗീകരിക്കപ്പെടില്ല. ഞങ്ങള്‍ക്കെതിരെ ഒരു എതിരഭിപ്രായത്തേയും അനുവദിക്കുന്നില്ല എന്ന മര്‍ക്കടമുഷ്ടിയൊക്കെ എക്കാലവും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. ജനാധിപത്യം നിലനില്‍ക്കുന്ന അവസാന നിമിഷം വരെയല്ല, മറിച്ച് ജനാധിപത്യമെന്ന ആശയം നിലനില്‍ക്കുന്ന അവസാന നിമിഷംവരെ ചോദിക്കേണ്ടത് ഉറക്കെ ചോദിച്ചുകൊണ്ട് തന്നെയിരിക്കും.The post ജനാധിപത്യമെന്ന ആശയം നിലനില്‍ക്കുന്ന അവസാന നിമിഷംവരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും സര്‍ ! appeared first on Kairali News | Kairali News Live.