കണ്ണൂര്‍ | വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീ (33) മിന് വിട. മയ്യിത്ത് കാനച്ചേരി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇന്നലെ വൈകിട്ട് 3.20 ഓടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മയ്യിത്ത് വിട്ടുനല്‍കി. അഞ്ചിടങ്ങളിലായി മയ്യിത്ത് നിസ്‌കാരം നടന്നു. ജാഫറിന്റെ നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി അനുശോചിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളജ് മര്‍കസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സിറാജ് ഓഫീസില്‍ നടക്കാവ് പള്ളി ഖതീബ് റഹ്മത്തുല്ല നിസാമി, അത്തായക്കുന്ന് ഖലീഫാ പള്ളിയില്‍ സയ്യിദ് ഫള്ല്‍ തങ്ങള്‍, പുറത്തിയില്‍ കോളിന്‍മൂല ദാറുല്‍ ഉലൂം സെക്കന്‍ഡറി മദ്റസയില്‍ സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം, കാനച്ചേരി പള്ളിയില്‍ അബ്ദുസ്സമദ് ബാഖവി ദേശാല നേതൃത്വം നല്‍കി. സിറാജ് ജീവനക്കാരും സംഘടനാ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കോഴിക്കോട് സിറാജ് ഓഫീസിലെത്തിച്ച ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി, സെക്രട്ടറിമാരായ എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ പ്രസിഡന്റ് ഇ പി മുഹമ്മദ്, ജനറല്‍ സെക്രട്ടറി പി കെ സജിത്, കെ എന്‍ ഇ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു.കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 12.50ന് കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിലുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ കോഴിക്കോട്- വയനാട് ദേശീയപാതയില്‍ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഗുരുതര പരുക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സിറാജ് മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപോര്‍ട്ടറായി സേവനമനുഷ്ഠിച്ച ശേഷം അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. കണ്ണൂര്‍ കാനച്ചേരി ചാപ്പ ബിസ്മില്ലാ മന്‍സിലില്‍ പുതിയ പുരയില്‍ അബ്ദുര്‍റഹീം- ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.