ദുബൈ|സംരംഭകത്വത്തിന്റെ ആഗോള തലസ്ഥാനമെന്ന നിലയിൽ യു എ ഇയുടെ സ്ഥാനം ഏകീകരിക്കുന്നതിനായി പുതിയ ദേശീയ ക്യാമ്പയിൻ ആരംഭിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്തിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്. “യു എ ഇ: ലോകത്തിന്റെ സംരംഭകത്വ തലസ്ഥാനം’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിൻ 10,000 സംരംഭകരെ വളർത്തുന്നതിനും 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.പൊതു-സ്വകാര്യ മേഖലകളിലെ 50-ൽ അധികം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്ന ഈ ക്യാമ്പയിൻ നടപ്പാക്കുന്നത്. യുവാക്കൾ സ്വന്തം കമ്പനികൾ കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക വികസന പ്രക്രിയയിൽ പങ്കാളികളാകുന്നതിനും അവബോധം നൽകുന്നതിന് ഊന്നൽ നൽകും.നിലവിൽ, യു എ ഇയിൽ 50 ബിസിനസ് ഇൻകുബേറ്ററുകളുണ്ട്. രാജ്യത്തിന്റെ എണ്ണ ഇതര ദേശീയ ഉത്പാദനത്തിന്റെ 63 ശതമാനത്തിലധികവും ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് നൽകുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതിൽ ലോകത്തിലെ മികച്ച 56 സമ്പദ്്വ്യവസ്ഥകളിൽ ഒന്നായി യു എ ഇ മാറിയിട്ടുണ്ട്.പുതിയ സംരംഭങ്ങൾക്ക് മാർഗനിർദേശം നൽകുന്നതിനായി “സ്റ്റാർട്ടപ്പ് യു എ ഇ’ എന്ന പ്ലാറ്റ്‌ഫോമും ആരംഭിക്കും. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിൽ നിന്ന് പ്രയോജനം നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനും ഈ ക്യാമ്പയിൻ പ്രവർത്തിക്കും.