കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിഭാഗീയത ശക്തമാകുന്നു. കോൺഗ്രസ് വിമത വിഭാഗം കഴിഞ്ഞദിവസം സമാന്തരയോഗം ചേർന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ, കോൺഗ്രസിലെ പ്രാദേശിക ഘടകങ്ങളിലും ചേരിതിരിവ് രൂക്ഷമാവുകയാണ്കഴിഞ്ഞദിവസം രാത്രിയിലാണ് കോഴിക്കോട് ഉള്ളിയേരിയിൽ കോൺഗ്രസിലെ വിമത വിഭാഗം യോഗം ചേർന്നത്. നിലവിലെ ഉള്ളിയേരി മണ്ഡലം പ്രസിഡൻ്റ് സുരേഷ് കെ കെക്ക് എതിരെയും മറ്റു നേതാക്കന്മാർക്കെതിരെയും രൂക്ഷമായ വിമർശനം യോഗത്തിൽ ഉയർന്നു. മണ്ഡലം പ്രസിഡൻ്റ് ഗ്രൂപ്പ് വക്താവായി പ്രവർത്തിക്കുന്നുവെന്നും, പാർട്ടി പരിപാടികളിൽ മറ്റ് ഗ്രൂപ്പിൽപ്പെട്ടവരെ തഴയുന്നു എന്നുമാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം.മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം പ്രസന്നൻ ഉള്ളിയേരി, മണ്ഡലം സെക്രട്ടറി സുധീർ പട്ടാങ്കോട്ട്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് ഷമീർ നളന്ദ, മഹിള കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം. എന്നാൽ, പാർട്ടിക്കുള്ളിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും, യൂത്ത് കോൺഗ്രസ് നേതാവായ ഷമീർ ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്നും, നേരത്തെ പുറത്താക്കിയെന്നുമാണ് മണ്ഡലം പ്രസിഡൻ്റിൻ്റെ പ്രതികരണം.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തിൽ, പാർട്ടിക്കുള്ളിൽ ഉടലെടുത്ത വിഭാഗീയതയും പ്രതിസന്ധിയും ജില്ലയിലെ കോൺഗ്രസിന് തലവേദന ആയിരിക്കുകയാണ്.