അവതാരകൻ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി

Wait 5 sec.

ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവതാരകൻ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അതി വൈകാരികമായ കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. വേഗം തിരികെ വരൂ എന്ന് എ‍ഴുതിക്കൊണ്ടായിരുന്നു പോസ്റ്റ് പങ്കുവെച്ചത്.ലേക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടുള്ള നന്ദി അദ്ദേഹം അറിയിച്ചു. 29 ദിവമായി ചികിത്സയില്‍ തുടരുന്നുണ്ട്. എയര്‍ ആംബുലൻസ് സൗകര്യമൊരുക്കിയാണ് വെല്ലൂരില്‍ രാജേഷിനെ എത്തിച്ചത്. രാജേഷിൻ്റെ ആരോഗ്യ വിവരങ്ങൾ തിരക്കി വിളിക്കുന്ന, മെസ്സേജ് അയക്കുന്നവരോടൊക്കെ സ്‌നേഹവും നന്ദിയും മാത്രമെന്നും പ്രാർത്ഥന തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു.ALSO READ: എല്ലാ വീടുകളിലും വയോജനമുറി, തെരുവ് നായകൾക്ക് റീഹാബിലിറ്റേഷൻ സെന്റർ..; വേറിട്ട ആശയങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷന്റെ വികസനസദസ്സ് ഓപ്പൺ ഫോറംഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപംനമ്മുടെ പ്രിയപ്പെട്ട രാജേഷ് Rajesh Keshav ഇന്നൊരു യാത്രയ്ക്ക് തുടക്കമിടുകയാണ്. പല രാജ്യങ്ങളിൽ, ഒരുപാട് സന്തോഷത്തോടെ ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഈ യാത്ര കൊച്ചിയിൽ നിന്നും വെല്ലൂർ ഹോസ്പിറ്റലിലേക്കാണ്. രാജേഷിൻ്റെ അനുജൻ രൂപേഷും ഭാര്യ സിന്ധുവും ഒപ്പമുണ്ട്.കഴിഞ്ഞ 29 ദിവസങ്ങളായി കൊച്ചിയിലെ ലേക് ഷോർ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ആത്മാർത്ഥമായ ചികിത്സയിലും, രാജേഷിനെ ഒരു സഹോദരനെ പോലെ, മകനെപ്പോലെ 24 മണിക്കൂർ പരിചരിച്ച ദൈവത്തിൻ്റെ മാലാഖമാരായ സിസ്റ്റർമാരോടും, കൂടെ നിന്നു സഹകരിച്ച മറ്റു ജീവനക്കാരോടും, മാനേജ്മെൻ്റിനും നന്ദി. രാജേഷിന് എത്രയും പെട്ടെന്ന് വെല്ലൂരിൽ എത്തിക്കാൻ എയർ ആംബുലൻസ് ഒരൊറ്റ രാത്രി കൊണ്ട് അറേഞ്ച് ചെയ്ത ചങ്ങാതി കൂട്ടത്തിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഹൃദയത്തോട് ചേർക്കുന്നു. കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപിയോടും, ശ്രീ SKN ന്നോടും, ശ്രീ യൂസഫലി സാറിനോടും,വേഫയർ ഫിലിംസ് ടീമിനോടും, തോളോട് ചേർന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുന്ന സ്വരാജിനെയും, ശ്രീനിയെയും, രാജാകൃഷ്ണനെയും, രാജീവ്‌ വാര്യരെയും, പ്രേമിനെയും, ഷെമീം നെ പോലുള്ള ഒരുപാടു സുഹൃത്തുക്കളോടു നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും.ചങ്കു സുഹൃത്തുക്കളുടെ പേരുകൾ ഇനിയും ഒരുപാടുണ്ട് പറയാൻ… വെൻ്റിലേറ്റർ സംവിധാനമടക്കമുള്ള പ്രത്യേക ആംബുലൻസ് ലേക് ഷോറിൽ നിന്നും പുറപ്പെട്ടു, രാജേഷ് വീഴുന്നതിനു മുൻപ് പരിപാടി അവതരിപ്പിച്ച ക്രൗൺ പ്ലാസ ഹോട്ടലും, വൈറ്റിലയും, പാലാരിവട്ടവും കടന്നു വേഗത്തിൽ ഇടപ്പള്ളി എത്തുമ്പോൾ ഇടതു വശത്തായി ലുലു മാളും, മാരിയറ്റും. അവൻ കൊച്ചിയിൽ ഏറ്റവുമധികം ആർപ്പ് വിളിച്ച സ്റ്റേജും, താമസിച്ച ഹോട്ടലും … പിന്നിടുന്ന വഴികൾ രാജേഷ് അറിഞ്ഞിട്ടുണ്ടാവുമോ?ആംബുലൻസിൻ്റെ സൈറൺ വിളിയിൽ അവൻ്റെ ശബ്ദം കുറഞ്ഞു പോയോ എന്നറിയില്ല. ആലുവയും കടന്ന് വേഗത്തിൽ നെടുമ്പാശ്ശേരിയിൽ എത്തി. 15 മിനിറ്റ് കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി, മരുന്നുകൾ അടക്കമുള്ള ബാഗുകൾ ക്ലിയർ ചെയ്തു. എയർ ആംബുലൻലേക്ക് കയറ്റാനും ICATT യുടെ ക്യാപ്റ്റനും, ഡോക്ടറും അടക്കമുള്ള സംഘം തയ്യാറായി നിൽക്കുന്നു. ഒന്നര മണിക്കൂർ കൊണ്ട് എത്തുമെന്ന് പ്രതീക്ഷയിൽ യാത്ര തുടരുകയാണ്.വെല്ലൂരിലും കാര്യങ്ങൾ ഏകോപിപ്പിക്കുന്ന കുറച്ചു വലിയ മനുഷ്യരുണ്ട്. അത് പിന്നെയെഴുതാം. രാജേഷിൻ്റെ ആരോഗ്യ വിവരങ്ങൾ തിരക്കി വിളിക്കുന്ന, മെസ്സേജ് അയക്കുന്നവരോടൊക്കെ സ്‌നേഹം..നന്ദി.. നിങ്ങളുടെ പ്രാർത്ഥന തുടരുക. രാജേഷ് പഴയ ആവേശത്തോടെ, ആരോഗ്യത്തോടെ എത്രയും വേഗം മടങ്ങി വരും.. പ്രാർത്ഥിക്കുക… കാത്തിരിക്കുക..The post അവതാരകൻ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി appeared first on Kairali News | Kairali News Live.