കിഫ്ബി മസാലബോണ്ട് കേസിലെ ഇ ഡി നോട്ടീസിൻ്റെ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഉത്തരവിറങ്ങി 24 മണിക്കൂറാകും മുമ്പ് ഇഡി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെന്ന് തോമസ് ഐസക്. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയ്ക്കും തോമസ് ഐസക്കിനുമെതിരായ തുടർ നടപടികള്‍ സ്റ്റേ ചെയ്തത് ശരിയല്ല എന്നതാണ് പ്രധാന വാദമെന്ന് ഇഡി ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെയും തന്നെയും രാഷ്ട്രീയമായി വേട്ടയാടണമെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായി നോക്കാമെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ രൂപംഹൈക്കോടതി സിംഗിൾ ബഞ്ച് കാരണം കാണിക്കൽ നോട്ടീസിന്മേലുള്ള തുടർ നടപടികൾ സ്റ്റേ ചെയ്ത് ഉത്തരവിറങ്ങി 24 മണിക്കൂർ ആകും മുമ്പ് ED ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയിരിക്കുന്നു. കിഫ്ബിയാണല്ലോ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയെ സമീപിക്കാതെ പോലും മുഖ്യമന്ത്രിയ്ക്കും തോമസ് ഐസക്കിനുമെതിരായ തുടർ നടപടികളും സ്റ്റേ ചെയ്യപ്പെട്ടിരിക്കുന്നു. ഇതു ശരിയല്ല എന്നതാണ് പ്രധാന വാദം എന്നാണ് വാർത്തകളിൽ നിന്നും മനസിലാകുന്നത്. ഉന്നം വ്യക്തമാണല്ലോ? മുഖ്യമന്ത്രിയെയും എന്നെയും രാഷ്ട്രീയമായി വേട്ടയാടണം. നിയമപരമായി നോക്കാം.കിഫ്ബി മസാലാ ബോണ്ട് പണം പശ്ചാത്തല സൗകര്യ നിർമ്മിതിയ്ക്ക് ഉപയോഗിച്ചു എന്നതാണ് ആക്ഷേപം എങ്കിൽ അത് രണ്ടു കയ്യും ഉയർത്തി ഞങ്ങൾ സമ്മതിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരു പൊതു പ്രസ്താവന മാത്രമായിരുന്നില്ല. അതേ തരത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ (ED) മസാലാ ബോണ്ട് അഡ്ജ്യൂഡിക്കേഷൻ നടപടികളെ കേരള ഹൈക്കോടതിയിൽ കിഫ്ബി ചോദ്യം ചെയ്തത്.കിഫ്ബിയ്ക്കും അതിന്റെ ഉപാധ്യക്ഷനായിരുന്ന എനിക്കും എതിരെ കഴിഞ്ഞ മൂന്നര കൊല്ലമായി ആവർത്തിച്ച് ആവർത്തിച്ച് സമൻസ് അയച്ചായിരുന്നു രാജ്യത്തെ കിടുക്കുന്ന അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ അഭ്യാസം. വിട്ടുകൊടുക്കില്ല എന്നു വന്നതോടെ സമൻസ് പിൻവലിച്ച് അവരുടെ ‘വഴിക്കുള്ള’ അന്വേഷണം നടത്തി ഒരു റിപ്പോർട്ട് ഉണ്ടാക്കി.സമൻസുകൾ സംബന്ധിച്ച് കൊടുത്ത കേസിൽ കേരള ഹൈക്കോടതി ഒരു വിധിന്യായം റിസർവ് ചെയ്തിരിക്കുമ്പോഴാണ് ഈ അന്തിമ റിപ്പോർട്ട് സമർപ്പിക്കലും അഡ്ജ്യൂഡിക്കേഷൻ നടപടികളും എന്നതും ഓർക്കണം.അന്തിമ റിപ്പോർട്ട് വന്നപ്പോൾ മല എലിയെ പെറ്റതു പോലെയായി. മസാല ബോണ്ട് വഴി സമാഹരിച്ച പണം റിസർവ് ബാങ്ക് റെഗുലേഷൻ പ്രകാരം നിഷിദ്ധമായ റിയൽ എസ്റ്റേറ്റ് മേഖലയിൽ മുടക്കി. അങ്ങനെ വിദേശ നാണയ നിയന്ത്രണ നിയമം കിഫ്ബി ലംഘിച്ചു, ഈ ലംഘനം കിഫ്ബി ചെയർമാനായ കേരള മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നടന്നത്, കിഫ്ബി വൈസ് ചെയർമാനായ ഞാൻ ഇങ്ങനെ ഭൂമി കൈമാറ്റത്തിന് പണം അതതു ജില്ലാ കളക്റ്റർമാർക്ക് കൈമാറാൻ ഉത്തരവ് കൊടുക്കുക എന്നിവ ഉൾപ്പടെ ഈ നിയമ ലംഘനത്തിന്റെ ഭാഗമായി. അതിനാൽ മുഖ്യമന്ത്രിക്കും എനിക്കും കിഫ്ബി സിഇഓ ശ്രീ കെ. എം. എബ്രഹാമിനും എതിരെ അഡ്ജ്യൂഡിക്കേഷൻ നടപടികൾ ആരംഭിക്കണം. ഇതാണ് ഈ അന്തിമ റിപ്പോർട്ടിന്റെ ചുരുക്കം. ദില്ലിയിലുള്ള അഡ്ജ്യൂഡിക്കേഷൻ സ്പെഷ്യൽ ഡയറക്ടർ ഞങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അതാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ഇവിടെ ആഘോഷിക്കപ്പെട്ട സംഗതി.കിഫ്ബി ഈ അഡ്ജ്യൂഡിക്കേഷൻ നടപടികളെ കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. റിസർവ് ബാങ്ക് റെഗുലേഷൻ പ്രകാരം നിഷിദ്ധമായ റിയൽ എസ്റ്റേറ്റ് മേഖലയിൽ കിഫ്ബി മസാല ബോണ്ട് പണം മുടക്കിയിട്ടില്ല. പശ്ചാത്തല സൗകര്യ നിർമ്മിതിയ്ക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് ഊഹക്കച്ചവടത്തിനുള്ള റിയൽ എസ്റ്റേറ്റ് ബിസിനസ് ആകുന്നതെങ്ങനെ? മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപയിൽ 466 കോടി രൂപ ഭൂമി വാങ്ങലിന് ഉപയോഗിച്ചു എന്നതാണ് ഇക്കാലമത്രയും ഇക്കണ്ട കോലാഹലങ്ങൾ എല്ലാം നടത്തി അന്വേഷിച്ച് കണ്ടെത്തിയ കുറ്റം. ഈ ആരോപണം അപ്പാടെ അംഗീകരിച്ചാൽ തന്നെ അതെങ്ങനെ കുറ്റമാകും എന്നതായിരുന്നു ഈ റിട്ട് ഹർജിയിലെ ചോദ്യം. ഈ നോട്ടീസും തുടർ നടപടികളും സദുദ്ദേശപരമല്ല. അഡ്ജ്യൂഡിക്കേഷൻ നടപടികൾ തടയണം എന്നതാണ് ഹർജിയിലെ ആവശ്യം.കേവലം സാങ്കേതികമായ എതിർപ്പ് ഉയർത്തി ഹർജി തള്ളിക്കാനായിരുന്നു ED-യുടെ ശ്രമം. ഹർങിക്കാർ നേരെ ഹൈക്കോടതിയിൽ വരുന്നത് ശരിയല്ല. കാരണം കാണിക്കൽ നോട്ടീസിൽ മറുപടി കൊടുത്ത് ഇതേ വാദങ്ങൾ ഉന്നയിക്കുകയാണ് വേണ്ടത്. റിട്ട്പെറ്റീഷൻ ഇപ്പോൾ അപക്വമാണ്. അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി പോലെയുള്ള സംവിധാനങ്ങളെയാണ് ഈ ഘട്ടത്തിൽ സമീപിക്കേണ്ടത് എന്ന് സുപ്രീം കോടതി വിധികൾ ഉന്നയിച്ച് ED വാദിച്ചു. ഇതേ വാദങ്ങൾ കാരണം കാണിക്കൽ നോട്ടീസിനു മറുപടിയായി ഉന്നയിച്ച് തുടർ നടപടികൾ നിലനിൽക്കില്ല എന്നു ആവശ്യപ്പെടാമല്ലോ എന്നതായിരുന്നു ED വാദത്തിന്റെ ചുരുക്കം.കോടതി നിർണ്ണായകമായ ഇടപെടൽ നടത്തിയത് ഇവിടെയാണ്.കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയല്ല ഇത്. മറിച്ച്, ED ഉയർത്തുന്ന ആക്ഷേപങ്ങൾ അപ്പാടെ അംഗീകരിച്ചാലും പ്രഥമ ദൃഷ്ട്യാ അത് അഡ്ജ്യൂഡിക്കേഷൻ നടപടികൾക്കു കാരണമാകുന്ന ഒന്നല്ല എന്നതാണ് ഹർജിയുടെ വാദം.അതിനാൽ ഹർജി അപക്വമാണ് എന്ന വാദം കോടതി നിരാകരിക്കുന്നു.തുടർന്ന് കോടതി ED റിപ്പോർട്ടിലെ ആക്ഷേപങ്ങളെ സംബന്ധിച്ച് ഹർജ്ജിയിൽ ഉയർത്തിയ വാദങ്ങൾ പരിശോധിക്കുന്നു. പശ്ചാത്തല സൌകര്യ നിർമ്മിതിയ്ക്കായി സർക്കാർ അതിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തത് എങ്ങനെ റിയൽ എസ്റ്റേറ്റ് ഏർപ്പാടാകും എന്ന വാദത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ട് എന്നു കണ്ടെത്തുന്നു.2016 ലെ ആർബിഐ ചട്ടക്കൂടിൽ land purchase എന്നത് റിയൽ എസ്റ്റേറ്റ് എന്നതിനൊപ്പം നിഷിദ്ധ ലിസ്റ്റിലായിരുന്നു. എന്നാൽ 2019 ൽ ഇറക്കിയ പുതുക്കിയ ചട്ടക്കൂടിൽ land purchase നിഷിദ്ധ ലിസ്റ്റിൽ നിന്നും ഒഴിവാക്കി. 2019 ജനുവരി മാസം മുതൽ പുതുക്കിയ ചട്ടക്കൂടാണ് പ്രാബല്യത്തിലുള്ളത്. കിഫ്ബി മസാലാ ബോണ്ട് 2019 മാർച്ചിലാണ്. എങ്ങനെയാണ് 2016 ലെ കാലഹരണപ്പെട്ട ചട്ടക്കൂട് , 2018 ലെ സർക്കുലർ എന്നിവ കിഫ്ബി മസാലാ ബോണ്ടിന് ബാധകമാകുക എന്ന വാദവും വിശദ പരിശോധന ആവശ്യപ്പെടുന്നു എന്നു കോടതി കണ്ടെത്തുകയാണ്.2019-ലെ ചട്ടക്കൂടിലുള്ള നിഷിദ്ധ ലിസ്റ്റിൽ land purchase ഇല്ല എന്ന വാദവും റിയൽ എസ്റ്റേറ്റ് ഏർപ്പാടുകൾ മാത്രമേയുള്ളൂ എന്ന വാദവും പ്രാഥമികമായി പ്രസക്തമാണ് എന്നു പറയുന്നുണ്ട്. മാത്രമല്ല 2019 ലെ ചട്ടക്കൂടിൽ തന്നെ പശ്ചാത്തല സൗകര്യ നിർമ്മിതിയ്ക്കുള്ള നടപടികൾ ( infrastructure activities) റിയൽ എസ്റ്റേറ്റ് എന്നതിൽ നിന്നും പ്രത്യേകമായി ഒഴിവാക്കിയിട്ടുള്ളതും കോടതി ഇടക്കാല ഉത്തരവിൽ ഉദ്ധരിക്കുന്നുണ്ട്. പശ്ചാത്തല സൌകര്യ മേഖല എന്നാൽ എന്തൊക്കെ എന്ന യൂണിയൻ ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലെ നിർവ്വചനം കോടതി എടുത്തു ചേർത്തിട്ട് ഇവയിൽ പെടാത്ത ഏതെങ്കിലും മേഖലയിൽ മസാലാ ബോണ്ട് പണം മുടക്കിയതായി EDയ്ക്ക് കേസൊന്നും ഇല്ലല്ലോ എന്നാണ് ചോദിക്കുന്നുത്.ഹർജ്ജിയിലെ വാദങ്ങൾ വിശദ പരിശോധന ആവശ്യമാക്കുന്നവയാണ് എന്നുകണ്ട് കോടതി ഹർജ്ജി ഫയലിൽ സ്വീകരിച്ച് കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ മൂന്നു മാസക്കാലത്തേക്ക് സ്റ്റേ ചെയ്തു. ഒരേ കാരണം കാണിക്കൽ നോട്ടീസ് ആണ് മുഖ്യമന്ത്രിക്കും എനിക്കും കെ. എം. എബ്രഹാമിനും നല്കിയിരിക്കുന്നത്. അതിലാണ് തുടർ നടപടികൾ സ്റ്റേ ചെയ്തിട്ടുള്ളത് എന്നു പ്രത്യേകം മനസിലാക്കണം.ഇടക്കാല ഉത്തരവാണെങ്കിലും EDയുടെ റിപ്പോർട്ടിന്റെ പൊള്ളത്തരം അപ്പാടെ പൊളിച്ചുകാട്ടുന്നതാണ് ഹൈക്കോടതി ഉത്തരവ്.ഏതായാലും ED ഡിവിഷൻ ബഞ്ചിലേക്ക് പോവുകയല്ലേ? കോടതിയെ സമീപിക്കാതെ തന്നെ ഞങ്ങൾക്കെതിരായ തുടർ നടപടികൾ സ്റ്റേ ചെയ്യപ്പെട്ടത് ശരിയല്ലാ എന്നല്ലേ EDയുടെ വാദം. എന്നാൽ അങ്ങിനെയൊരു മനപ്രയാസം EDക്ക് വേണ്ട. ഞങ്ങളും ഹൈക്കോടതിയിൽ സ്റ്റേയ്ക്ക് റിട്ട് ഫയൽ ചെയ്യാം.The post ‘മുഖ്യമന്ത്രിയെയും എന്നെയും രാഷ്ട്രീയപരമായി വേട്ടയാടുക ലക്ഷ്യം’: കിഫ്ബി മസാലബോണ്ട് കേസില് ഇ ഡി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയതില് പ്രതികരിച്ച് തോമസ് ഐസക് appeared first on Kairali News | Kairali News Live.