വിഴിഞ്ഞം തുറമുഖം പ്രതീക്ഷിച്ചതിലേറെ വിജയം; രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരി രണ്ടാം വാരത്തിലെന്ന് മന്ത്രി വി എൻ വാസവൻ

Wait 5 sec.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വിജയകരമായി മുന്നോട്ട് പോകുന്നു എന്ന് മന്ത്രി വി എൻ വാസവൻ. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ, ലക്ഷ്യമിട്ടതിനേക്കാൾ നാല് ലക്ഷത്തോളം കണ്ടെയ്‌നറുകൾ അധികമായി കൈകാര്യം ചെയ്യാൻ തുറമുഖത്തിന് കഴിഞ്ഞു എന്ന് മന്ത്രി പറഞ്ഞു.2024 ഡിസംബർ മൂന്നിനാണ് എൻജിനീയർമാർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്ന് വിഴിഞ്ഞത്ത് വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആദ്യത്തെ വർഷം 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും, 616 ഷിപ്പുകളിലൂടെ 13.25 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 636 ഷിപ്പുകൾ തുറമുഖത്തെത്തി, 14 ലക്ഷത്തോളം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു.ഏഷ്യാ ഭൂഖണ്ഡത്തിൽ ഇതുവരെ വന്നിട്ടില്ലാത്ത കപ്പലുകൾ വിഴിഞ്ഞത്ത് വന്നുപോയി എന്നതാണ് ഇതിലെ സവിശേഷ സാഹചര്യം. MSC Turkey, MSC Irena, MSC Verona ഉൾപ്പെടെയുള്ള ലോകത്തെ ഏറ്റവും കൂറ്റൻ കപ്പലുകളാണ് വിഴിഞ്ഞം തുറമുഖത്തെത്തി മടങ്ങിയത്.ALSO READ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത്, സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിട്ട് തടിയൂരാനുമുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം: നാഷണൽ ലീഗ്തുറമുഖത്തിന്റെ തുടർപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗം ഇന്ന് ചേർന്നു. തുറമുഖ നിർമ്മാണത്തിന്റെ സെക്കൻഡ്, തേർഡ്, ഫോർത്ത് എന്നീ മൂന്ന് ഘട്ടങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞു. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജനുവരി മാസം രണ്ടാം വാരത്തിൽ നടക്കും. മുഖ്യമന്ത്രിയുടെയും അദാനിയുടെയും സൗകര്യം ചോദിച്ച ശേഷമായിരിക്കും കൃത്യമായ തീയതി പ്രഖ്യാപിക്കുകയെങ്കിലും, രണ്ടാം വാരത്തിനപ്പുറം ഇത് പോകില്ല.രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും. നിലവിലുള്ള 800 മീറ്റർ ബർത്ത് 1200 മീറ്റർ കൂടി വർദ്ധിപ്പിച്ച് 2000 മീറ്റർ ബർത്താക്കും. ഇതോടെ, കൂറ്റൻ കപ്പലുകൾക്ക് പലതിനും ഒരേ സമയം അൺലോഡ് ചെയ്യാനും ലോഡ് ചെയ്യാനും കഴിയും. 2.96 കിലോമീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ 920 മീറ്റർ കൂടി വർദ്ധിപ്പിച്ച് 3900-ൽ പരം മീറ്ററാക്കും. താൽക്കാലികമായി ഉണ്ടായിട്ടുള്ള അപ്രോച്ച് റോഡിന്റെ കണക്ടിവിറ്റി പൂർത്തിയാക്കിയത് ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. അതോടെ റോഡ് മാർഗമുള്ള ചരക്കുഗതാഗതത്തിന് തുടക്കമാകും.വിഴിഞ്ഞം തുറമുഖത്തിന് അടുത്തിടെ ഐസിപി (Inland Container Port/Depot) സ്റ്റാറ്റസ് ലഭിച്ചു. ഗുജറാത്തിലെയും കൊൽക്കത്തയിലെയും പോർട്ടുകൾക്ക് ഒപ്പമാണ് ഈ നോട്ടിഫിക്കേഷൻ വന്നത്. ഐസിപി സ്റ്റാറ്റസ് ലഭിച്ചതോടെ ടൂറിസം രംഗത്ത് പുതിയ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ പോകുകയാണ്. ടൂറിസം ഡിപ്പാർട്ട്‌മെന്റുമായി ആലോചിച്ചായിരിക്കും ഇത് മുന്നോട്ട് കൊണ്ടുപോവുക.ഭാവിയിലെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾക്ക് തീരുമാനമായി. ഷിപ്പിങ് ആവശ്യങ്ങൾക്കായി കടലിൽ നിന്ന് തന്നെ ഡ്രഡ്ജ് ചെയ്ത് മുന്നോട്ട് പോകാനും തീരുമാനിച്ചിട്ടുണ്ട്.റെയിൽവേ കണക്ടിവിറ്റിയായി ബന്ധപ്പെട്ട് 9.2 മീറ്റർ തുരംഗപാതയും ഉൾപ്പെടെ മൊത്തം 10.7 കിലോമീറ്റർ റെയിൽവേ പാതയാണ് പദ്ധതിയിലുള്ളത്. ഈ പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഒരു മീറ്റിംഗ് കൂടി കഴിഞ്ഞാൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ദേശീയപാതയുമായി ബന്ധപ്പെട്ട് ക്ലോവർ ലീഫ് ഉൾപ്പെടെയുള്ള റോഡ് കണക്ടിവിറ്റിക്കുള്ള അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഭാവിയിൽ ഏറ്റവും വലിയ ബിസിനസ്സിൽ മുന്നോട്ട് പോകാൻ ഈ ക്ലോവർ ലീഫ് ആവശ്യമാണ്.പുതുക്കി നിശ്ചയിച്ച കരാർ അനുസരിച്ച്, രണ്ടും, മൂന്നും, നാലും ഘട്ടങ്ങൾ 2028-ൽ പൂർത്തീകരിക്കണം. ആദ്യത്തെ കരാർ അനുസരിച്ച് 2045 ആയിരുന്നു പൂർത്തീകരണ കാലാവധി. 2028-ഓടെ ഈ ഘട്ടങ്ങൾ പൂർത്തിയാക്കുന്നതോടെ തുറമുഖം ലോകം ശ്രദ്ധിക്കപ്പെടുന്ന നമ്പർ വൺ തുറമുഖമായി മാറുമെന്നാണ് പ്രതീക്ഷ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.The post വിഴിഞ്ഞം തുറമുഖം പ്രതീക്ഷിച്ചതിലേറെ വിജയം; രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരി രണ്ടാം വാരത്തിലെന്ന് മന്ത്രി വി എൻ വാസവൻ appeared first on Kairali News | Kairali News Live.