പാലക്കാട് നഗരസഭയില്‍ ബി ജെ പിക്ക് ഹാട്രിക് ഉറപ്പില്ല; യു ഡി എഫും എല്‍ ഡി എഫും കൈകോര്‍ത്താല്‍ ഭരണത്തിന് പുറത്താകും

Wait 5 sec.

പാലക്കാട് | പാലക്കാട് നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി ജെ പി. 25 വാര്‍ഡുകളാണ് പാര്‍ട്ടി സ്വന്തമാക്കിയത്. എന്നാല്‍, മൂന്നാം തവണയും അധികാരത്തില്‍ വരികയെന്ന ബി ജെ പി സ്വപ്‌നം പൂവണിയുമോ എന്ന കാര്യം നിലവിലെ സാഹചര്യത്തില്‍ ഉറപ്പില്ല. ഭരിക്കാന്‍ ഒറ്റക്ക് ഭൂരിപക്ഷമില്ലെന്നതാണ് ബി ജെ പിക്ക് പ്രതിസന്ധിയാകുന്നത്. എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികളും സ്വതന്ത്രരും ഒന്നിച്ചാല്‍ ബി ജെ പുറത്തിരിക്കേണ്ടി വരും.ആകെയുള്ള 53 വാര്‍ഡില്‍ ബി ജെ പി 25 വാര്‍ഡുകളിലാണ് വിജയിച്ചത്. യു ഡി എഫിന് 17 ലും എല്‍ ഡി എഫ് എട്ടിലും വിജയിച്ചു. ജയം നേടിയ മൂന്ന് സ്വതന്ത്രന്മാരില്‍ രണ്ടുപേര്‍ എല്‍ ഡി എഫ് പിന്തുണ നല്‍കിയവരാണ്.സംസ്ഥാനത്ത് ബി ജെ പി ആദ്യമായി അധികാരത്തിലേറിയ നഗരസഭയാണ് പാലക്കാട്. 2015ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 15 സീറ്റാണ് നേടാനായത്. 2020ലെ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ അത് 28 ആയി വര്‍ധിച്ചു. എന്നാല്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബി ജെ പിക്കായില്ല. യു ഡി എഫും എല്‍ ഡി എഫും മുമ്പത്തേതിനെക്കാള്‍ ഓരോ സീറ്റ് വീതം അധികം നേടുകയും ചെയ്തു. അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നിലവിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയാണ് ചെയ്തത്. കഴിഞ്ഞ തവണ വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ച വെണ്ണക്കര സൗത്ത് ഇത്തവണ യു ഡി എഫ് പിടിച്ചെടുത്തു.