ന്യൂനപക്ഷങ്ങള്‍ക്കൊപ്പം കാലുറപ്പിച്ച്

Wait 5 sec.

ലോകത്താകെ ന്യൂനപക്ഷ സമൂഹം ഭീതിയുടെയും അടിച്ചമര്‍ത്തലുകളുടെയും മുമ്പില്‍ പകച്ചുനില്‍ക്കുന്ന കാലഘട്ടത്തിലാണ് ഈ വര്‍ഷത്തെ ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുന്നത്. സമത്വത്തിന്റെയും നീതിയുടെയും തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. 1992 ഡിസംബര്‍ 18ന് ഐക്യരാഷ്ട്രസഭ നടത്തിയ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയിലും ന്യൂനപക്ഷ അവകാശ ദിനം ആചരിച്ച് തുടങ്ങിയത്.ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് വിവേചനം നേരിടാതെ സ്വതന്ത്രമായി സ്വന്തം സംസ്‌കാരം സ്വീകരിക്കാനും മതവിശ്വാസം ആചരിക്കുവാനും ഭാഷ ഉപയോഗിക്കാനുമുള്ള അവകാശം ഈ പ്രഖ്യാപനം അടിവരയിടുന്നു. 1992ലെ ദേശീയ ന്യൂനപക്ഷ നിയമപ്രകാരം ദേശീയ ന്യൂനപക്ഷ കമ്മീഷനും ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളും നിലവില്‍ വന്നു. 2013 മേയ് 15നാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വന്നത്. സര്‍ക്കാര്‍ തലത്തില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പുകളുടെ വിതരണം, സംവരണം ഇവയെല്ലാം കമ്മീഷന്‍ നിരീക്ഷണ വിധേയമാക്കാറുണ്ട്. ന്യൂനപക്ഷ അവകാശം എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളുടെ ഒരു സുപ്രധാന ഘടകമാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ മികച്ച ജീവിത നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും ചില മേഖലകളില്‍ ഇപ്പോഴും പിന്നാക്കാവസ്ഥയുണ്ട്.ന്യൂനപക്ഷ വിഭാഗങ്ങളിലെ നിരവധി മനുഷ്യരുടെ ജീവിതത്തിന് കാവലാളാകുവാന്‍ കമ്മീഷന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം യുവതീയുവാക്കള്‍ക്ക് കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതി അതിന്റെ വിജയത്തില്‍ എത്തിനില്‍ക്കുകയാണ്.പുതിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ കമ്മീഷനെ സമീപിക്കാന്‍ സാധ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് വാട്ട്സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുന്നതിന് കമ്മീഷന്‍ തുടക്കം കുറിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മീഷനില്‍ വാട്ട്സ് ആപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങിയത്. ഇതുവഴി സംസ്ഥാനത്തെ 46 ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഞൊടിയിടയില്‍ കമ്മീഷനെ സമീപിക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനും അവരുടെ ആകുലതകള്‍ക്കും ആവലാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുന്നതിനും കഴിയും.സംസ്ഥാന സര്‍ക്കാര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പുതുതായി നടപ്പാക്കുന്ന “കെടാവിളക്ക്’ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ന്യൂനപക്ഷ വിഭാഗക്കാരെ ഒഴിവാക്കിയത് സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞയുടന്‍ തന്നെ കമ്മീഷന്‍ ഇടപെടുകയും ഒഴിവാക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളില്‍ അര്‍ഹരായവരെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഉള്‍പ്പെടുത്തുന്നതിനായി “മാര്‍ഗദീപം’ എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ച് 2024-25 ബജറ്റ് നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.സംസ്ഥാനമാകെ ശ്രദ്ധിച്ച മറ്റൊരു ഇടപെടലാണ് തിരുവനന്തപുരം മുതലപ്പൊഴി തീരത്തേത്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് നിരവധി മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയും മരണമടയുകയും ചെയ്തു. അടിയന്തര പ്രാധാന്യത്തോടെ വിഷയത്തില്‍ ഇടപെട്ട കമ്മീഷന്‍ ഫിഷറീസ് ഡയറക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, തീരദേശ പോലീസ് ഇന്‍സ്‌പെക്ടര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് എന്നിവരെ എതിര്‍കക്ഷികളാക്കി സ്വമേധയാ കേസെടുത്തു. ഇടപെടുക മാത്രമല്ല പൗരന് നീതി ലഭ്യമാക്കും വരെ അവരോടൊപ്പം നല്‍ക്കുക എന്നതാണ് ന്യൂനപക്ഷ കമ്മീഷന്റെ ഉറച്ച നിലപാട്.ഇനിയും പൂര്‍ത്തിയാക്കാന്‍ നിരവധി സ്വപ്‌നങ്ങള്‍ കമ്മീഷന്റെ മുമ്പിലുണ്ട്. ഉറച്ച നിലപാടുകളിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ കാവലാളായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉണ്ടാകുമെന്ന ഉറപ്പാണ് ഈ അവസരത്തില്‍ നല്‍കാനുള്ളത്. ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ലോകമെമ്പാടുമുള്ള മനുഷ്യരെ ഓര്‍ക്കുന്നു.(കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനാണ് ലേഖകന്‍)