ഭരണഘടനയില്‍ ഒതുങ്ങരുത് ന്യൂനപക്ഷാവകാശങ്ങള്‍

Wait 5 sec.

ന്യൂ നപക്ഷാവകാശ ദിനമാണ് ഡിസംബര്‍ 18. മതപരവും സാംസ്‌കാരികവും ഭാഷാപരവും വംശീയവുമായ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിനും തുല്യ അവസരങ്ങള്‍ക്കുമുള്ള അവകാശം ഉറപ്പ് വരുത്തുകയും അവരുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ന്യൂനപക്ഷങ്ങള്‍ക്ക് അസ്തിത്വം സംരക്ഷിച്ച് നിര്‍ഭയമായി ജീവിക്കാനുള്ള അവകാശം ഉറപ്പാക്കേണ്ടത് രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വമാണെന്ന് 1992 ഡിസംബര്‍ 18ന് യു എന്‍ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍വചന പ്രകാരം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ആധിപത്യം ഇല്ലാത്തതും പ്രത്യേക രാജ്യത്തിനുള്ളില്‍ സംഖ്യാപരമായി താഴ്ന്നതുമായ സമൂഹമാണ് ന്യൂനപക്ഷങ്ങള്‍. മതപരവും വംശപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ അവിഭാജ്യ ഘടകമാണ്.ജനാധിപത്യത്തിന്റെ ശക്തി അതാത് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെയും അവകാശങ്ങളെയും അടിസ്ഥാനമാക്കിയാണ് വിലയിരുത്തേണ്ടത്. “ഒരു രാജ്യം സ്വതന്ത്രമാണോ എന്ന് വിധിക്കുന്നതിനുള്ള ഏറ്റവും കൃത്യമായ പരീക്ഷണം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന സുരക്ഷയുടെ അളവാണെ’ന്ന ബ്രിട്ടീഷ് ചരിത്രകാരനും രാഷ്ട്രീയ ചിന്തകനുമായ ലോര്‍ഡ് ആക്ടണിന്റെ വാക്കുകള്‍ ശ്രദ്ധേയം. എങ്കിലും ലോകമെമ്പാടുമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ കടന്നാക്രമണങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ഭീതിദമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണിന്ന്.ജനാധിപത്യത്തിന് ചില രാജ്യങ്ങളില്‍ ഭൂരിപക്ഷാധിപത്യമെന്ന വ്യാഖ്യാനമുണ്ട്. ഭൂരിപക്ഷത്തിന് ന്യൂനപക്ഷങ്ങളുടെ മേല്‍ അധീശത്വം ഉണ്ടാകുകയും ഭൂരിപക്ഷം നല്‍കുന്ന ആനുകൂല്യങ്ങളില്ലാതെ ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. ഇന്ത്യയില്‍ പക്ഷേ ഭൂരിപക്ഷാധിപത്യം അനുവദിക്കുന്നില്ല. ഭരണഘടനയനുസരിച്ച് ഏത് ന്യൂനപക്ഷത്തിനും മതങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കും രാജ്യത്ത് അവകാശങ്ങളുണ്ട്. ഭൂരിപക്ഷത്തിന് അവരുടെ വര്‍ധിതമായ ജനസംഖ്യ കണക്കിലെടുത്ത് നിയമങ്ങള്‍ നിര്‍മിക്കാന്‍ അവകാശമില്ല.ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവെന്ന് ഭരണഘടനാ ശില്‍പ്പികളും ആദ്യകാല രാഷ്ട്ര നായകരും ഉണര്‍ത്തിയതാണ്. മതന്യൂനപക്ഷങ്ങളുടെ വിവിധ തലങ്ങളിലെ സംരക്ഷണം ഉള്‍ക്കൊള്ളുന്നതാണ് ഭരണഘടനയുടെ 14 മുതല്‍ 30 വരെയുള്ള വിവിധ ആര്‍ട്ടിക്കിളുകള്‍. എങ്കിലും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വിശേഷിച്ചും മുസ്‌ലിം സമൂഹം ഭരണതലത്തില്‍ കടുത്ത വിവേചനവും അവഗണനയും നേരിട്ടുകൊണ്ടിരിക്കുന്നു. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേകം അനുവദിച്ച അവകാശങ്ങള്‍ ഭരണഘടനാ ഭേദഗതിയിലൂടെ ഒന്നൊന്നായി ഇല്ലാതാക്കാനുള്ള തിടുക്കത്തിലാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍. മുസ്‌ലിം സ്ഥാപനങ്ങളും വീടുകളും കച്ചവട കേന്ദ്രങ്ങളും ഒന്നൊന്നായി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന പ്രവണത തുടരുന്നു. ഒരു ഭാഗത്ത് വീടുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ മറ്റൊരു ഭാഗത്ത് മുസ്‌ലിംകള്‍ക്ക് വാടകക്ക് പോലും വീടോ ഫ്ലാറ്റോ ലഭിക്കാത്ത അവസ്ഥ.മുസ്‌ലിംകളുടെ ഭക്ഷണരീതികള്‍, വസ്ത്രധാരണം, ആരാധനാ രീതികള്‍, ഭാഷ തുടങ്ങി എല്ലാം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ബിഹാറിലെ പാറ്റ്നയില്‍ ഒരു പൊതുചടങ്ങില്‍ മുസ്‌ലിം യുവതി മുഖവസ്ത്രം (നിഖാബ്) ധരിച്ചെത്തിയതില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അതൃപ്തി പ്രകടിപ്പിക്കുകയും നിഖാബ് പിടിച്ചു വലിക്കുകയും ചെയ്ത സംഭവം, മതേതരത്വം അവകാശപ്പെടുന്നവര്‍ പോലും മുസ്‌ലിം വസ്ത്രധാരണത്തിലും മറ്റും അസന്തുഷ്ടി പ്രകടിപ്പിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.ഹൈന്ദവ വിശേഷ ദിനങ്ങളില്‍ മസ്ജിദുകള്‍ ടാര്‍പ്പായ ഉപയോഗിച്ച് മറക്കേണ്ടി വരുന്നു. വര്‍ഗീയ കലാപങ്ങളിലും ഹിന്ദുത്വ നരനായാട്ടിലും ഇരകളായ മുസ്‌ലിംകളെ പ്രതി ചേര്‍ത്ത് കേസെടുക്കുന്ന പ്രവണത വ്യാപകം. മുസ്‌ലിംകള്‍ക്ക് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും താന്‍ രാജ്യത്തെ പൗരനാണെന്ന് ബോധ്യപ്പെടുത്തേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് നിലവില്‍. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ വിവേചനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയമാകുന്നത് മുസ്‌ലിംകളാണ്. ഭരണകൂടം മാത്രമല്ല, ജുഡീഷ്യറിയും ന്യൂനപക്ഷവിരുദ്ധ നിലപാടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സമീപ കാലത്തുണ്ടായ പല സുപ്രധാന കോടതി വിധികളും വ്യക്തമാക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയും ആഗോള മനുഷ്യാവകാശ സംഘടനകളും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയതാണ്.മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഈ അരക്ഷിതാവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മുസ്‌ലിംകളെ ദേശവിരുദ്ധരോ സംശയാസ്പദരോ ആയി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നു വാര്‍ത്താ മാധ്യമങ്ങള്‍. രാജ്യത്ത് നടക്കുന്ന ഏത് ഭീകരാക്രമണവും പ്രാഥമികാന്വേഷണം പോലും നടക്കുന്നതിന് മുമ്പേ മുസ്‌ലിംകളുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നു. ലവ് ജിഹാദും, യു പി എസ് സി- കൊവിഡ്- നാര്‍ക്കോട്ടിക്- മെഡിക്കല്‍ ജിഹാദുകളും മാധ്യമ പ്രയോഗങ്ങളാണല്ലോ.എങ്കിലും എല്ലാ വര്‍ഷവും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ (എന്‍ സി എം) ഡിസംബര്‍ 18ന് ന്യൂനപക്ഷാവകാശ ദിനം ആചരിച്ചു വരുന്നു. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഭരണകൂട നയങ്ങളിലും നിലപാടുകളിലും നിയമങ്ങളുടെ പ്രയോഗവത്കരണത്തിലും പുനര്‍വിചിന്തനത്തിനു അവസരം നല്‍കുന്നില്ലെങ്കില്‍ ആചരണം കൊണ്ടെന്ത് ഗുണം? കേവലം ആചരണങ്ങളിലോ പ്രഖ്യാപനങ്ങളിലോ ഒതുങ്ങരുത് ന്യൂനപക്ഷ അവകാശങ്ങള്‍. ഇതുസംബന്ധിച്ച ഭരണഘടനാ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും നിയമ സംവിധാനങ്ങളുടെ സ്വതന്ത്ര സ്വഭാവവും നിഷ്പക്ഷതയും ഉറപ്പാക്കുകയും ചെയ്യുന്ന ഒരു സാഹചര്യം നിലവില്‍ വരാന്‍ സഹായകമാകേണ്ടതാണ് ന്യൂനപക്ഷ ദിനാചരണം.