ന്യൂഡൽഹി | അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ഒളിച്ചിരുന്ന് യാത്ര ചെയ്ത 13 വയസ്സുകാരനെ സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുട്ടിയെ അതേ ദിവസം തന്നെ കാബൂളിലേക്ക് തിരിച്ചയച്ചു.രാവിലെ 11:10-ഓടെ കാം എയർലൈൻസിന്റെ RQ-4401 വിമാനം ഡൽഹിയിൽ ലാൻഡിംഗ് ചെയ്തപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വിമാനം ടാക്സിവേയിലൂടെ നീങ്ങുമ്പോൾ ഒരാൾ നടന്നുപോകുന്നത് എയർലൈനിന്റെ സുരക്ഷാ ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ അദ്ദേഹം എയർപോർട്ട് സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ സെന്ററിനെ വിവരമറിയിച്ചു. തുടർന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിൽ കുട്ടി അഫ്ഗാനിസ്ഥാനിലെ കുണ്ടുസ് പ്രവിശ്യയിൽ നിന്നുള്ളയാളാണെന്ന് തിരിച്ചറിഞ്ഞു. കാബൂൾ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനത്തിന്റെ റിയർ സെൻട്രൽ ലാൻഡിംഗ് ഗിയറിൽ കയറിക്കൂടുകയായിരുന്നു. “വീൽ-വെൽ സ്റ്റോവേ” എന്നറിയപ്പെടുന്ന ഈ രീതിയിൽ, ആളുകൾ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കമ്പാർട്ട്‌മെന്റിൽ ഒളിച്ചിരുന്ന് യാത്ര ചെയ്യാൻ ശ്രമിക്കാറുണ്ട്.ഏകദേശം 94 മിനിറ്റോളം നീണ്ട ഈ യാത്ര അത്ഭുതകരമായി കുട്ടി അതിജീവിച്ചു. ചോദ്യം ചെയ്യലിനുശേഷം ഉച്ചകഴിഞ്ഞ് 4 മണിയോടെ തന്നെ കുട്ടിയെ മറ്റൊരു വിമാനത്തിൽ കാബൂളിലേക്ക് തിരിച്ചയച്ചു. വിമാനം വിശദമായി പരിശോധിച്ചപ്പോൾ ലാൻഡിംഗ് ഗിയർ കമ്പാർട്ട്‌മെന്റിൽ നിന്ന് ഒരു ചുവപ്പ് സ്പീക്കറും കണ്ടെത്തി. ഇത് കുട്ടി യാത്രയിൽ കൊണ്ടുപോയതാവാം എന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചു.